അടുത്തതായി വീഴുക കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ; യുഎസില്‍ ട്രംപിന്റെ രണ്ടാം വരവിനായി പണിയെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ അടുത്ത പ്രവചനം; ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വിഡ്ഢി എന്നും ടെസ്ല-സ്‌പേസ് എക്‌സ് മേധാവി
അടുത്തതായി വീഴുക കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ
വാഷിങ്ടണ്‍: ഡൊണള്‍ഡ് ട്രംപിന്റെ രണ്ടാം വരവിനായി എല്ലുമുറിയെ പണിയെടുത്ത ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് അടുത്തതായി പ്രവചിക്കുന്നത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പതനമാണ്. കാനഡയില്‍ 2025 ഒക്ടോബറിന് മുന്‍പ് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രൂഡോ വീഴും എന്നാണ് മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്. ട്രൂഡോയെ ഒഴിവാക്കാന്‍ സഹായിക്കുമോ എന്ന ഒരാളുടെ ചോദ്യത്തിനാണ് മസ്‌കിന്റെ മറുപടി.
'ജര്‍മന്‍ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ വീണു. ഇടക്കാല തിരഞ്ഞെടുപ്പിനെ കുറിച്ചാണ് സംസാരം' എന്ന് ഒരു സ്വീഡിഷ് മാധ്യപ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്തപ്പോള്‍ മുതലാണ് സംവാദം ആരംഭിച്ചത്. ടെസ്ലയുടെയും സ്‌പെയ്‌സ് എക്‌സിന്റെയും സിഇഒയായ മസ്‌ക,് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ വിഡ്ഢി എന്നാണ് വിശേഷിപ്പിച്ചത്. ജര്‍മ്മനിലായിരുന്നു മസ്‌കിന്റെ പ്രതികരണം.
ഈ പോസ്റ്റിന് താഴെ ഒരു ഉപയോക്താവ് കാനഡയില്‍ ട്രൂഡോയെ താഴെയിറക്കാന്‍ മസ്‌കിന്റെ സഹായം ആവശ്യം ഉണ്ടെന്ന് പറഞ്ഞു. ഇതാദ്യമായല്ല, മസ്‌ക് ട്രൂഡോയ്ക്ക് എതിരെ ആഞ്ഞടിക്കുന്നത്. കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനെയും മസ്‌ക് നേരത്തെ വിമര്‍ശിച്ചിരുന്നു. 2022 ഫെബ്രുവരിയില്‍, കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി ട്രക്ക് ഉടമകളുടെ സമരം അടിച്ചമര്‍ത്താന്‍ ട്രൂഡോ തന്റെ അധികാരം പ്രയോഗിച്ചപ്പോള്‍, ഹിറ്റ്‌ലറോടാണ് ട്രൂഡോയെ മസ്‌ക് താരതമ്യപ്പെടുത്തിയത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രചാരണ രംഗത്ത് മസ്‌ക് ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. കാനഡയില്‍ ട്രൂഡോ സര്‍ക്കാരിന്റെ ഭാവി ഇതിനകം തന്നെ അപകടാവസ്ഥയിലാണ്. പ്രതിപക്ഷ നിരയിലുള്ള പിയറി പൊയിലീവര്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും മറ്റു പാര്‍ട്ടികളും ശക്തമായിത്തന്നെ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കെതിരേ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായുളള കാനഡയുടെ നയതന്ത്രബന്ധവും ഉലഞ്ഞിരിക്കുകയാണ്.