ചൈനക്കും മെക്സിക്കോക്കും കാനഡക്കും ഏര്‍പ്പെടുത്തിയ പ്രത്യേക താരിഫില്‍ ഞെട്ടി ലോകം; യൂറോപ്യന്‍ യൂണിയനും ഭീഷണി; അതിരൂക്ഷമായി തിരിച്ചടിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച് മെക്സിക്കോ: ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണമായേക്കും

ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണമായേക്കും

Update: 2025-02-03 07:18 GMT

വാഷിങ്ടണ്‍: പുതിയ ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട് ചൈനയ്ക്കും അയല്‍രാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ ശക്തമായ എതിര്‍്പ്പുമായി ഈ രാജ്യങ്ങള്‍ രംഗത്തെത്തി. ട്രംപിന്റെ ഈ നീക്കത്തോട് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധികനികുതി ചുമത്തി കാനഡ കഴിഞ്ഞദിവസം തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കക്കൊപ്പം നിന്നിട്ടുണ്ടെന്നുള്ള കാര്യം ഓര്‍ക്കണമെന്നും അമേരിക്കയെ സുവര്‍ണകാലഘട്ടത്തിലേക്ക് നയിക്കാനുള്ള മാര്‍ഗം കാനഡയുമായുള്ള പങ്കാളിത്തമാണെന്നും ട്രൂഡോ പറഞ്ഞു.

കാനഡക്കാരോട് യു.എസ്. കാണിച്ചത് വഞ്ചനയാണ്. അഫ്ഗാനിസ്താനില്‍ യു.എസിനൊപ്പം കനേഡിയന്‍സൈന്യം പോരാട്ടത്തിനിറങ്ങി. കാലിഫോര്‍ണിയയിലെ കാട്ടുതീമുതല്‍ കത്രീനാ ചുഴലിക്കാറ്റുവരെയുള്ള പ്രതിസന്ധികളിലെല്ലാം കാനഡ യു.എസിനൊപ്പം നിന്നു. അത് അമേരിക്കക്കാര്‍ ഓര്‍ക്കണം. നോര്‍മാന്‍ഡി ബീച്ചില്‍ നിന്ന് കൊറിയ വരെ, കാണ്ഡഹാര്‍ തെരുവുകള്‍ വരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഒരുമിച്ച് പോരാടുകയും മരിക്കുകയും ചെയ്തു. - ട്രൂഡോ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയെ പുതിയൊരു സുവര്‍ണകാലഘട്ടത്തിലേക്ക് നയിക്കണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഏറ്റവും മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും അല്ലാതെ തങ്ങളെ ശിക്ഷിക്കലല്ലെന്നും ട്രൂഡോ പറഞ്ഞു. നേരത്തേ രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് എത്തുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25% ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തിരിച്ചടിയെന്നോണമാണ് കാനഡയുടെ നടപടി.

പ്ലാന്‍ ബിയുമായി മെക്‌സിക്കോ

അമേരിക്കന്‍ ഭീഷണി നേരിടാനുള്ള പ്ലാന്‍ ബി തയ്യാറാക്കി വരികയാണെന്നാണ് മെക്സിക്കോ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും തിരികെ 25 ശതമാനം ഇറക്കുമതി ചുമത്താനാണ് അവരുടേയും നീക്കം. മയക്കുമരുന്ന് കടത്ത്് സംഘങ്ങളുമായി മെക്സിക്കോ സര്‍ക്കാരിന് ബന്ധമുണ്ടെന്ന ട്രംപിന്റെ ആരോപണം മെക്സിക്കന്‍ സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു. അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന 20 ശതമാനത്തോളം പന്നിമാംസവും ചീസും സ്റ്റീലും അലുമിനിയവും ഇറക്കുമതി ചെയ്യുന്നത് മെക്സിക്കോയില്‍ നിന്നാണ്.

ഇക്കാര്യത്തില്‍ അമേരിക്കന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമാണെന്നും ഭാവിയില്‍ രാജ്യത്തിന് ഇത് ഗുണം ചെയ്യും എന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതിനിടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നേരേയും ട്രംപ് ഇറക്കുതി തീരുവ വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്. കാനഡ അമേരിക്കയുടെ അമ്പത്തി ഒന്നാമത് സംസ്ഥാനമായി മാറിയാല്‍ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കാം എന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

ആഗോള തലത്തില്‍ ആശങ്ക

അതേസമയം അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി വൈവെറ്റേ കൂപ്പര്‍ ട്രംപിന്റെ നടപടികള്‍ ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ അമേരിക്കയുടെ തീരുമാനത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചൈന.

ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കാനാണ് ചൈനയുടെ നീക്കം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ട്രംപിന്റെ നിലപാടിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

അമേരിക്കന്‍ ഇറക്കുമതിയുടെ 40 ശതമാനവും മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. ട്രംപിന്റെ നയങ്ങള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് തന്നെ കാരണമായേക്കുമെന്നാണ് പലരും ഇപ്പോള്‍ ഭയപ്പെടുന്നത്.

അധിക നികുതിയില്ല, ഇന്ത്യയെ വെറുതെ വിട്ട് ട്രംപ്

അതേസമയം ഇന്ത്യയുടെ കാര്യത്തില്‍ ട്രംപ് തല്‍ക്കാലം ഇളവു നല്‍കിയിരിക്കയാണ്. ട്രംപ് താരിഫ് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഇന്ത്യയില്ല. ചൈനയ്ക്ക് 10 ശതമാനം താരിഫും മെക്സിക്കോയിലും കാനഡയിലും നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും താരിഫ് പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യയ്ക്ക് ഇളവ്. ഈ മാസാവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സന്ദര്‍ശിക്കാനിരിക്കെ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ നടക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ താരിഫിനെ മറികടക്കുന്നതിന് വേണ്ടി ഇതിനോടകം തന്നെ അമേരിക്കന്‍ കയറ്റുമതികള്‍ക്ക് അനുകൂലമായി ഇന്ത്യ താരിഫുകള്‍ കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര വ്യാപാര വിദഗ്ദര്‍ വ്യക്തമാക്കുന്നു. 1600 സിസിയില്‍ കുറവ് എഞ്ചിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍സൈക്കിളുകള്‍, ഉപഗ്രഹങ്ങള്‍ക്കുള്ള ഗ്രൗണ്ട് ഇന്‍സ്റ്റലേഷനുകള്‍, സിന്തറ്റിക് ഫ്ളേവറിങ് എസ്സന്‍സുകള്‍ തുടങ്ങി അമേരിക്കയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഇനങ്ങളുടെ തീരുവ ബജറ്റില്‍ വെട്ടിക്കുറച്ചിരുന്നു.

അതേസമയം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയ 10 ശതമാനം തീരുവ, കൂടുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്കെത്തിക്കാനുള്ള അവസരം തുറന്ന് നല്‍കുന്നതാണെന്നും വിദഗ്ദര്‍ പറയുന്നു. ട്രംപ് തന്റെ ആദ്യ ടേമില്‍ ചൈനയുമായി നടത്തിയ താരിഫ് യുദ്ധത്തിന് ശേഷം 2017-2023 കാലയളവില്‍ നടന്ന വ്യാപാര വഴിത്തിരിവിന്റെ ഏറ്റവും വലിയ നാലാമത്തെ ഗുണഭോക്താവാണ് ഇന്ത്യ.

ചൈനയ്ക്കും മെക്സിക്കോയ്ക്കും കാനഡയ്ക്കും ചുമത്തിയ തീരുവകള്‍ ഫെബ്രുവരി ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. എന്നാല്‍ അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് കാനഡയും പ്രഖ്യാപിച്ചിട്ടുണ്ട്. തീരുമാനം ഇരുരാജ്യങ്ങള്‍ക്കും ആഘാതമുണ്ടാക്കുന്നതാണ്. അധികാരത്തിലെത്തിയാല്‍ തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News