ഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ സര്‍വ്വനാശം! ട്രംപും സെലന്‍സ്‌കിയും ഇന്ന് മുഖാമുഖം; ഫെബ്രുവരിയിലെ പോര് മറന്ന് ആറാം കൂടിക്കാഴ്ച; 'എന്റെ അംഗീകാരമില്ലാതെ ഒന്നും നടക്കില്ലെന്ന്' ട്രംപ്; 20 ഇന കരാറില്‍ ലോകത്തിന്റെ പ്രതീക്ഷ; നാല് വര്‍ഷത്തെ റഷ്യ-യുക്രെയ്ന്‍ ചോരക്കളിക്ക് അറുതി വീഴുമോ? മാര്‍-എ-ലാഗോയില്‍ ചരിത്രം കുറിക്കുമോ?

മാര്‍-എ-ലാഗോയില്‍ ചരിത്രം കുറിക്കുമോ?

Update: 2025-12-28 14:46 GMT

വാഷിംഗ്ടണ്‍ ഡി.സി: നാല് വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് വിരാമമിടുന്നതിനുള്ള സമാധാന ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും ഇന്ന് കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസ് അറിയിച്ചതനുസരിച്ച്, ട്രംപ് അവധി ആഘോഷിക്കുന്ന ഫ്‌ലോറിഡയിലെ മാന്‍-എ-ലാഗോയില്‍ വെച്ച് വൈകുന്നേരം 1 മണിക്ക് ( ഇന്ത്യന്‍ സമയം രാത്രി 11) ഇരുവരും കൂടിക്കാഴ്ച നടത്തും. കീവില്‍ റഷ്യ അതിശക്തമായ മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഈ ചര്‍ച്ച നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

20 ഇന സമാധാന കരാര്‍; എന്താണ് ചര്‍ച്ചാ വിഷയം?

*റഷ്യക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുക (പുടിനെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കണം)

* യുക്രെയ്‌ന് സുരക്ഷാ ഉറപ്പുകള്‍ നല്‍കുക


* യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള നിക്ഷേപം എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

20 ഇന സമാധാന കരാര്‍ ഏകദേശം 90 ശതമാനവും പൂര്‍ത്തിയായെന്നും ശേഷിക്കുന്ന 10 ശതമാനത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് ഈ നേരിട്ടുള്ള കൂടിക്കാഴ്ചയെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

സെലന്‍സ്‌കിക്ക് ഒന്നുമില്ല: ട്രംപിന്റെ കടുത്ത നിലപാട്

കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിച്ചു. 'ഞാന്‍ അംഗീകരിക്കുന്നത് വരെ സെലന്‍സ്‌കിയുടെ കയ്യില്‍ ഒന്നുമില്ല' എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. യുക്രെയ്ന്‍ കൊണ്ടുവരുന്ന സമാധാന പദ്ധതി താന്‍ നേരിട്ട് പരിശോധിക്കുമെന്നും അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ട്രംപ് അടിവരയിട്ടു പറഞ്ഞു.

ഫെബ്രുവരിയിലെ പോര് മറന്ന് ഇരുവരും അടുത്തു; ആറാം കൂടിക്കാഴ്ച

ഫെബ്രുവരി 28-ന് ഓവല്‍ ഓഫീസില്‍ നടന്ന ഇരുവരുടെയും കൂടിക്കാഴ്ച അത്യന്തം നാടകീയമായിരുന്നു. ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും സെലന്‍സ്‌കിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അമേരിക്ക നല്‍കുന്ന സഹായത്തോട് ഉക്രെയ്ന്‍ നന്ദികേട് കാണിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന ആറാമത്തെ കൂടിക്കാഴ്ചയോടെ ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.

കാനഡയുടെ പിന്തുണയും റഷ്യയുടെ തണുത്ത സമീപനവും

കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലന്‍സ്‌കി അമേരിക്കയിലെത്തിയത്. യുക്രെയ്നിന് കാനഡ 2.5 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അതേസമയം, സമാധാന ചര്‍ച്ചകളില്‍ പുടിന്‍ ഇപ്പോഴും വലിയ താല്പര്യം കാണിക്കുന്നില്ല. 'റഷ്യയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ പുടിനെ തടയാനാകൂ' എന്നാണ് സെലന്‍സ്‌കിയുടെ നിലപാട്.

യുക്രെയ്ന്‍ തലസ്ഥാനമായ കൈവില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി ഒരാള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സമാധാന ഉടമ്പടി ചര്‍ച്ചകളില്‍ കാര്യമായ താല്‍പ്പര്യം കാണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ 'എന്തും ചെയ്യാന്‍ തയ്യാറാണ്' എന്ന് സെലെന്‍സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. 'നമുക്ക് ഒന്നാം നമ്പര്‍ മുന്‍ഗണന, അല്ലെങ്കില്‍ ഏക മുന്‍ഗണന, യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. നമുക്ക് സമാധാനമാണ് വേണ്ടത്,' അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ചര്‍ച്ചാമേശയില്‍ ശക്തരാകാന്‍ യൂറോപ്പിന്റെയും അമേരിക്കയുടെയും പിന്തുണ ആവശ്യമാണെന്നും കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ആയുധങ്ങള്‍, പണം എന്നിവ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. ലോകം മുഴുവന്‍ - യൂറോപ്പും അമേരിക്കയും - തങ്ങളുടെ പക്ഷത്തുണ്ടെങ്കില്‍ പുടിനെ തടയാന്‍ കഴിയുമെന്നും സെലെന്‍സ്‌കി പ്രത്യാശ പ്രകടിപ്പിച്ചു.

നാല് വര്‍ഷത്തോളം നീണ്ട സംഘര്‍ഷത്തിന് ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള നിര്‍ണായക നീക്കമായി ഈ ഉന്നതതല കൂടിക്കാഴ്ചയെ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Tags:    

Similar News