ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി; ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്ക്; ഇസ്രായേലിനെ ഞെട്ടിച്ച് മിസൈല്‍ ആക്രമണത്തില്‍ അടിയന്തര യോഗം വിളിച്ച് നെതന്യാഹു; ഇന്ത്യയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം അബുദാബി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു

ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം

Update: 2025-05-04 11:41 GMT

ജറൂസലേം: ഇസ്രായേലിനെ ഞെട്ടിച്ച് യെമനിലെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ഇസ്രായേലിന്റെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം പതിക്കുകയും നാശനഷ്ടം വരുത്തിവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. ഇന്ത്യയില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ അടക്കം വഴിതിരിച്ചുവിട്ടു.

മിസൈല്‍ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ 'ഹയോം' മീഡിയ പങ്കുവെച്ച ഒരു വിഡിയോയില്‍ മിസൈല്‍ വീണ സ്ഥലത്തെ വലിയ ഗര്‍ത്തം കാണിക്കുന്നു. ഓണ്‍ലൈനില്‍ പങ്കിട്ട വീഡിയോകളില്‍ ഇസ്രായേലിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് പുക ഉയരുന്നത് കാണാം. അതേസമയം പാര്‍ക്കിംഗ് ഭാഗത്താണ് മിസൈല്‍ പതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യെമനില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ നികത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. മധ്യ ഇസ്രായേലില്‍ പതിച്ച 'പ്രൊജക്‌റ്റൈല്‍' സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും സൈന്യം പറഞ്ഞു. ടെല്‍ അവീവിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ആക്രമണ മുന്നറിയിപ്പിനുള്ള സൈറണുകള്‍ സജീവമാക്കി. ഇസ്രേയേല്‍ മിസൈല്‍ പ്രതരോധ സംവിധാനത്തെ മറികടന്നെത്തിയ മിസൈലാണ് വിമാനത്താവളത്തില്‍ വീണത്.

ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം വളരെ മികച്ചതായാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇസ്രായേലികളെ അവര്‍ ദുര്‍ബലരാണെന്ന് ഓര്‍മിപ്പിക്കുന്നതായി പുതിയ ആക്രമണം. യെമനില്‍ ആഴ്ചകളോളം നീണ്ടുനിന്ന യു.എസ് വ്യോമാക്രമണങ്ങള്‍ക്ക് ശേഷവും ഹൂതികള്‍ക്ക് 2,000 കിലോമീറ്റര്‍ അകലെ നിന്ന് മിസൈല്‍ തൊടുത്തുവിടാനും ഇസ്രായേലിനെ ആക്രമിക്കാനും കഴിയുമെന്ന ആശയം അസാധാരണമാണ്.


 



കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഇസ്രായേലിനെതിരെ ഹൂതികള്‍ നടത്തുന്ന നാലാമത്തെ മിസൈല്‍ ആക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആക്രമണം സ്ഥിരീകരിച്ച ഇസ്രല്‍ സൈന്യം (ഐഡിഎഫ്) ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗവും ചേരും. ഗാസ വിഷയത്തിലാണ് യോഗം വിളിച്ചിരുന്നതെങ്കിലും ഹൂതി ആക്രമണമുണ്ടായ സാഹചര്യത്തില്‍ അത് പ്രധാന അജണ്ടയാകും.

യെമനില്‍ നിന്നുള്ള നിരവധി മിസൈലുകള്‍ ഇതിനോടകം തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. അതേസമയം മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍, സ്പാനിഷ് വിമാന കമ്പനികള്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്കും വഴിതിരിച്ച് വിട്ടിട്ടുണ്ട്. മെയ് അഞ്ച്, ആറ് തീയതികളില്‍ ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതായും വിവരമുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനരാരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലില്‍ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നാണ് ബെന്‍ ഗുരിയോണ്‍. പരിക്കേറ്റവരെ മധ്യ ഇസ്രായേലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


 



ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞു. മിസൈല്‍ വിജയകരമായി ലക്ഷ്യസ്ഥാനത്ത് പതിച്ചെന്ന് അവകാശപ്പെട്ട യഹ്യ സാരി, സുരക്ഷിതമല്ലാത്ത ഇസ്രായേല്‍ വിമാനത്താവളം ഒഴിവാക്കണമെന്ന് ആഗോള എയര്‍ലൈനുകളോട് ആവശ്യപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനും, ഗസ്സയില്‍ ഇസ്രായേലിന്റെ വംശഹത്യ കുറ്റകൃത്യത്തെ ചെറുക്കുന്നതിനുമായാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News