ഇടത്- ഇസ്ലാമിക് രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് മുന്‍ ലേബര്‍ ലീഡര്‍ കോര്‍ബിന്റെ പുതിയ പാര്‍ട്ടിക്ക് തുടക്കം; രാജിവച്ച ലേബര്‍ എംപി സുല്‍ത്താനക്ക് പേരിനെ കുറിച്ച് സംശയം; ഫലസ്തീന്‍ വാദികള്‍ ഒരുമിച്ച് ലക്ഷ്യമിടുന്നത് ലേബര്‍ പാര്‍ട്ടിയുടെ നാശം

ഇടത്- ഇസ്ലാമിക് രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് മുന്‍ ലേബര്‍ ലീഡര്‍ കോര്‍ബിന്റെ പുതിയ പാര്‍ട്ടിക്ക് തുടക്കം

Update: 2025-07-25 00:37 GMT

ലണ്ടന്‍: മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്റെ പുതിയ പാര്‍ട്ടിയുടെ തുടക്കം ഒരു പ്രഹസനമായി മാറി. പാര്‍ട്ടിക്ക് ഒരു പേര് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് സഹ നേതാവും മുന്‍ ലേബര്‍ എം പിയുമായ സാറാ സുല്‍ത്താന പറയുന്നത്. സ്വതന്ത്ര എം പിയായ കോര്‍ബിനോടൊപ്പം നിലകൊള്ളുന്നതിനായിട്ടായിരുന്നു സാറാ സുല്‍ത്താന ലേബര്‍ പാര്‍ട്ടി വിട്ടത്. 'യുവര്‍ പാര്‍ട്ടി' എന്ന പേരുലുള്ള വെബ്‌സൈറ്റ് വഴി പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.

കോര്‍ബിന്റെ നിയന്ത്രണത്തിലുള്ള ഒരു ബിസിനസ്സ് സ്ഥാപനമാണ് ഈ വെബ്‌സൈറ്റിന്റെ നടത്തിപ്പുകാര്‍, നിങ്ങളുടേതായ (ജനങ്ങളുടെ) ഒര്‍ പാര്‍ട്ടി, ഒരു പുതിയ രൂപത്തിലുള്ള പാര്‍ട്ടി ഇപ്പോള്‍ ആവശ്യമാണെന്നാണ് വെബസൈറ്റില്‍ പറയുന്നത്. എന്നാല്‍, സാറാ സുല്‍ത്താനയുടെ പ്രസ്താവനക്ക് ശേഷം പാര്‍ട്ടിയുടെ പേര് എന്താണെന്ന കാര്യത്തില്‍ പോലും ആശയക്കുഴപ്പ്ം ഉണ്ടായിരിക്കുകയാണ്. വെബ്‌സൈറ്റിനെ കുറിച്ചുള്ള വാര്‍ത്ത വന്നതിനു പിന്നാലെയാണ് 31 കാരിയായ സുല്‍ത്താന്‍ സമൂഹമാധ്യമങ്ങളില്‍ എത്തി 'യുവര്‍ പാര്‍ട്ടി' എന്നത് പാര്‍ട്ടിയുടെ പേരല്ലെന്ന് പറഞ്ഞത്.

ലേബര്‍ പാര്‍ട്ടിയിലെ മുന്‍ സഹപ്രവര്‍ത്തകനായ മൈക്ക് ടാപ് സുല്‍ത്താനയുടെ പോസ്റ്റിനോട് ചിരിക്കുന്ന ഒരു സ്മൈലി ഇട്ടാണ് പ്രതികരിച്ചത്. ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ഒരു പാര്‍ട്ടിയെ കുറിച്ച് ഇതിനോടകം തന്നെ രണ്ട് തവണ ജനങ്ങള്‍ വിധിയെഴുതിയിട്ടുണ്ട് എന്നാണ് ലേബര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. അതേസമയം, 'യുവര്‍ പാര്‍ട്ടി' എന്നത് ഇടക്കാലത്തേക്ക് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി നല്‍കിയ പേരാണെന്നും, ഇലക്റ്ററല്‍ കമ്മീഷനില്‍ റെജിസ്റ്റര്‍ ചെയ്യുമ്പോള്‍ പക്ഷെ,ഇതായിരിക്കില്ല പാര്‍ട്ടിയുടെ പേരെന്നും കോര്‍ബിന്റെ അനുയായികള്‍ പിന്നീട് വ്യക്തമാക്കി.

കടുത്ത ഇടതുപക്ഷക്കാരനാണ് കോര്‍ബിന്‍. ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ സമാനമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് സാറാ സുല്‍ത്താനയും. ബ്ലോോക്ക്‌ബേണില്‍ നിന്നുള്ള സ്വതന്ത്ര എം പിയായ അഡ്‌നാന്‍ ഹുസ്സൈനും ഇവരുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത സംഘടനയായ പാലസ്തീക് ആക്ഷനു വേണ്ടി പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തിയവരാണ് ജെറെമി കോര്‍ബിനും സാറാ സുല്‍ത്താനയും. എന്നാല്‍, പാര്‍ലമെന്റിനകത്ത് ലഭിക്കുന്ന സംരക്ഷണം മൂലം, തീവ്രവാദ വിരുദ്ധ നിയമമനുസരിച്ച് ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കാനായിരുന്നില്ല.

മാത്രമല്ല, അടുത്ത കാലത്ത്, മാഡ്രിഡില്‍ നടന്ന ഒരു പാലസ്തീന്‍ അനുകൂല പരിപാടിയില്‍ സുല്‍ത്താന പങ്കെടുക്കുകയും ചെയ്തിരുന്നു. പാലസ്തീന്‍ സോളിഡാരിറ്റി കാംപെയിന്‍ റസ്സല്‍ സ്‌ക്വയര്‍ മുതല്‍ വൈറ്റ്‌ഹോള്‍ വരെ ശനിയാഴ്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് സുല്‍ത്താന സംസാരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നല്‍കുന്ന വ്യക്തമായ സൂചനകള്‍, ഇടതുപക്ഷ - ഇസ്ലാമിസ്റ്റ് ആശയങ്ങളായിരിക്കും പുതിയ പാര്‍ട്ടിയുടെ മുഖമുദ്ര എന്നതാണ്.

2015 ലും 2020 ലും തെരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിയെ നയിച്ച വ്യക്തിയാണ് ജെറെമി കോര്‍ബിന്‍. പാര്‍ട്ടിക്കുള്ളിലെ യഹൂദവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു. 2024 ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും പിന്നീട്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയുമായിരുന്നു. 2025 ല്‍ സര്‍ക്കാരിന്റെ ടു ചൈല്‍ഡ് ബെനെഫിറ്റ് നയത്തില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തതിനായിരുന്നു സുല്‍ത്താനക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്.

Tags:    

Similar News