ഫലസ്തീന്‍ വിഷയത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ് പ്രസിഡന്റ്; 'പലസ്തീനെ രാജ്യമായി അംഗീകരിക്കും'; സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് മാക്രോണ്‍; ഇസ്രയേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ ഫലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ്

ഫലസ്തീന്‍ വിഷയത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ് പ്രസിഡന്റ്

Update: 2025-07-25 00:53 GMT

ന്യൂയോര്‍ക്ക്: പലസ്തീന്‍ പ്രശ്‌നത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ് രംഗത്തെത്തി. ഫലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ പുതിയ ദിശയാണ് ഉണ്ടായിരിക്കുന്നത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനര്‍ നിര്‍മ്മിക്കുകയും വേണമെന്നും എക്‌സില്‍ കുറിച്ചു. ഇസ്രയേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന് പൂര്‍ണ അധികാരമുണ്ടെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം കഴിഞ്ഞ ദിവസമാണ് ഇസ്രായേലി പാര്‍ലമെന്റായ നെസറ്റ് പാസാക്കിയത്. ജോര്‍ദാന്‍ വാലിയിലും ഇസ്രായേലിന് ചരിത്രപരമായ അവകാശമുണ്ടെന്ന് പ്രമേയം പറയുന്നു. നെസറ്റിലെ 71 അംഗങ്ങളില്‍ 13 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടുചെയ്തത്. ചില പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ജൂതന്‍മാരുടെ ആത്മീയഭൂമിയുടെ ചരിത്രപരവും സാംസ്‌കാരികപരവുമായ ഭാഗമാണ് വെസ്റ്റ്ബാങ്കെന്നും ഇനി ഫലസ്തീന്‍ രാഷ്ട്രം അജണ്ടയില്‍ ഇല്ലെന്നും ജൂതന്‍മാര്‍ പ്രഖ്യാപിച്ചു.

വെസ്റ്റ്ബാങ്കില്‍ പൂര്‍ണമായും ഇസ്രായേലി അധികാരവും നിയമവും ഭരണവും സ്ഥാപിക്കാനും നെസറ്റ് തീരുമാനിച്ചു. ദൈവികപ്രവചനങ്ങള്‍ നടപ്പാവുകയാണെന്നും ലോകത്തെ ഇസ്രായേലിന്റെ സുഹൃത്തുക്കളെല്ലാം പിന്തുണയ്ക്കണമെന്നും പ്രമേയം പറയുന്നു. 1967ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ജോര്‍ദാനില്‍ നിന്നും പിടിച്ചെടുത്ത ജെറുസലേം ഒഴിച്ചുള്ള പ്രദേശങ്ങള്‍ താല്‍ക്കാലിക അധിനിവേശത്തിലാണെന്നാണ് ഇസ്രായേലി നിയമം പറയുന്നത്. ആ പ്രദേശങ്ങളുടെ നിയമപരമായ ഗവര്‍ണര്‍ ഇസ്രായേലി സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡാണ്.

1990കളില്‍ ഇസ്രായേലും പിഎല്‍ഒയും ഒപ്പിട്ട ഓസ്ലോ കരാറുകള്‍ പ്രകാരം ഈ പ്രദേശങ്ങലെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഫലസ്തീനികള്‍ കൂടുതലുള്ള പ്രദേശങ്ങളെ എയെന്നാണ് വിളിക്കുന്നത്. അവയില്‍ ഫലസ്തീന്‍ അതോറിറ്റിക്കാണ് അധികാരം. ബി പ്രദേശങ്ങളിലെ ഭരണം ഫലസ്തീന്‍ അതോറിറ്റിക്കാണെങ്കില്‍ പോലിസ് നടപടിയിലെ അധികാരം ഇസ്രായേലിനാണ്. സി പ്രദേശങ്ങള്‍ ഇസ്രായേലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. നിലവില്‍ അഞ്ചുലക്ഷം ജൂത കുടിയേറ്റക്കാരാണ് സി പ്രദേശങ്ങളില്‍ അതിക്രമിച്ചു കയറിയിരിക്കുന്നത്. അവയെ നിയമവിരുദ്ധ കുടിയേറ്റമായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.

അതിനിടെ ഗസയിലേക്കുള്ള അതിര്‍ത്തി അടച്ചുപൂട്ടിയതില്‍ ഹേഗിലെ ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ച് നെതര്‍ലന്‍ഡ്‌സിലെ ആക്റ്റിവിസ്റ്റുകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് ആക്റ്റിവിസ്റ്റുകള്‍ ചങ്ങലയിട്ട് പൂട്ടുകയായിരുന്നു. ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ് അനസ് ഹബീബ് ഫോണില്‍ സ്വയം ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് എംബസിക്കെതിരായ പ്രതിഷേധം ചര്‍ച്ചയായത്. ഹേഗിലെ എംബസി കെട്ടിടത്തിലേക്ക് പോകുന്ന വീഡിയോയാണ് അനസ് പുറത്തുവിട്ടത്.

ഗസയ്ക്കും ഈജിപ്തിനും ഇടയിലുള്ള സുപ്രധാനമായ ക്രോസിങ് മേഖലയാണ് റഫ. എന്നാല്‍ റഫ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് ഇതുവരെ തയ്യാറായിട്ടില്ല. ഇസ്രഈലിന്റെ ഉപരോധത്തിലും ആക്രമണത്തിലും ഫലസ്തീനികള്‍ മരിച്ചുവീഴുന്ന സാഹചര്യത്തിലും അതിര്‍ത്തി തുറക്കില്ലെന്ന തീരുമാനത്തിലാണ് ഈജിപ്ത് തുടരുന്നത്.

ഇസ്രഈല്‍ ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ നാലര മാസമായി യു.എന്‍ ഏജന്‍സിയായ അനര്‍വയുടെ സഹായ ട്രക്കുകള്‍ ഈജിപ്തിലും ജോര്‍ദാനിലുമായി കുടുങ്ങിക്കിടക്കുകയാണ്. നേരത്തെ റഫ അതിര്‍ത്തിയിലൂടെ ഗസയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എന്‍ പ്രവര്‍ത്തകരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുക്കുകയും ആക്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അനസ് ഹബീബ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചാണ് അദ്ദേഹം എംബസിയുടെ ഗേറ്റ് പൂട്ടിയത്. റഫ അതിര്‍ത്തി തുറക്കുന്നതുവരെ ഗേറ്റില്‍ നിന്ന് സൈക്കിള്‍ ചെയിന്‍ മാറ്റില്ലെന്ന് അനസ് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ഉപരോധം താനല്ല ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈജിപ്താണെന്നും അനസ് ഹബീബ് പറഞ്ഞു.

അനസ് ഹബീബിന് പുറമെ നെതര്‍ലന്‍ഡ്‌സിലെ നിരവധി ആക്റ്റിവിസ്റ്റുകള്‍ സമാനമായ രീതിയില്‍ ഈജിപ്തിനെതിരെ പ്രതിഷേധിച്ചു. ബുധനാഴ്ച്ച ഹേഗിലെ ഈജിപ്ഷ്യന്‍ എംബസിക്ക് മുന്നില്‍ വലിയ പ്രതിഷേധമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം, ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതോടെ 80 കുട്ടികള്‍ ഉള്‍പ്പെടെ 113 ഫലസ്തീനികള്‍ പട്ടിണി മൂലം മരണപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മാത്രം പോഷകാഹാര കുറവ് മൂലം മരിച്ചത് 15 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ 79 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 453 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 59,587 പലസ്തീനികളെ കൊല്ലുകയും 143,498 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News