കാന്‍സര്‍ ചികിത്സ താത്ക്കാലികമായി നിര്‍ത്തിവെച്ച് ചാള്‍സ് രാജാവ് ആസ്‌ട്രേലിയയിലേക്ക്; ഔദ്യോഗിക യാത്രയില്‍ കാമില രാജ്ഞിയും രാജാവിനെ അനുഗമിക്കും; കടമകള്‍ നിര്‍വ്വഹിക്കാന്‍ ബ്രിട്ടീഷ് രാജാവ്

Update: 2024-10-15 05:23 GMT

ലണ്ടന്‍: കാന്‍സര്‍ പോലൊരു മാരകരോഗവുമായി പരസ്യമായി അങ്കംവെട്ടിയ ഒരേയൊരു ബ്രിട്ടീഷ് രാജാവ് എന്ന ഖ്യാതി നേടിയ ചാള്‍സ് രാജാവ് താത്ക്കാലികമായി ചികിത്സ നിര്‍ത്തുകയാണ്. ആസ്‌ട്രേലിയന്‍ യാത്ര കാരണമാണ് ചികിത്സ നിര്‍ത്തിവയ്ക്കുന്നത്. പതിനൊന്ന് ദിവസത്തെ ആസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനായി കാമില രാജ്ഞിക്കൊപ്പമാണ് 75 കാരനായ രാജാവ് പോകുന്നത്. ഈ യാത്രയ്ക്കായി, ചാള്‍സിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അനുമതി നല്‍കിക്കഴിഞ്ഞു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, വിശ്രമ സമയം കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുള്ളതിനാല്‍, പൊതുപരിപാടികള്‍ കാര്യമായി കുറച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ കടമകള്‍ നിര്‍വ്വഹിക്കണം എന്ന നിശ്ചയദാര്‍ഢ്യമാണ് ആസ്‌ട്രേലിയന്‍ സന്ദര്‍ശനവുമായി മുന്നോട്ട് പോകാന്‍ രാജാവിനെ പ്രേരിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ തന്നെ രാജാവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാണാനാകും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ശരീരഭാരം വലിയ അളവില്‍ തന്നെ കുറഞ്ഞിട്ടുണ്ടെന്നും ഫെബ്രുവരിയില്‍ കാന്‍സര്‍ കണ്ടെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ശരീരഘടനക്കും കാര്യമായ മാറ്റം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും ആസ്‌ട്രേലിയയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാം എന്നതിനാല്‍ തന്നെ ഈ സന്ദര്‍ശനം അതീവ പ്രാധാന്യമുള്ളതാണ്. ബ്രിട്ടീഷ് രാജാവിനെ രാഷ്ട്ര തലവനായി ഇപ്പോഴും അംഗീകരിക്കുന്ന 14 രാജ്യങ്ങളില്‍ ഒന്നാണ് ആസ്‌ട്രേലിയ.

എന്നാല്‍, രാജാവിനെതിരെയുള്ള റിപ്പബ്ലിക്കന്‍ വികാരം ശക്തമായിരിക്കുന്ന ആസ്‌ട്രേലിയയില്‍ രാജാവിന്റെ സന്ദര്‍ശനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിനിടയില്‍, രാജകുടുംബത്തിനുള്ളില്‍ അധികാരമാറ്റം നടക്കുന്നതായി ചില സൂചനകളുമുണ്ട്. വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും അടുത്തിടെ കൂടുതലായി വെള്ളിവെളിച്ചത്തിലേക്ക് വന്നു തുടങ്ങിയത് അതിന്റെ സൂചനകളാണ് എന്നാണ് രാജകുടുംബത്തിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

കാന്‍സര്‍ ചികിത്സയിലായിരുന്ന കെയ്റ്റ് രാജകുമാരി തന്റെ കീമോ തെറാപി ചികിത്സ അവസാനിച്ച വിവരം അറിയിച്ചുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതില്‍ ചാള്‍സ് രാജാവിനെ കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. രാജാവിന്റെ അനുമതിയില്ലാതെയുള്ള ഈ നീക്കം വില്യമും കെയ്റ്റും കൂടുതല്‍ സ്വതന്ത്രരാകുന്നു എന്നതിന്റെ സൂചനയാണെന്നും നിരീക്ഷകര്‍ പറയുന്നു.

Tags:    

Similar News