അവസാനം ലോകം കണ്ടത് ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മൂന്നാം നാള്‍; ഇസ്രായേല്‍ ബോംബിനെ ഭയന്ന് ഇപ്പോള്‍ നടക്കുന്നത് 20 ഇസ്രായേലി തടവുകാരുടെ അകമ്പടിയില്‍ ; പൊട്ടിത്തെറിക്കാന്‍ തോളില്‍ ഡൈനാമിറ്റ് ബാഗ്: യഹ്യ സിന്‍ഹരുടെ അവസ്ഥയിങ്ങനെ
യാഹ്യാ സിന്‍വറിനെ പിടികൂടാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്
ജെറുസലേം: ഇസ്രയേലില്‍ ഹമാസ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായ യാഹ്യാ സിന്‍വര്‍ എവിടെ എന്നാണ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ എല്ലാവരും അന്വേഷിക്കുന്നത്. ഹമാസ് തലവനായിരുന്ന ഇസ്മിയല്‍ ഹനിയയെ ഇറാനിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തും ഹിസ്ബുള്ള തലവനായ ഹസന്‍ നസറുള്ളയെ ബെയ്റൂട്ടിലെ അവരുടെ ആസ്ഥാനത്തും എത്തി വധിച്ച ഇസ്രയേല്‍ സൈന്യത്തിനും അവരുടെ ചാരസംഘടനയായ മൊസാദിനും എന്ത് കൊണ്ട് ഗാസയിലെ കശാപ്പുകരാന്‍ എന്നറിയപ്പെടുന്ന ക്രൂരതയുടെ പര്യായമായ യാഹ്യാ സിന്‍വറിനെ പിടികൂടാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.
നേരത്തേ ഇയാള്‍ ഹമാസ് നിര്‍മ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍ സൂചിപ്പിച്ചത് സിന്‍വര്‍ പെണ്‍വേഷം ധരിച്ച് ഗാസയിലെ ഏതോ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ത്രീകള്‍ക്കൊപ്പം കഴിയുന്നു എന്നായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇയാള്‍ ഇസ്രയേല്‍ ആക്രമണത്തെ ഭയന്ന് ഇപ്പോള്‍ നടക്കുന്നത് ഇസ്രേയലില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന 20 ബന്ദികളെ ചുറ്റും നിര്‍ത്തി ആണെന്നാണ്. ഏത് നിമിഷവും പൊട്ടിത്തറിക്കാന്‍ കണക്കാക്കി വലിയൊരു ഡൈനാമിറ്റ് ബാഗുമായിട്ടാണ് യാഹ്യാ സിന്‍വര്‍ ജീവിക്കുന്നത്.
25 കിലോ ഡൈനാമിറ്റാണ് ഇയാള്‍ ഈ ബാഗില്‍ സൂക്ഷിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇയാളെ വധിക്കാന്‍ നിരവധി അവസരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചു എങ്കിലും അകമ്പടിക്കായി നിര്‍ത്തിയിട്ടുള്ള ബന്ദികളുടെ ജീവനെ കരുതിയാണ് ഈ ഉദ്യമം വിജയിക്കാതെ പോയതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട വന്ന ബന്ദികളില്‍ 97 പേര്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയില്‍ തന്നെയാണ് എന്നാണ് കരുതപ്പെടുന്നത്. ബന്ദികളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണ ആര്‍ക്കുമില്ല.
തീവ്രവാദികള്‍ക്ക് നേരേ നാല്‍പ്പതിനായിരത്തിലധികം ആക്രമണങ്ങളാണ് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടത്തിയത്. ഹമാസിന്റെ 4700 തുരങ്കങ്ങള്‍ തകര്‍ക്കുകയും ആയിരത്തിലധികം റോക്കറ്റ് ലോഞ്ചറുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രമുഖ നേതാക്കളായ മുഹമ്മദ് ദെയ്ഫും സാലേ അല്‍ അറൗറിയും പിന്നെ ഭീകരസംഘടനയുടെ തലവന്‍ ഇസ്മായില്‍ ഹനിയയും എല്ല്ാം കൊല്ലപ്പെട്ട് കഴിഞ്ഞു. ഇസ്മയില്‍ ഹനിയയുടെ വധത്തെ തുടര്‍ന്നാണ് യാഹ്യാ സിന്‍വറെ ഹമാസ് തലവനായി തെരഞ്ഞെടുത്തത്.
അടുത്ത കൂട്ടക്കൊല എങ്ങനെ നടത്താം എന്നതിനെ കുറിച്ചുള്ള ചിന്തയിലാണ് യാഹ്യാ സിന്‍വര്‍ എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ ഒളിത്താവളങ്ങളില്‍ മാറി മാറി താമസിക്കുന്നതും ഇയാളെ പിടികൂടുന്നതിന് തടസമാകുന്നത്. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ മൊസാദ് ആ സന്ദേശങ്ങള്‍ പിടിച്ചെടുക്കും എന്ന് ഭയപ്പെടുന്ന സിന്‍വര്‍ കടലാസില്‍ എഴുതിയാണ് വിശ്വസ്തരുടെ കൈവശം വിവരങ്ങള്‍ അറിയിക്കുന്നത്.
കഴിഞ്ഞ മാസം ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു എങ്കിലും പിന്നീട് ഇത് സത്യമല്ലെന്ന് തെളിഞ്ഞിരുന്നു. അമേരിക്ക ഇയാളെ 2015 ല്‍ ഏറ്റവും വലിയ ഭീകരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.