ഭൂകമ്പത്തിന്റെ പ്രഹരശേഷിയോടെ സ്‌ഫോടനങ്ങള്‍; റിക്ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ പ്രഹര ശേഷി; സിറിയയില്‍ ഇസ്രായേലിന്റെ അതിശക്തമായ ആക്രമണങ്ങള്‍; ടോര്‍ടസ് മേഖലയിലെ ആക്രമണങ്ങള്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ സംഭരണ കേന്ദ്രങ്ങളും തകര്‍ത്താന്‍ ലക്ഷ്യമിട്ട്

Update: 2024-12-16 04:41 GMT

ഡമാസ്‌ക്കസ്: സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സിറിയ നേരിട്ട ഏറ്റവും ശക്തമായ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അതിശക്തമായ സ്ഫോടനങ്ങളാണ് ഇസ്രയേല്‍ സിറിയയില്‍ നടത്തിയത്. സ്ഫോടനത്തിന്റെ ശക്തി ഭൂകമ്പത്തിന് തുല്യമായിരുന്നു എന്നാണ് പിന്നീട് അധികൃതര്‍ വ്യക്തമാക്കിയത്. ഭൂകമ്പം അളക്കുന്ന റിക്ടര്‍ സ്‌കെയിലില്‍ പോലും ഈ സ്ഫോടനത്തിന്റെ തോത് രേഖപ്പെടുത്തിയിരുന്നു.

അത്രത്തോളം ശക്തമായിരുന്നു ഈ ആക്രമണം എന്നാണ് സിറിയന്‍ അധികൃതരും വ്യക്തമാക്കുന്നത്. സിറിയയിലെ തീരദേശ മേഖലയായ ടോര്‍ടസ് ലക്ഷ്യമിട്ടാണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. സിറിയയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ സംഭരണ കേന്ദ്രങ്ങളും എല്ലാം ആക്രമണത്തില്‍ തകര്‍ന്നു. സിറിയയിലെ തീരദേശ മേഖലകളില്‍ 2012 ന് ശേഷം നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്നലെ നടന്നതെന്നാണ് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നത്.

സ്ഫോടനത്തിന്റെ തോത് റിക്ടര്‍ സ്‌ക്കെയിലില്‍ 3.0 രേഖപ്പെടുത്തിയിരുന്നു. ഇസ്രേയല്‍ ആക്രമണം നടത്തിയ സ്ഥലങ്ങളില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരുന്നു എന്നാണ് സ്ഫോടനത്തിന്റെ ശക്തി സൂചിപ്പിക്കുന്നത്. അതിശക്തമായ തോതില്‍ സ്ഫോടനം നടക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിറിയയില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട നയതന്ത്ര പ്രതിനിധികളെ ഇതിനോചകം തന്നെ റഷ്യ നാട്ടിലേക്ക് തിരികെ എത്തിച്ചിരുന്നു.

ടോര്‍ട്സ് മേഖലയില്‍ റഷ്യക്ക് 1971 മുതല്‍ തന്നെ നാവിക കേന്ദ്രം സ്വന്തമായിട്ടുണ്ട്. 2015 ല്‍ സിറിയയില്‍ ആഭ്യന്തര കലാപം ഉണ്ടായ സമയത്ത് അവരെ അടിച്ചമര്‍ത്തുന്നതിനായി റഷ്യന്‍ സൈന്യം എത്തിയത് ഇത് വഴി ആയിരുന്നു. 2017 ല്‍ അസദ് റഷ്യന്‍ പ്രതിരോധ സേനക്ക് 49 വര്‍ഷത്തേയ്ക്ക് ഈ മേഖല പാട്ടത്തിനും നല്‍കിയിരുന്നു. 2015 മുതല്‍ സിറിയയിലെ ഹെമിം മേഖലയില്‍ റഷ്യക്ക് വ്യോമസേനാ താവളവും ഉണ്ട്. ഇവയ്ക്കെല്ലാം തന്നെ റഷ്യന്‍ സൈന്യത്തിന്റെ അതിശക്തമായ സംരക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ 'സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്' പറഞ്ഞു. സിറിയയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇനി ഇസ്രയേലിനുമുന്നില്‍ കാരണങ്ങളൊന്നുമില്ലെന്ന് വിമതവിപ്ലവത്തിന് നേതൃത്വം നല്‍കിയ ഹയാത് തഹ്രീര്‍ അല്‍ ഷാമിന്റെ നേതാവ് അബു മുഹമ്മദ് അല്‍ ജൊലാനി പറഞ്ഞു.

ഇസ്രയേല്‍ പ്രതിരോധസേനയുടെ ആക്രമണങ്ങള്‍ പരിധിവിട്ടിരിക്കുകയാണ്. വര്‍ഷങ്ങളോളംനീണ്ട യുദ്ധത്തിലും സംഘര്‍ഷങ്ങളിലും തകര്‍ന്ന സിറിയയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും ജൊലാനി വ്യക്തമാക്കി. സിറിയയെ നശിപ്പിക്കുന്ന സംഘര്‍ഷങ്ങളല്ല, രാജ്യത്തിന്റെ പുനര്‍നിര്‍മാണമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവകാശപ്പെട്ടു. സിറിയയെ ആക്രമണത്തിനുള്ള വേദിയാക്കിയത് ഇറാനാണെന്നും അതിന് അന്ത്യംകുറിക്കാന്‍ വിപ്ലവത്തിലൂടെ സാധിച്ചെന്നും അവരുമായി ശത്രുതയില്ലെന്നും ജൊലാനി പറഞ്ഞു.

ആഭ്യന്തരയുദ്ധകാലത്ത് സാധാരണജനങ്ങളെ ആക്രമിച്ച റഷ്യന്‍സൈന്യത്തെ ജൊലാനി കടന്നാക്രമിച്ചെങ്കിലും പൊതുതാത്പര്യം കണക്കിലെടുത്ത് റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാവുന്നതാണെന്നും പറഞ്ഞു. അതിനിടെ, അസദിന്റെ ശക്തികേന്ദ്രങ്ങളില്‍ ശനിയാഴ്ച വിമതര്‍ക്കുനേരേയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ മരിച്ചു. മെഡിറ്ററേനിയന്‍ തീരനഗരങ്ങളായ ലടാകിയ, ടാര്‍ട്ടസ്, ബജ്ലഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. തുര്‍ക്കി അനുകൂല സുന്നിസംഘടനായ ഫയ്‌ലാഖ് അല്‍ ഷാമിലെ അംഗങ്ങളാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് 11 ദിവസത്തെ വിപ്ലവത്തിനൊടുവില്‍ എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള വിമതസഖ്യം അസദ് ഭരണകൂടത്തെ അട്ടിമറിച്ച് തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചത്.

Tags:    

Similar News