തൂക്കുമരത്തില്‍ കിടന്ന് പിടയുന്നതിനിടയില്‍ വധശിക്ഷ റദ്ദാക്കിയപ്പോള്‍ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് മടക്കി; ഇരകളുടെ കുടുംബത്തിന് പണം കൊടുക്കാത്തതിനാല്‍ വീണ്ടും തൂക്കി കൊന്നു; ഇറാനില്‍ രണ്ടു തവണ ഒരാളെ തൂക്കി കൊന്നപ്പോള്‍

Update: 2024-11-14 07:50 GMT

ടെഹ്‌റാന്‍: ഇറാനില്‍ ഒരാളെ രണ്ട് തവണ തൂക്കിക്കൊന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിചിത്രവും ക്രൂരവുമായ ശിക്ഷാരീതികള്‍ നിരവധിയുളള ഇറാനില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുളളൂ. 2018 ഒക്ടോബറിലാണ് അഹമ്മദ് അലി സദേ എന്ന വ്യക്തി കൊലക്കേസില്‍ അറസ്റ്റിലാകുന്നത്. കുറ്റം ഇയാള്‍ നിഷേധിച്ചു എങ്കിലും കോടതി് വധശിക്ഷ വിധിക്കുകയായിരുന്നു. ഇരുപത്തിയാറുകാരനായിരുന്ന ഇയാളുടെ വധശിക്ഷ കഴിഞ്ഞ ഏപ്രില്‍ 27 നാണ് നടപ്പാക്കേണ്ടിയിരുന്നത്.

തലസ്ഥാനമായ ടെഹ്റാന് പുറത്തുള്ള ഖരാജിലെ ഗസല്‍ ഹെസാര്‍ ജയിലിലാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇയാളെ തൂക്കുമരത്തില്‍ കയറ്റി വധശിക്ഷ നടപ്പാക്കുന്നതിനിടെ 28 സെക്കന്‍ഡ് ആയപ്പോള്‍ പെട്ടെന്ന് നടപടികള്‍ നിര്‍ത്തിവെച്ച് ഇയാളെ തൂക്കുമരത്തില്‍ നിന്ന് മാറ്റുകയായിരുന്നു. തൂക്കുമരത്തില്‍ കിടന്ന് പിടയുന്നതിനിടയിലാണ് ഇയാളെ അതില്‍ നിന്് ഇറക്കിയത്. വധശിക്ഷ നടപ്പാക്കുന്നതിനിടയില്‍ ഇരകളുടെ കുടുംബാംഗങ്ങള്‍ കുറ്റവാളിക്ക് മാപ്പ് നല്‍കിയതായി വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ തൂക്ക് മരത്തില്‍ നിന്ന് ഇറക്കിയത്.

മരിക്കാറായ അഹമ്മദിന് കൃത്രിമ ശ്വാസോച്ഛാസം നല്‍കിയാണ് ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്. തുടര്‍ന്ന് വധശിക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. ഇറാനിലെ മതനിയമമം അനുസരിച്ച് കൊലപാതകിക്ക് ഇരയുടെ വീട്ടുകാര്‍ മാപ്പ് നല്‍കിയാല്‍ അവര്‍ക്ക് പകരമായി നഷ്ടപരിഹാരം നല്‍കണം എന്നാണ് വ്യവസ്ഥ. ബ്ലഡ്മണി എന്നാണ് ഇതിനെ വിളിക്കപ്പെടുന്നത്. എന്നാല്‍ അഹമ്മദിന്റെ വീട്ടുകാര്‍ക്ക് ഇരയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ട വലിയൊരു നഷ്ടപരിഹാരം നല്‍കാനുള്ള സ്ഥിതിയില്ലായിരുന്നു. തുടര്‍ന്ന് ഇയാളെ വീണ്ടും കഴിഞ്ഞ ദിവസം ഗസല്‍ ഹെസാര്‍ ജയിലില്‍ തൂക്കിക്കൊല്ലുകയായിരുന്നു.

നോര്‍വ്വേ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സ്ഥാപനമാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടത്. തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവരെ കൂട്ടത്തോടെ ഒരു ദിവസം തന്നെ തൂക്കിലിടുന്നതാണ് കുപ്രസിദ്ധമായ ഈ ജയിലിലെ രീതി. വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദ്അലി സദേ കൊലക്കേസില്‍ താന്‍ നിരപരാധി ആണെന്നും തന്നെ ഭീകരമായി മര്‍ദ്ദിച്ചാണ് പോലീസ് കുറ്റസമ്മതം നടത്തിച്ചത് എന്നും നേരത്തേ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഒരാളെ ഇത്തരത്തില്‍ രണ്ട് തവണ തൂക്കിലിടുന്നത് ശരിയായ നടപടിയല്ല എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ മാസം ഒരുമാസം കൊണ്ട് ഇറാനില്‍ 166 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത് എന്നാണ് ഈ സംഘടനകള്‍ വെളിപ്പെടുത്തുന്നത്. മാത്രവുമല്ല ജനങ്ങളെ തൂക്കിക്കൊല കാണാന്‍ അനുവദിക്കുന്നതും അങ്ങേയറ്റം ക്രൂരമാണ് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പടുത്തുന്നത്.

Tags:    

Similar News