എട്ട് ഇസ്രയേലി സൈനികരുടെ ജീവന്‍ എടുത്ത് തിരിച്ചടിച്ച് തുടങ്ങി ഹിസ്ബുള്ള; ലെബനനിലേക്ക് കയറിയ ഇസ്രയേലിനെ കാത്ത് വെല്ലുവിളികള്‍ ഏറെ; അപ്രതീക്ഷിത ആക്രമത്തില്‍ ഇസ്രയേലിന്റെ മൂന്ന് ടാങ്കുകളും തകര്‍ത്തു; ഇറാന് ഇനി എല്ലാം മനസ്സിലാക്കാന്‍ പോകുന്നതേയുള്ളു എന്ന് ഐ ഡി എഫ് ചീഫ്

ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേല്‍ സൈന്യം

Update: 2024-10-03 00:58 GMT

ജെറുസലേം: തെക്കന്‍ ലബനനിലെ സംഘര്‍ഷത്തില്‍ ഇന്നലെ എട്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതോടെ നിലപാട് കടുപ്പിക്കുകയാണ് ഇസ്രയേല്‍. ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അതോടെ, ഇറാന് നേരെ കടുത്ത ഭീഷണിയാണ് ഉയര്‍ന്നിരിക്കുന്നത് എന്ന് പാശ്ചാത്യ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കൃത്യതയോടെയും ശക്തമായും തിരിച്ചടിക്കും എന്നാണ് ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) തലവന്‍ ഹെര്‍സി ഹലെവി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മദ്ധ്യ ഇസ്രയേലിലെ ഒരു വ്യോമസേന താവളത്തില്‍ നിന്നും പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത്, സുപ്രധാന കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തി, കൃത്യതയോടെ അവയെ ലക്ഷ്യമാക്കി പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുമെന്നാണ്.

മദ്ധ്യപൂര്‍വ്വ മേഖലയിലെ ഏതൊരു ലക്ഷ്യത്തിലും എത്തി ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പറഞ്ഞ ഇസ്രയേലി സേനാ തലവന്‍, ഇക്കാര്യം ഇതുവരെയും മനസ്സിലാക്കാത്ത ശത്രുക്കള്‍ അത് ഉടനെ മനസ്സിലാക്കുമെന്നും പറഞ്ഞു. ഇറാന്റെ, ഇസ്രയേലിന് മേലുള്ള പരാജയപ്പെട്ട മിസൈല്‍ ആക്രമണം കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോഴായിരുന്നു ഈ പ്രസ്താവന വന്നത്. അതിനിടയില്‍, തെക്കന്‍ ലെബനനിലെ അഡെസി ഗ്രാമത്തിനടുത്ത് വെച്ചുണ്ടായ ഹിസ്ബുള്ള ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തില്‍ എഗോസ് കമാന്‍ഡോ ഗ്രൂപ്പിലെ അംഗമായ ക്യാപ്റ്റന്‍ ഈറ്റന്‍ ഓസ്റ്റര്‍ മരണമടഞ്ഞതായി ഇസ്രയേലി സേന സ്ഥിരീകരിച്ചു.

മറ്റ് ഏഴ് സൈനികര്‍ കൂടി മരണമടഞ്ഞതായി ഇന്നലെ ഉച്ചക്ക് നല്‍കിയ ഒരു പത്രക്കുറിപ്പില്‍ ഐ ഡി എഫ് സമ്മതിച്ചിറ്റുന്നു. ടെല്‍ അവീവിലെ ഒരു ആക്രമണത്തില്‍ ഏഴു പേരെ കൊന്നതായി ഹമാസും അവകാശപ്പെട്ടു. കമാന്‍ഡോകളെ വധിച്ചത് കൂടാതെ മൂന്ന് ഇസ്രയേലി ടാങ്കുകള്‍ തകര്‍ത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു. ടാങ്ക് വേധ മിസൈലുകള്‍ ഉപയോഗിച്ചാണ് ഇവ തകര്‍ത്തതെന്നും ഹിസ്ബുള്ള പറയുന്നു. എന്നാല്‍, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടം മാത്രമാണിതെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചതിന് തൊട്ടു പുറകെയാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്.

അതേസമയം, തങ്ങളുടെ സേന ലെബനന്‍ പ്രവിശ്യയില്‍ യുദ്ധം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഇതാദ്യമായി പുറത്തു വിട്ടു. ഇരുട്ടിന്റെ മറവില്‍, കനത്ത ആയുധങ്ങളണിഞ്ഞ സേനാംഗങ്ങള്‍ അതിര്‍ത്തി കടന്നു പോകുന്നത് ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. ഒരു ലെബനീസ് ഗ്രാമത്തിലേക്ക് ഇവര്‍ കടന്നു ചെല്ലുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. തലവനും പ്രധാന കമാന്‍ഡര്‍മാരും നഷ്ടപ്പെട്ട ഹിസ്ബുള്ള ഏറെ ദുര്‍ബലപ്പെട്ടിരിക്കുകയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍, ശത്രുസേനയെ നേരിടാന്‍ തങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നും ഇന്നലെ അഡെസിയില്‍ നടന്നത് ഒരു തുടക്കം മാത്രമാണെന്നുമാണ് ഹിബുള്ള പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേല്‍ സൈന്യം എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന് നേരെ തൊടുത്തു വിട്ടെങ്കിലും അവയില്‍ ഒട്ടു മിക്കതും ആകാശത്തു വെച്ചു തന്നെ, ഇസ്രയേലിന്റെ അയേണ്‍ ഡോം ഒരുക്കിയ ചിതയില്‍ എരിഞ്ഞടങ്ങുകയായിരുന്നു. ഇന്നലെ, ലെബനനിലെ ഹിസ്ബുള്ള താവളങ്ങള്‍ക്ക് നേരെയും ഇസ്രയേല്‍ കടുത്ത ബോംബിംഗ് നടത്തി. തെക്കന്‍ ബെയ്‌റൂട്ടിനെ നടുക്കിക്കൊണ്ട് ചുരുങ്ങിയത് അഞ്ച് ഉഗ്ര സ്‌ഫോടനങ്ങളെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

;ലെബനനില്‍ നിന്നും വിദേശികള്‍ കൂട്ടത്തോടെ നാടുവിടാന്‍ ആരംഭിച്ചപ്പോള്‍, തെക്കന്‍ ലെബനനിലെ ലെബനീസ് പൗരന്മാര്‍ കൂട്ടത്തോടെ ഉത്തര ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്. അതിനിടയില്‍, ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കണം എന്ന ആവശ്യവുമായി മുന്‍ ഇസ്രയേലി പ്രധാനമന്ത്രി നാഫ്റ്റലി ബെന്നെറ്റ് രംഗത്ത് എത്തി.

ഇസ്രയേലിന്, ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാനുള്ള കഴിവുണ്ട് എന്നാണ് മുന്‍ യു എസ് ആര്‍മി കേണല്‍ ജോനാഥന്‍ സ്വീറ്റും സെക്യൂരിറ്റി വിദഗ്ധനായ മ്‌നാര്‍ക്ക് ടോത്തും പറയുന്നത്. അതിനുള്ള സാങ്കേതിക മികവും, അമേരിക്ക നല്‍കിയ അത്യാധുനിക ആയുധങ്ങളും ഇസ്രയേലിന്റെ കൈവശം ഉണ്ടെന്നും അവര്‍ പറയുന്നു.

Tags:    

Similar News