സംഭാവന കിട്ടിയതൊക്കെ സ്വകാര്യമായി ഉപയോഗിച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എതിരായി കൂടുതല്‍ അന്വേഷണം; പ്രതിഷേധിച്ചു രാജിവെച്ച് ലേബര്‍ എം പി; അധികാരത്തിന്റെ മധുവിധു തീരും മുന്‍പ് ആരോപണ വിധേയനായി കീര്‍ സ്റ്റാര്‍മര്‍

പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ഡഫീല്‍ഡ് ഇനി മുതല്‍ പാര്‍ലമെന്റില്‍ സ്വതന്ത്ര എം പിയായി തുടരും

Update: 2024-09-29 02:29 GMT

ലണ്ടന്‍: കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിയുടെ മുഖമുദ്ര അധികാരവും അത്യാര്‍ത്തിയും ആണെന്ന് പാര്‍ട്ടി എം പി. ഭരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാനല്ല അവര്‍ ശ്രമിക്കുന്നതെന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന് ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. കാന്റര്‍ബറി എം പി റോസി ഡഫീല്‍ഡാണ് മധുവിധു കാലം കഴിയും മുന്‍പ് തന്നെ പാര്‍ട്ടിക്കകത്ത് കലാപക്കൊടി പാറിച്ചിരിക്കുന്നത്.

സണ്‍ഡേ ടൈംസില്‍ പ്രസിദ്ധീകരിച്ച തന്റെ രാജിക്കത്തില്‍ പ്രധാനമന്ത്രി പതിനായിരക്കണക്കിന് പൗണ്ട് മൂല്യം വരുന്ന സമ്മാനങ്ങള്‍ സ്വീകരിച്ചതായി ആരോപിക്കുന്നുണ്ട്. ടു ചൈല്‍ഡ് ബെനെഫിറ്റിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും, വിന്റര്‍ ഫ്യുവല്‍ ബെനെഫിറ്റ് എടുത്തു കളഞ്ഞും ജനങ്ങളെ ദുരിതത്തിലാക്കിയ അവസരത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ലേബര്‍ വോട്ടര്‍മാരെയും എം പിമാരെയും അവഗണിക്കുന്നു എന്നും അവരെ ചൂഷണം ചെയ്യുകയാണെന്നും ലോറ കുന്‍സ്‌ബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ റോസ്സി ഡഫീല്‍ഡ് പറയുന്നുണ്ട്.

പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ഡഫീല്‍ഡ് ഇനി മുതല്‍ പാര്‍ലമെന്റില്‍ സ്വതന്ത്ര എം പിയായി തുടരും. തന്റെ മനസ്സിലും ഹൃദയത്തിലും ലേബര്‍ പാര്‍ട്ടി തന്നെയാണെന്നും, ഒരിക്കലും പാര്‍ട്ടി വിടാന്‍ ആലോചിച്ചിരുന്നില്ലെന്നും ഡഫീല്‍ഡ് ബി ബി സിയോട് പറഞ്ഞു. എന്നാല്‍, ഒരു ലേബര്‍ വോട്ടര്‍ എന്ന നിലയിലും പ്രവര്‍ത്തക എന്ന നിലയിലും ഏറെ നിരാശപ്പെടുത്തുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. സംഭാവനകളും സമ്മാനങ്ങളും സ്വീകരിച്ച വിവരം പുറത്തു വന്നിട്ടും, നേതൃത്വം ക്ഷമാപണം നടത്താത്തത്, അവര്‍ അധികാരത്തിനും ആര്‍ത്തിക്കും മാത്രം പ്രാധാന്യം നല്‍കുന്നതുകൊണ്ടാണെന്നും അവര്‍ ആരോപിക്കുന്നു.

അതിനിടയില്‍, ലേബര്‍ അനുഭാവിയായ വഹീദ് അലി 16,000 പൗണ്ട് വിലവരുന്ന വസ്ത്രങ്ങള്‍ കീര്‍ സ്റ്റാര്‍മറിന് നല്‍കിയെന്നും അത് അദ്ദേഹത്തിന്റെ സ്വകാര്യ ഓഫീസിനുള്ള പണമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നുമുള്ള വെളിപ്പെടുത്തലുമായി ദി ഗാര്‍ഡിയന്‍ പത്രം രംഗത്തെത്തി. 2023 ഒക്ടോബറില്‍ നല്‍കിയ സംഭാവനയായ 6,000 പൗണ്ടും 2024 ഫെബ്രുവരിയില്‍ നല്‍കിയ 10,000 പൗണ്ടും ഉള്‍പ്പെടുത്തിയാല്‍, വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കിയതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആകെ തുക 32,000 പൗണ്ട് ആണെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സമ്മാനങ്ങളെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല.

ഇതോടെ, പാര്‍ട്ടി അറിയാതെ സ്റ്റാര്‍മറും അദ്ദേഹത്തിന്റെ ചില ഉറ്റ അനുയായികളും കൈപ്പറ്റിയ സമ്മാനങ്ങളെയും സംഭാവനകളെയും കുറിച്ചുള്ള വിവാദം വീണ്ടും ആളിക്കത്തിയേക്കും എന്നാണ് കരുതുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോഴായിരുന്നു ഇവയില്‍ അധികവും കൈപ്പറ്റിയത്. മാത്രമല്ല, ഏറിയ പങ്കും നല്‍കിയിരിക്കുന്നത് അലി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ രംഗത്തെ അതികായനായ അലി തന്റെ 18 മില്യന്‍ പൗണ്ട് വിലയുള്ള പെന്റ് ഹൗസ്, സ്റ്റാര്‍മറിന്റെ ഇലക്ഷന്‍ പ്രചാരണത്തിനായി നല്‍കിയതും ഇപ്പോള്‍ വിവാദമായിട്ടുണ്ട്.

Tags:    

Similar News