യാത്രാരേഖ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് കടത്തിവിട്ടില്ല; അതിര്‍ത്തിയില്‍ കാത്തിരുന്നത് മണിക്കൂറുകള്‍; 54 ഇസ്‌കോണ്‍ സന്യാസിമാരെ തടഞ്ഞുവച്ച് ബംഗ്ലദേശ്; പ്രത്യേക അനുമതി ഇല്ലെന്ന് അധികൃതര്‍

ഇസ്‌കോണ്‍ സന്യാസിമാരെ തടഞ്ഞുവച്ച് ബംഗ്ലദേശ്

Update: 2024-12-02 08:43 GMT

ധാക്ക: മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് യാത്ര തിരിച്ച 54 ഇസ്‌കോണ്‍ സന്യാസിമാരെ തടഞ്ഞുവച്ച് ബംഗ്ലദേശ്. യാത്രാ രേഖകള്‍ കൈവശം ഉണ്ടായിട്ടും സന്യാസിമാരെ അതിര്‍ത്തി കടക്കാന്‍ ബംഗ്ലദേശ് അനുവദിച്ചില്ലെന്നാണ് വിവരം. അതിര്‍ത്തിയില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം യാത്രയ്ക്ക് അനുമതിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ വെച്ച് സന്യാസിമാരെ തടഞ്ഞ അധികൃതര്‍ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. യാത്ര സംഘത്തിന് ഇന്ത്യയിലേക്ക് പോകാന്‍ അനുവാദം നല്‍കരുതെന്ന് ഉന്നത അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

ഇസ്‌കോണ്‍ അംഗങ്ങള്‍ക്ക് പാസ്‌പോര്‍ട്ടും വിസയും ഉണ്ടായിരുന്നു, എന്നാല്‍ യാത്രക്കുള്ള പ്രത്യേക അനുമതി ഇല്ലെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ബംഗ്ലാദേശില്‍ ഇസ്‌കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌കോണ്‍ സന്യാസിമാര്‍ക്ക് ഇന്ത്യയിലേക്ക് പോകാനുള്ള യാത്ര അനുമതി നിഷേധിച്ചത്.

ഇസ്‌കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ സംഭവം. സംഘത്തെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കരുതെന്ന് ഉന്നത അധികാരികളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ഇമിഗ്രേഷന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബംഗ്ലദേശ് പത്രമായ ദ് ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.

''ഞങ്ങള്‍ പൊലീസിന്റെ സ്പെഷല്‍ ബ്രാഞ്ചുമായി കൂടിയാലോചിച്ചു. അവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കരുതെന്ന് ഉന്നത അധികാരികളില്‍നിന്ന് നിര്‍ദേശം കിട്ടി. ഇന്ത്യയില്‍ മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പദ്ധതിയിട്ടിരുന്ന ഇസ്‌കോണ്‍ അംഗങ്ങള്‍ക്ക് പാസ്പോര്‍ട്ടുകളും വീസകളും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ യാത്രയ്ക്ക് ആവശ്യമായ പ്രത്യേക സര്‍ക്കാര്‍ അനുമതി ഇല്ലായിരുന്നു'' അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതാണെന്ന് ഇസ്‌കോണ്‍ അംഗങ്ങളില്‍ ഒരാളായ സൗരഭ് തപന്ദര്‍ ചെലി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്‌കോണ്‍ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദര്‍ദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം ബംഗ്ലാദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൂടാതെ 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായിരുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരെയാണ് നടപടിയെന്നാണ് വിശദീകരണം.

Tags:    

Similar News