അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ഒരു ലിബിയന്‍ പൗരനെ വിട്ടയച്ചു; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; കേസിനെ കുറിച്ച് വീഡിയോയിലുടെ വെളിപ്പെടുത്തി ജോര്‍ജിയ മെലോണി

ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം

Update: 2025-01-29 12:25 GMT

റോം: ഇറ്റലിയുടെ പ്രധാനമന്ത്രിയുടെ പേരില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ഒരു ലിബിയന്‍ പൗരനെ വിട്ടയച്ചതിന്റെ പേരിലാണ് പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോണിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവായിരിക്കുന്നത്. മെലോണി തന്നെയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വീഡിയോയിലൂടെ പുറത്തു വിട്ടത്.

വഞ്ചന , കുറ്റകൃത്യത്തിന് സഹായം തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഒസാമ നജിം എന്ന ലിബിയയുടെ പോലീസ് മേധാവി ആയിരുന്ന വ്യക്തിയെയാണ് ഇറ്റലി വിട്ടയച്ചത്. അല്‍ മസാരി എന്നും ഇയാള്‍ക്ക് പേരുണ്ട്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ കുപ്രസിദ്ധമായ തടങ്കല്‍പ്പാളയത്തിന്റ ഡയറക്ടര്‍ കൂടിയായിരുന്നു ഇയാള്‍.

ഈ മാസം 21 നാണ് ഇറ്റലിയില്‍ വെച്ച് ഇയാള്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമപരമായ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാളെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറയുന്നത് ഇറ്റലി അവരുമായി കൂടിയാലോചിക്കാതെയാണ് നജീമിനെ വിട്ടയച്ചത് എന്നാണ്.

ഇയാള്‍ക്ക് വേണ്ടി ഇതേ കോടതി വീണ്ടും ഇയാളുടെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഇറ്റാലിയന്‍ സര്‍ക്കാരിനോട് ഇക്കാര്യത്തില്‍

വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവുകള്‍ ഒന്നും തന്നെ ഇറ്റലിയിലെ കോടതികള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് മെലോണി വിശദീകരിക്കുന്നത്. ഇയാളെ അത് കൊണ്ടാണ് പ്രത്യേക വിമാനത്തില്‍ നാടു കടത്തിയതെന്നാണ് അവര്‍ വിശദീകരിക്കുന്നത്.

നജീം അപകടകാരിയാണ് എന്നത് കൊണ്ടാണ് നാടുകടത്തിയത് എന്നാണ് ഇറ്റാലിയന്‍ നിയമമന്ത്രി വ്യക്തമാക്കുന്നത്. എന്നാല്‍ ഇയാളെ വി്ട്ടയച്ചതിന് എതിരെ ആംനസ്ററി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്ത് എത്തിയിരുന്നു. ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയ വ്യക്തിയാണ് നജീം എന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. ഇറ്റലിയുടെ വിമാനത്തില്‍ ലിബിയന്‍ തലസ്ഥാനത്ത് എത്തിയ നജീമിന് വരവേല്‍പ്പ് നല്‍കുന്ന ചിത്രങ്ങളും സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇററാലിയന്‍ സര്‍ക്കാരും അന്വേഷണം നടത്തുകയാണ്.

തന്നെ വെറുതേ ഇരയാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് മെലോണി പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഇരവാദം ഉയര്‍ത്തുന്നത് പതിവാണെന്നാണ് പ്രതിപക്ഷം തിരിച്ചടിക്കുന്നത്. 2022 മുതല്‍ ഇറ്റലിയിലെ പ്രധാനമന്ത്രിയാണ് മെലോണി. ഇറ്റലിയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കുമെന്നാണ് അവര്‍ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളത്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ലിബിയയുടെ സഹായം തേടിയ മെലോണി അവര്‍ക്ക് പല സഹായങ്ങളും ചെയ്തു കൊടുത്തു എന്ന ആരോപണം കൂടി നേരിടുകയാണ്.

Tags:    

Similar News