'തന്റെ പങ്കാളി പകുതി ഇന്ത്യക്കാരി, മക്കളില്‍ ഒരാളുടെ മിഡില്‍നെയിം ശേഖര്‍'; സുബ്രഹ്‌മണ്യന്‍ ചന്ദ്രശേഖറിനോടുള്ള ആദരസൂചകമായാണ് ഈ സര്‍നെയിം ഇട്ടത്; ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് ഇലോണ്‍ മസ്‌ക്; കഴിവുള്ള ഇന്ത്യക്കാരിലൂടെ അമേരിക്ക നേട്ടമുണ്ടാക്കിയെന്നും മസ്‌ക്ക്
'തന്റെ പങ്കാളി പകുതി ഇന്ത്യക്കാരി, മക്കളില്‍ ഒരാളുടെ മിഡില്‍നെയിം ശേഖര്‍'
വാഷിങ്ടണ്‍: ഇന്ത്യയില്‍ ടെസ്ലയുടെ വിപണി പിടിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇലോണ്‍ മസ്‌ക്ക്. ഭാവിയില്‍ ടെസ്ലയുടെ വളര്‍ച്ച ഇന്ത്യയിലെ വിപണിയെ അടക്കം ആശ്രയിച്ചാകുമെന്നത് മുന്നില്‍ കണ്ടാണ് മസ്‌ക്ക് ഇന്ത്യയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യയുമായുള്ള തന്റെ കുടുംബപശ്ചാത്തലത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ശതകോടീശ്വരനും ടെസ് ല സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്തുവന്നു.
തന്റെ ജീവിതപങ്കാളി പകുതി ഇന്ത്യക്കാരിയാണെന്നും മകന്റെ മിഡില്‍നെയിം നൊബേല്‍ ജേതാവായ സുബ്രഹ്‌മണ്യന്‍ ചന്ദ്രശേഖറിനോടുള്ള ആദരസൂചകമായി ശേഖര്‍ എന്ന് ചേര്‍ത്തിട്ടുണ്ടെന്നും മസ്‌ക് പറഞ്ഞു. സെറോദ സഹസ്ഥാപകനായ നിഖില്‍ കാമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരുപക്ഷേ, നിങ്ങള്‍ക്കറിയില്ലായിരിക്കും, എന്റെ പങ്കാളി പാതി ഇന്ത്യക്കാരിയാണ്. മാത്രമല്ല, എന്റെ മക്കളിലൊരാളുടെ മിഡില്‍ നെയിം ശേഖര്‍ എന്നാണ്'. മസ്‌ക് പറഞ്ഞു. നൊബേല്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍- അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ സുബ്രഹ്‌മണ്യന്‍ ചന്ദ്രശേഖറിനോടുള്ള ആദരസൂചകമായാണ് മക്കളിലൊരാളുടെ മിഡില്‍നെയിം ശേഖര്‍ എന്ന് ചേര്‍ത്തതെന്നായിരുന്നു മസ്‌കിന്റെ വിശദീകരണം. ശാസ്ത്രമേഖലയിലെ ചന്ദ്രശേഖറിന്റെ പാരമ്പര്യത്തെയും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ വൈദ്ഗദ്യത്തെയും അംഗീകരിക്കുന്ന തരത്തിലായിരുന്നു മസ്‌കിന്റെ വെളിപ്പെടുത്തല്‍.
ജീവിതപങ്കാളി സിലി പകുതി ഇന്ത്യക്കാരിയാണെന്നും കാനഡയിലാണ് കുട്ടിക്കാലം ചിലവഴിച്ചതെന്നുമാണ് പങ്കാളിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മസ്‌കിന്റ മറുപടി. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിന്റെ തുടക്കം. മസ്‌കിന്റെ നേതൃത്വത്തിലുള്ള ന്യൂറോലിങ്ക് കമ്പനിയില്‍ കരിയര്‍ ആരംഭിച്ചു. നിലവില്‍ കമ്പനി ഡയറക്ടറും സ്പെഷല്‍ പ്രോജക്ടുകളുടെ നോക്കിനടത്തിപ്പുമാണ്.
ഇന്ത്യന്‍ പ്രതിഭകള്‍ അമേരിക്കയ്ക്ക് നല്‍കിയ സംഭാവനകളെ കുറിച്ച് സ്മരിക്കാനും അദ്ദേഹം മറന്നില്ല. 'ശാസ്ത്രമേഖലയിലും ടെക്നോളജിയിലും നിപുണരായ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. എന്നാലും, സമീപകാലത്ത് എച്ച്1 ബി വിസ നിര്‍ത്തലാക്കിയത് ഈ ബന്ധത്തില്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.' ബൈഡന്റെ കാലത്ത് അനധികൃത കുടിയേറ്റങ്ങള്‍ അധികമായതിനാലാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും വൈകാതെ പരിഹാരം കാണേണ്ടതുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
