ഗാസയില്‍ നിര്‍ണായക നീക്കത്തിന് ഇസ്രായേല്‍; ഗാസയെ പൂര്‍ണമായി കീഴടക്കാന്‍ സൈനിക നടപടി തുടങ്ങുന്നു; 60,000 റിസര്‍വ് സൈനികരെ വിളിച്ച് ഇസ്രായേല്‍; ജനസാന്ദ്രത കൂടിയ മേഖലകളിലെ സൈനിക നടപടി വലിയ വെല്ലുവിളി നിറഞ്ഞത്; പദ്ധതി പലസ്തീനികളെ ഒഴിപ്പിച്ചു കെട്ടിടങ്ങള്‍ തകര്‍ക്കാന്‍
ഗാസയില്‍ നിര്‍ണായക നീക്കത്തിന് ഇസ്രായേല്‍
ജറുസലേം: ഗാസയെ പൂര്‍ണമായി കീഴടക്കുന്ന സൈനികനടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാന്‍ ഇസ്രയേല്‍ കടക്കുന്നു. അന്‍പതിനായിരം റിസര്‍വ് സൈനികരെ സൈന്യത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹമാസ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന മേഖലകളിലായിരിക്കും സൈനിക നടപടി. ജനസാന്ദ്രത കൂടിയതാണ് ഈ മേഖലകളെന്നതിനാല്‍ വെല്ലുവിളി നിറഞ്ഞതാകും ഇത്.
അതേസമയം, ഗാസ കീഴടക്കലിനുള്ള മുന്നൊരുക്കം നിലവില്‍ ഗ്രൗണ്ടിലുള്ള ഇസ്രയേല്‍ സേന തുടങ്ങിക്കഴിഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ കഴിയുന്ന ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള സൈനിക നീക്കത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതായി ഇസ്രായേല്‍ സേന അറിയിച്ചു. ഇതിന്റെ ഭാഗമായി 60,000 റിസര്‍വ് സൈനികരെക്കൂടി വിളിപ്പിക്കും. നിലവില്‍ സേവനത്തിലുള്ള 20,000 റിസര്‍വ് സേനാംഗങ്ങള്‍ക്ക് തുടരാന്‍ നിര്‍ദേശം നല്‍കും.
ഇതുവരെയും ഇസ്രായേല്‍ കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയില്‍ പൂര്‍ണമായി ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ തകര്‍ക്കലുമടക്കം നടപ്പാക്കും. ഗസ്സ സിറ്റിയുടെ ഭാഗമായ സെയ്ത്തൂന്‍, ജബാലിയ എന്നിവിടങ്ങളില്‍ ഇതിനകം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രവും ഭരണസിരാ കേന്ദ്രവുമായ ഗസ്സ സിറ്റിയിലെ വിശാലമായ തുരങ്കങ്ങള്‍ക്കകത്താണ് ബന്ദികളെ പാര്‍പ്പിച്ചതെന്ന് ഇസ്രായേല്‍ കരുതുന്നു.
ഇവരുടെ കൊലപാതകത്തില്‍കൂടി കലാശിക്കുന്നതാകും കരസേനാ നീക്കം. ഗസ്സ സിറ്റിയിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കുന്നതിനെതിരെ സൈന്യത്തിനകത്തുതന്നെ കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ബന്ദികളുടെ കുടുംബങ്ങളും ഇതിനെതിരാണ്. ബന്ദി മോചനം ഉറപ്പാക്കി 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഹമാസ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. വെള്ളിയാഴ്ചക്കകം പ്രതികരിക്കാമെന്ന് ഇസ്രായേല്‍ അറിയിച്ചതിനിടെയാണ് പുതിയ പ്രഖ്യാപനം.
ഗാസയില്‍ വെടിനിര്‍ത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിര്‍ദേശത്തില്‍ ലോകം വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും ഇസ്രായേല്‍ അത് തള്ളുകയായിരുന്നു. മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തില്ലെന്നും ഗാസയില്‍ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇപ്പോള്‍ യുദ്ധം നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് സമ്മര്‍ദ്ദത്തില്‍ ആണെന്നും ഗാസ പൂര്‍ണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു.
ഇസ്രായേല്‍ കുരുതി തുടരുന്ന ഗസ്സയില്‍ 24 മണിക്കൂറിനിടെ ഭക്ഷണം കാത്തുനിന്ന 22 പേരടക്കം 56 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍ ഫലസ്തീന്‍ ദേശീയ ബാസ്‌കറ്റ് ബാള്‍ താരം മുഹമ്മദ് ഷാലാനും ഭക്ഷണം കാത്തുനില്‍ക്കെ സൈന്യം വെടിവെച്ചുകൊന്നവരിലുണ്ട്. ഖാന്‍ യൂനുസിലാണ് 40കാരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62,122 ആയി. പട്ടിണിമൂലം മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ പട്ടിണി മരണം 112 കുട്ടികളടക്കം 269 ആയി. വിമാനത്തില്‍നിന്ന് താഴേക്കിട്ട ഭക്ഷണപ്പൊതി വീണ് ദക്ഷിണ ഗസ്സയില്‍ വൃദ്ധനും മരിച്ചു. ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു.
അതിനിടെ, ഗസ്സയില്‍ സൈനിക നീക്കം ശക്തമാക്കിയതോടെ അതിര്‍ത്തി വഴി പലായന സാധ്യത കണക്കിലെടുത്ത് ഈജിപ്ത് സീനായ് മരുഭൂമിയില്‍ സൈനിക വിന്യാസം ശക്തിയാക്കി. വടക്കന്‍ സീനായില്‍ 40,000 സൈനികരാണുള്ളത്. ഫലസ്തീനികളെ കൂട്ടക്കുരുതി നടത്താന്‍ ഇസ്രായേല്‍ സൈന്യത്തെ സഹായിച്ച് മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയര്‍ നല്‍കുന്നതിനെതിരെ കമ്പനി ആസ്ഥാനത്ത് പ്രതിഷേധവുമായി തൊഴിലാളികള്‍. മൈക്രോസോഫ്റ്റിന്റെ അസൂര്‍ സോഫ്റ്റ് വെയറാണ് നിരീക്ഷണത്തിനും ആക്രമണത്തിനും സഹായകമാകുന്നതെന്നാണ് ആക്ഷേപം. ''തൊഴിലാളികളുടെ ഇന്‍തിഫാദയില്‍ പങ്കാളികളാകൂ- വംശഹത്യ നടത്താന്‍ തൊഴിലെടുക്കില്ല''- എന്ന ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം.