ഇറാന്റെ എണ്ണക്കിണറുകളും റിഫൈനറികളും യുദ്ധത്തില്‍ തകര്‍ന്നാല്‍ അത് ആഗോളതലത്തില്‍ എണ്ണവില കൂട്ടും; കമലാ ഹാരീസിനെ തോല്‍പ്പിക്കാതിരിക്കാനോ ഈ കരുതല്‍? ഇറാന്റെ ആണവ നിലയങ്ങളും എണ്ണക്കിണറുകളും ആക്രമില്ലെന്ന് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ ഉറപ്പ്

Update: 2024-10-15 05:09 GMT

ജെറുസലേം: ഇറാന്റെ ആണവ നിലയങ്ങളും എണ്ണക്കിണറുകളും ആക്രമില്ലെന്ന് അമേരിക്കക്ക് ഉറപ്പ് നല്‍കി ഇസ്രയേല്‍. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇറാനിലെ പ്രതിരോധ സംവിധാനങ്ങള്‍ ആക്രമിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും നെതന്യാഹു വെളിപ്പെടുത്തിയതായി പ്രമുഖ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച ജോബൈഡനുമായി നെതന്യാഹു നിലവിലെ സ്ഥിതിഗതികള്‍ ടെലഫോണ്‍ സംഭാഷണത്തില്‍ വിശദമാക്കിയിരുന്നു. ഈ മാസം ഒന്നാം തീയതി ഇറാന്‍ ഇസ്രയേലിലേക്ക് നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഈ നടപടി എന്നാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. കൂടാതെ അടുത്ത് നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത തരത്തിലായിരിക്കും തങ്ങള്‍ സൈനിക നടപടിയുമായി മുന്നോട്ട് പോകുക എന്നും നെതന്യാഹു ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്റെ എണ്ണക്കിണറുകളും റിഫൈനറികളും യുദ്ധത്തില്‍ തകര്‍ന്നാല്‍ അത് ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും അത് കമലാ ഹാരീസിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ ദോഷകരമായ ബാധിക്കുമെന്നുമാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത മാസം അഞ്ചിന് മുമ്പ് തന്നെ ഇസ്രയേല്‍ ഇറാന്‍ ആക്രമിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അതിനിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിരന്തരമായി ഭീഷണി ഉയര്‍ത്തുന്ന ഇറാനെതിരെ ശക്തമായ നിലപാടുമായി അമേരിക്കന്‍ സര്‍ക്കാര്‍ രംഗത്തെത്തി.

ഓരോ അമേരിക്കന്‍ പൗരന്റെയും സംരക്ഷണത്തിന്റെ കാര്യം രാജ്യം അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുന്നു എന്നാണ് അമേരിക്ക പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News