നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടന്നാല്‍ എപ്പോള്‍ ഫലം അറിയും? ഇപ്പോള്‍ വിജയസാധ്യത ആര്‍ക്ക്? കമലയും ട്രംപും ഒരേപോലെ വോട്ട് നേടിയാല്‍ എന്ത് സംഭവിക്കും? അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഉടന്‍ സംഭവിക്കുന്നത്
വാഷിങ്ടണ്‍: ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കിയിരിക്കുന്ന ഏററവും പ്രധാനപ്പെട്ട സംഭവമാണ് അടുത്ത മാസം അഞ്ചിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്്. തെരഞ്ഞെടുപ്പ് ഫലം എപ്പോള്‍ പുറത്ത് വരും വിജയസാധ്യത ആര്‍ക്കാണ് കമലാഹാരിസും ഡൊണാള്‍ഡ് ട്രംപും ഒരേ പോലെ വോട്ട് നേടിയാല്‍ എന്ത് സംഭവിക്കും തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങളില്‍ എല്ലാം തന്നെ ട്രംപും കമലയും നേരിയ മാര്‍ജിനിലാണ് മാറി മാറി മുന്നിലെത്തിയത് എന്നതാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്നത്. അമേരിക്കയിലെ ഓരോ സംസ്ഥാനങ്ങളിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന്റെ കാര്യത്തില്‍ വ്യത്യസ്ത രീതികളാണ് അവലംബിക്കാറുള്ളത്. വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഫലപ്രഖ്യാപനം നടത്താന്‍ തന്നെയാണ് സാധ്യതയും. പല വോട്ടര്‍മാരും മെയില്‍ വഴി വോട്ട് രേഖപ്പെടുത്തത് കാരണം അവ എണ്ണിത്തീരാന്‍ കൂടുതല്‍ സമയമെടുക്കും എന്നാണ് കരുതപ്പെടുന്നത്.
ആരെ തുണയ്ക്കും എന്ന് ഉറപ്പില്ലാതെ ആടി നില്‍ക്കുന്ന സംസ്ഥാനങ്ങളായ പെന്‍സില്‍വാനിയ, വിസ്‌കോസിന്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണലും കൂടുതല്‍ സമയം അപഹരിക്കാനാണ് സാധ്യത. ചില സംസ്ഥാനങ്ങളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ക്യാമ്പുകളും കോടതിയെ സമീപിച്ചിട്ടുള്ളതും ഫലം യഥാസമയം പുറത്ത് വരുന്നതിനെ പ്രതികൂലമായി ബാധിക്കും. പല സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ആരംഭിക്കുന്നത് രാവിലെ ഏഴ് മണിക്കാണെങ്കിലും അവസാനിക്കുന്നത് വ്യത്യസ്ത സമയങ്ങളിലാണ്. ചില സംസ്ഥാനങ്ങളില്‍ രാവിലെ 6 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ രാത്രി 7 മണിവരെയും മറ്റ് സംസ്ഥാനങ്ങളില്‍ എട്ട് മണി വരെയുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ തന്നെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ വോട്ട് ലഭിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്ന് സംശയവും പലരും ഉയര്‍ത്തുന്നു. അഭിപ്രായസര്‍വ്വേകളില്‍ ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്. ഒരു സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ അയാള്‍ക്ക് 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടേണ്ടതുണ്ട്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ഒരേ വോട്ട് നേടിയത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
2020 ലെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ 306 വോട്ടും ട്രംപ് 232 വോട്ടുമാണ് നേടിയത്. ഇക്കുറി രണ്ട് സ്ഥാനാര്‍ത്ഥികളും തുല്യ വോട്ടുകളാണ് നേടുന്നത് എങ്കില്‍ പിന്നെ തീരുമാനം അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലേക്ക് നീളും. ഇവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം എന്നത് ട്രംപിന് അനുകൂല ഘടകമായി മാറും. അമേരിക്കന്‍ പൗരന്മാര്‍ അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് നേരിട്ടല്ല. അവര്‍ യഥാര്‍ഥത്തില്‍ തിരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളജ് എന്നൊരു 538 അംഗ സമിതിയെയാണ്. അമേരിക്കയിലെ ഓരോ സംസ്ഥാനവും കോണ്‍ഗ്രസിലെ അവരുടെ അംഗസംഖ്യയ്ക്കു തുല്യമായ ഇലക്ടര്‍മാരെ തിരഞ്ഞെടുക്കും.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസിലെ ഉപരിസഭയായ സെനറ്റില്‍ 2 സീറ്റ് വീതമാണുള്ളത്. അതുപോലെ അധോസഭയായ ജനപ്രതിനിധിസഭയില്‍ ജനസംഖ്യാനുപാതികമായ അംഗങ്ങളും. ഉദാഹരണത്തിന്, ന്യൂയോര്‍ക്ക് സംസ്ഥാനത്തിന് 2 സെനറ്റര്‍മാരും 26 ജനപ്രതിനിധിസഭാ അംഗങ്ങളും ആണുള്ളത്. അതിനാല്‍ ഇലക്ടറല്‍ കോളജില്‍ ന്യൂയോര്‍ക്കിന് 28 അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതുപോലെ 50 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിങ്ടന്‍ ഡിസിയും ചേര്‍ന്നു തിരഞ്ഞെടുക്കുന്ന 538 ഇലക്ടറല്‍ കോളജ് അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.