ഭീകരവാദത്തിന് നമ്മുടെ ലോകത്ത് ഒരു സ്ഥാനവുമില്ല; പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ നെതന്‍യ്യാഹുവുമായി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ലെബനനില്‍ കരയുദ്ധത്തിന് കോപ്പുകൂട്ടി ഇസ്രയേല്‍; ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് നെതന്‍യ്യാഹുവിന്റെ അപൂര്‍വ്വനീക്കം

പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ നെതന്‍യ്യാഹുവുമായി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി;

Update: 2024-09-30 16:32 GMT

ന്യൂഡല്‍ഹി: ഗസ്സ, ലെബനന്‍ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹുവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

' പ്രധാനമന്ത്രി നെതന്‍യ്യാഹുവുമായി പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെ കുറിച്ച് സംസാരിച്ചു. ഭീകരവാദത്തിന് നമ്മുടെ ലോകത്ത് യാതൊരു സ്ഥാനവുമില്ല. പ്രാദേശിക സംഘര്‍ഷത്തിന് അറുതിയിടേണ്ടതും ബന്ദികളുടെ സുരക്ഷിത മോചനം ഉറപ്പാക്കേണ്ടതുമാണ്. സമാധാന പുന: സ്ഥാപനത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്', മോദി എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.

ലെബനനില്‍ വ്യോമാക്രമണങ്ങള്‍ തുടരുന്ന ഇസ്രയേല്‍ പരിമിതമായ തോതില്‍ കരയുദ്ധത്തിനും പദ്ധതിയിടുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയാണ് ബെയ്‌റൂത്തിലെ ആസ്ഥാനത്ത് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ വകവരുത്തിയത്. ഇറാനിലെ തീവ്രപക്ഷക്കാര്‍ ഇസ്രയേലിന് എതിരെ കടുത്ത നടപടികള്‍ക്കായി മുറവിളി കൂട്ടുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചിടുക, ആണവായുധം വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തീവ്രപക്ഷക്കാര്‍ ഉന്നയിക്കുന്നു.

മധ്യപൂര്‍വദേശത്തെ സുരക്ഷാ സാഹചര്യം വഷളാവുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ നെതന്‍യ്യാഹുവിനെ ആശങ്ക അറിയിച്ചിരുന്നു. ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി ആക്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. മധ്യപൂര്‍വദേശത്ത് ഇസ്രയേലിന്റെ കണ്ണെത്താത്ത ഒരിടവും ഇല്ലെന്നാണ് നെതന്‍യ്യാഹു പറയുന്നത്. ലെബനനിലെ പ്രധാനമന്ത്രി നജീബ് മികാതി ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് നോയല്‍ ബാരട്ടുമായുളള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ഇറാന്‍ ജനതയെയും അഭിസംബോധന ചെയ്യുന്ന അപൂര്‍വ്വനീക്കം നെതന്‍യ്യാഹു തിങ്കളാഴ്ച നടത്തി. ഗസ്സ യുദ്ധത്തില്‍ ഇറാന്‍ നിര്‍ണായക പങ്കുവഹിക്കുന്ന പശ്ചാത്തലത്തിലാണ് അഭിസംബോധന. 'ഖമനേയി ഭരണകൂടം മധ്യപൂര്‍വദേശത്തെ കൂടുതല്‍ ഇരുട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് വിമര്‍ശിച്ചു. അതേസമയം സാധാരണക്കാരെ കുലീനരായ പേഴ്ഷ്യന്‍ ജനതേ എന്നാണ് വിശേഷിപ്പിച്ചത്. ഖമനേയി ഭരണകൂടം ഇറാന്‍കാരുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും അടിസ്ഥാന വികസനത്തിനും വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇറാന്‍ അന്തിമമായി സ്വതന്ത്രമാകുന്ന നാള്‍ പലരും വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നടക്കും. എല്ലാം അപ്പോള്‍ വ്യത്യസ്തമായിരിക്കും.

ലെബനനെയും, ഗസ്സയെയും പ്രതിരോധിക്കുന്നതിനെ കുരിച്ച് തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന നിങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തെയാണ് എല്ലാദിവസവും നിങ്ങള്‍ കാണുന്നത്. ഈ ഭരണകൂടം നമ്മുടെ മേഖലയെ കൂടുതല്‍ ഇരുട്ടിലേക്ക്്, യുദ്ധത്തിന്റെ ആഴത്തിലേക്ക് നയിക്കുകയാണ്.

ജൂത ജനതയും പേഴ്‌സ്യന്‍ ജനതയും ഒടുവില്‍ സമാധാനവഴിയിലെത്തും. നമ്മുടെ രണ്ടുരാജ്യങ്ങളും, ഇസ്രയേലും ഇറാനും സമാധാനമാര്‍ഗ്ഗത്തിലെത്തും. ഇറാന്റെ സ്വാതന്ത്ര്യം പുലരുമ്പോള്‍, അഞ്ച് ഭൂഖണ്ഡങ്ങളിലായി ഭരണകൂടം കെട്ടിപ്പൊക്കിയ ഭീകരശൃംഖല പാപ്പരായി, തകര്‍ന്നടിയും' നെതന്‍യ്യാഹു പറഞ്ഞു.

Tags:    

Similar News