ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കുനേരെ ബോംബാക്രമണം; മാര്‍പാപ്പയെ വിളിച്ച് നെതന്യാഹു; ഇസ്രായേലിന് പറ്റിയ അബദ്ധമെന്ന് പ്രതികരണം; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ; അടിയന്തരമായി സഹായമെത്തിക്കണമെന്നും നിര്‍ദേശം

മാര്‍പാപ്പയെ വിളിച്ച് നെതന്യാഹു

Update: 2025-07-19 11:39 GMT

ജറുസലം: ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കുനേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ഫോണില്‍ വിളിച്ചു. ഗാസയില്‍ അടിയന്തരമായി സഹായമെത്തിക്കണമെന്നും ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടെന്നു വത്തിക്കാന്‍ അറിയിച്ചു. കത്തോലിക്കാ പള്ളിക്കുനേരെ ഇസ്രയേല്‍ സൈന്യം ബോംബാക്രമണം നടത്തിയതിന്റെ പിറ്റേന്നാണ് നെതന്യാഹു മാര്‍പാപ്പയെ വിളിച്ചത്.

ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം ഇസ്രായേലിന് പറ്റിയ അബദ്ധമാണെന്നും നെതന്യാഹു ക്ഷമചോദിച്ചതായുമാണ് വിവരം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഗാസയില്‍ അടിയന്തരമായി സഹായമെത്തിക്കണമെന്നും ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും മാര്‍പാപ്പ, നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്ന് വത്തിക്കാന്‍ അറിയിച്ചു.

പള്ളിയാക്രമണത്തില്‍ 3 പേരാണു കൊല്ലപ്പെട്ടത്.പള്ളിവികാരി അടക്കം 10 പേര്‍ക്കു പരുക്കേറ്റിരുന്നു. അതിനിടെ, ജറുസലം പാത്രിയര്‍ക്കീസ് പീര്‍ബാറ്റിസ്റ്റ പിസബല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ പാത്രിയര്‍ക്കീസ് തെയോഫിലോസ് മൂന്നാമനും ഇന്നലെ ഗാസയിലെത്തി. പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

ബോംബാക്രമണത്തില്‍ പള്ളിയുടെ മേല്‍ക്കൂരയ്ക്കാണു കേടുപറ്റിയത്. ആക്രമണത്തില്‍ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. സൈനികനടപടിക്കിടെ ഒരു ഷെല്‍ അബദ്ധത്തില്‍ പള്ളിവളപ്പില്‍ പതിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്. ഈ വിശദീകരണം പാത്രിയര്‍ക്കീസ് പീര്‍ബാറ്റിസ്റ്റ പിസബല്ല തള്ളി. 'ഞങ്ങളെ ലക്ഷ്യമിടേണ്ട കാര്യമില്ല. അബദ്ധം പറ്റിയതാണെന്ന് അവര്‍ പറയുന്നു. പക്ഷേ, ഇത് അബദ്ധമല്ല' അദ്ദേഹം പറഞ്ഞു.

ഏക കത്തോലിക് പള്ളിയായ ഹോളി ഫാമിലി ചര്‍ച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. ഫലസ്തീനിലെ ഇസ്രായേല്‍ ആക്രമണങ്ങളെക്കുറിച്ച് അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ അറിയിച്ചു കൊണ്ടിരുന്ന ഇടവക വികാരിയായ ഫാദര്‍ ഗബ്രിയേലെ റോമനെല്ലിക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

അതേസമയം ബോംബാക്രമണത്തില്‍ പള്ളിയുടെ മേല്‍ക്കൂരയ്ക്കാണു കേടുപറ്റിയത്. സൈനിക നടപടിക്കിടെ ഒരു ഷെല്‍ അബദ്ധത്തില്‍ പള്ളിവളപ്പില്‍ പതിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News