ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിനെ നിരായുധീകരിക്കണം; ഇസ്രായേലിന്റെ നാശം ആഗ്രഹിക്കാത്ത സിവിലിയന്‍ ഭരണത്തിന് ഗാസ കൈമാറും; ഗാസ ഭരിക്കാതെ കീഴടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതി ഇങ്ങനെ; പദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭയും; ഗാസ ഏറ്റെടുക്കുന്നത് ഇസ്രായേലിന്റെ കാര്യമെന്ന് പറഞ്ഞ് ട്രംപും
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിനെ നിരായുധീകരിക്കണം
ടെല്‍ അവീവ്: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഗാസ മുനമ്പ് മുഴുവന്‍ സൈനിക നിയന്ത്രണത്തില്‍ ഏറ്റെടുക്കാനും പിന്നീട് സായുധ സേനയ്ക്ക് കൈമാറാനും ഇസ്രായേല്‍ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ ഈ മേഖല നിലനിര്‍ത്താനോ ഭരിക്കാനോ' ആഗ്രഹിക്കുന്നില്ലെന്നും, മറിച്ച് ശരിയായി ഭരിക്കുന്ന സായുധ സേനയ്ക്ക് അത് കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയുടെ മുഴുവന്‍ നിയന്ത്രണവും ഇസ്രായേല്‍ ഏറ്റെടുക്കുമോ എന്ന് ചോദ്യത്തിന് നെതന്യാഹു പറഞ്ഞത് തങ്ങള്‍ക്ക് അത് നിലനിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നും ഒരു സുരക്ഷാ പരിധി വേണമെന്നുമാണ്. ഇസ്രയേലിന് ഗാസ ഭരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഒരു ഭരണസമിതിയായി അവിടെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ ഗാസയിലെ സൈനിക നടപടി വിപുലീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി നെതന്യാഹു ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രായേല്‍ സൈനികരെയും കുടിയേറ്റക്കാരെയും പിന്‍വലിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ പൂര്‍ണ്ണമായ അധിനിവേശം നടത്തുന്നതിനുള്ള ഒരു തീരുമാനം ഈ ചര്‍ച്ചയില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കൂടിയാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്, ഹമാസിനെ അവിടെ നിന്ന് നീക്കം ചെയ്യുക, എല്ലാ ജനങ്ങളെയും ഹമാസില്‍ നിന്ന് സ്വതന്ത്രരാക്കുക, ഹമാസോ ഇസ്രായേലിന്റെ നാശം ആഗ്രഹിക്കാത്ത സിവിലിയന്‍ ഭരണത്തിന് അത് കൈമാറുക എന്നതാണ് ലക്ഷ്യമെന്നാണ് നെതന്യാഹു പറയുന്നത്.
ഹമാസിന്റെ ഭീകരതയില്‍ നിന്ന് ഇസ്രേയലിനേയും ഗാസയിലെ ജനങ്ങളെയും മോചിപ്പിക്കുക എന്നതാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ നിരായുധീകരണം, ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 പേര്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന 50 ബന്ദികളെയും തിരികെ കൊണ്ടുവരല്‍, ഗാസ മുനമ്പില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, ഗാസ മുനമ്പിന്മേല്‍ ഇസ്രായേലിന്റെ സുരക്ഷാ നിയന്ത്രണം, ഹമാസോ പലസ്തീനിയന്‍ അതോറിറ്റിയോ അല്ലാത്ത ഒരു ബദല്‍ ഭരണകൂടം തുടങ്ങിയ ആവശ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേല്‍ മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ പ്രസ്താവനയില്‍ ബദല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നില്ല. ഗാസ മുനമ്പ് പിടിച്ചടക്കുന്നത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് അധിനിവേശം ഗാസ സിറ്റി എന്നതിലേക്ക് മാത്രമായി ഇസ്രയേല്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്.
ഗാസയുടെ 75 ശതമാനം ഭാഗങ്ങളും ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്. അവശേഷിക്കുന്ന 25 ശതമാനത്തില്‍ മധ്യ ഗാസയിലെ നിരവധി അഭയാര്‍ത്ഥി ക്യാമ്പുകളും,ഗാസ സിറ്റിയും ഉള്‍പ്പെടുന്നു. അവശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് സൈന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ സമ്പൂര്‍ണ്ണ പിടിച്ചെടുക്കല്‍ ഘട്ടം ഘട്ടമായിരിക്കുമെന്നതിന്റെ സൂചനയാണ് ആദ്യം ഗാസ സിറ്റി കീഴടക്കാനുള്ള നീക്കത്തിന് പിന്നില്‍. ഏകദേശം 800,000 ആളുകള്‍ താമസിക്കുന്ന ഗാസ സിറ്റിയില്‍ നിന്ന് ഒഴിപ്പിക്കലിന് സൈനിക നടപടിക്ക് ആവശ്യമായി വന്നേക്കാം.
ഗാസയില്‍ സൈനികനടപടി വിപുലീകരിക്കാനുള്ള ഇസ്രയേല്‍ശ്രമത്തെ ഹമാസ് അപലപിച്ചിട്ടുണ്ട്. വ്യക്തിതാത്പര്യങ്ങള്‍ക്കുവേണ്ടി നെതന്യാഹു ബന്ദികളെ ബലിയാടാക്കുകയാണെന്നും ആരോപിച്ചു. അതേസമയം, ഗാസ ഏറ്റെടുക്കുന്ന കാര്യം തീര്‍ത്തും ഇസ്രായേലിന്റെ തീരുമാനമാണ് എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെടുന്നത്. ഗാസയിലെ ഇസ്രായേലി ബന്ദികളായ എവ്യതാര്‍ ഡേവിഡ്, റോം ബ്രാസ്ലാവ്‌സ്‌കി എന്നിവരുടെ ദയനീയമായ വീഡിയോകള്‍ ഇസ്രായേലില്‍ പ്രതിഷേധത്തിന് കാരണമായി.
670 ദിവസത്തിലധികം തടവില്‍ കഴിഞ്ഞ ശേഷം അവരെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യവും ഉയരുകയാണ്. 2023 ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തില്‍ ഹമാസ് തീവ്രവാദികള്‍ ഏകദേശം 1,200 പേരെ കൊന്നു. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. 251 പേരെ തട്ടിക്കൊണ്ടുപോയി. ഇപ്പോഴും 50 പേരെ ബന്ദികളാക്കിയിട്ടുണ്ട്, അവരില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. ഇസ്രായേലിന്റെ തിരിച്ചടിയില്‍ 61,000 ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.