ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ മുഹമ്മദ് മുയിസു ഇപ്പോള്‍ പറയുന്നു 'ഇന്ത്യയുമായി മുറിച്ചുമാറ്റാനാവാത്ത ബന്ധ'മെന്ന്; പ്രധാനമന്ത്രി മോദിയെ ഔദ്യോഗിക ബഹുമതി നല്‍കി ആദരിച്ചു; മോദിയുടേത് നയതന്ത്ര ബന്ധം ഊഷ്മളമാക്കിയ സന്ദര്‍ശനം; മാലദ്വീപിന് 4850 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു ഇന്ത്യ
മാലദ്വീപിന് 4850 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു ഇന്ത്യ
മാലെ: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി മാലദ്വീപില്‍ അധികാരത്തിലെത്തിയ മുഹമ്മദ് മുയിസു ഇപ്പോള്‍ പറയുന്നത് ഇന്ത്യയുമായി മുറിച്ചുമാറ്റാന്‍ കഴിയാത്ത ബന്ധമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ മാലദ്വീപുമായുള്ള പിണക്കങ്ങളെല്ലാം ഇന്ത്യ മറന്നിട്ടുണ്ട്.
നയതന്ത്രബന്ധത്തിനും അപ്പുറമാണ് ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവുമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസും വ്യക്തമാക്കി. മാലദ്വീപില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെള്ളിയാഴ്ച ഔദ്യോഗിക ബഹുമതികളോടെ ആദരിച്ചശേഷമുള്ള പ്രസ്താവനയിലാണ് ഇന്ത്യയുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക സഹായത്തിന് പ്രത്യേകം നന്ദിയും പ്രകടിപ്പിച്ചു. നേരത്തേ വ്യാപാരം, പ്രതിരോധം, നാവിക സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്, മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പ അനുവദിക്കാനും ഉടമ്പടിയായി. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിനും ധാരണയായിട്ടുണ്ട്. ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) വഴിയാണ് ഇന്ത്യ മാലിക്ക് വായ്പ്പ അനുവദിച്ചത്. ഒരു നിശ്ചിത തുകവരെ ആവശ്യമുള്ളപ്പോള്‍ കടമെടുക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന വായ്പാസൗകര്യമാണ് എല്‍ഒസി. തിരിച്ചടച്ച തുക വീണ്ടും കടമെടുക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തരായ പങ്കാളിയായതില്‍ ഇന്ത്യ അഭിമാനിക്കുന്നെന്ന് മോദി പറഞ്ഞു. വ്യാപാരം, പ്രതിരോധം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി മോദി ചര്‍ച്ച നടത്തി. ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി നിക്ഷേപക ഉടമ്പടി അന്തിമമാക്കുന്നതില്‍ ഇരുകൂട്ടരും യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചെന്നും പറഞ്ഞു.
തികഞ്ഞ ചൈനാ അനുകൂലിയും ഇന്ത്യാവിരുദ്ധനുമായ മുയിസു 2023 നവംബറില്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായിരുന്നു. എന്നാല്‍, പിന്നീട് മുയിസു ഇന്ത്യാവിരുദ്ധനിലപാടുകള്‍ മയപ്പെടുത്തുകയായിരുന്നു. ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റെറോളജി (ഐഐടിഎം) മാലദ്വീപ് മെറ്ററോളജിക്കല്‍ സര്‍വീസസ്, മാലദ്വീപ് ടൂറിസം മന്ത്രാലയം എന്നിവ തമ്മില്‍ ധാരണാപത്രത്തിലും ഒപ്പിട്ടു.
ഇന്ത്യനല്‍കിയ എല്‍ഒസികളുടെ വാര്‍ഷികവായ്പാ തിരിച്ചടവ് ബാധ്യത കുറയ്ക്കുന്നതു സംബന്ധിച്ച ധാരണയായി, കൂടാതെ ഇന്ത്യന്‍ ഫാര്‍മക്കോപിയയെ മാലദ്വീപ് ഔദ്യോഗികമായി അംഗീകരിക്കാനും ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച് യുപിഐ നെറ്റ്വര്‍ക്ക് ടു നെറ്റ്വര്‍ക്ക് കരാറിനും ധാരണയായി.