'അറബ് വസന്ത'ത്തിന്റെ അണയാത്ത തീക്കനല്‍; ആയുധക്കച്ചവടത്തിന്റെ ഇരകള്‍; പ്രസിഡന്റിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയന്‍ ജനത; അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് വലിച്ചിഴച്ച് ആഘോഷം; വിമാന അപകടത്തില്‍ ബഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടതായി അഭ്യൂഹം

'അറബ് വസന്ത'ത്തിന്റെ അണയാത്ത തീക്കനല്‍

Update: 2024-12-08 13:37 GMT

ഡമാസ്‌കസ്: തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമത സേന പിടിച്ചതിനു മുന്‍പ് രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി കൊള്ളയടിച്ച് സിറിയന്‍ ജനത. പ്രസിഡന്റിന്റെ വസതിയായ ഡമാസ്‌കസിലെ കൊട്ടാരത്തില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അസദിന്റെ സ്വകാര്യ സ്വത്തുക്കളടക്കം കൊള്ളയടിച്ചു.

വിമതര്‍ തലസ്ഥാനത്ത് പ്രവേശിച്ചതിനുപിന്നാലെ തന്റെ 24 കൊല്ലത്തെ ഏകാധിപത്യഭരണം ഉപേക്ഷിച്ച് അസദ് വിമാനമാര്‍ഗ്ഗം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രാലക്ഷ്യസ്ഥാനം അസദ് വെളിപ്പെടുത്തിയിരുന്നില്ലെന്ന് രണ്ട് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

സിറിയന്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി പുറപ്പെട്ടെന്നു കരുതുന്ന വിമാനം തകര്‍ന്നുവീഴുകയോ വെടിവച്ചിടുകയോ ചെയ്‌തെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. റഡാറില്‍നിന്ന് വിമാനം പൊടുന്നനെ അപ്രത്യക്ഷമായതാണ് ഇതിനു പിന്നിലെ കാരണം.

വിമാന സ്‌പോട്ടിങ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം സിറിയന്‍ എയര്‍ വിമാനക്കമ്പനിയുടെ ഇല്യൂഷിന്‍ 276ടി എന്ന വിമാനം ഡമാസ്‌കസ് വിമാനത്താവളത്തില്‍നിന്നു പറന്നുയരുന്നതും പിന്നീട് സിറിയയുടെ തീരമേഖലയിലേക്കു നീങ്ങുന്നതും കാണാം. ലറ്റാക്കിയയിലേക്കായിരുന്നു വിമാനത്തിന്റെ പോക്കെന്നായിരുന്നു അനുമാനം. എന്നാല്‍ പെട്ടെന്ന് ഈ വിമാനം യാത്ര എതിര്‍ദിശയിലേക്കു മാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ ഹോംസ് നഗരത്തിനു സമീപം റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു.

അസദ് എങ്ങോട്ടാണ് പോയതെന്നുള്ള വിവരങ്ങള്‍ സിറിയന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, അഭ്യൂഹങ്ങളെക്കുറിച്ചു പ്രതികരിക്കാനും അവര്‍ തയാറായിട്ടില്ല. 3,650 മീറ്ററില്‍നിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നില്‍ മിസൈല്‍ ആക്രമണം, വിമാനത്തിന്റെ യന്ത്രത്തകരാര്‍ തുടങ്ങിയവയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം.

അതിനിടെ സിറിയന്‍ ജനത ബഷാര്‍ അല്‍ അസദിന്റെ ഏകാധിപത്യ ഭരണം തകര്‍ന്നത് വിമത സേനയ്ക്ക് ഒപ്പം ചേര്‍ന്ന് ആഘോഷിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. പ്രസിഡന്റിന്റെ വസതിയില്‍ ജനങ്ങള്‍ കയറുന്നതിന്റേയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കൂടാതെ, അസദിന്റെ പിതാവും മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍ അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് തലസ്ഥാന വീഥികളിലൂടെ വലിച്ചിഴച്ച് ജനങ്ങള്‍ വിമതരോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

നാടകീയമായ അട്ടിമറിയിലൂടെയാണ് 1970 ല്‍ ഹാഫിസ് അല്‍ അസദ് സിറിയയുടെ പ്രധാനമന്ത്രിപദത്തിലേക്കെത്തിയത്. പിന്നീട് പ്രസിഡന്റ് പദവിലെത്തിയ അദ്ദേഹം 2000 ല്‍ മരിക്കുന്നതുവരെ പ്രസിഡന്റായി അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ന്നാണ് ബഷര്‍ അല്‍ അസദ് അധികാരത്തിലെത്തിയത്.

അസദ് രാജ്യം വിട്ടതിനെ തുടര്‍ന്ന് ഡമാസ്‌കസിലും മറ്റ് പ്രധാനനഗരങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ അരങ്ങേറുകയാണ്. വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും എല്ലായിടത്തും മുഴങ്ങുന്നുണ്ട്. പ്രതിമകളുടെ ശിരസ്സ് തകര്‍ത്തും വലിച്ചിഴച്ചും പ്രതിമകളുടെ മുകളില്‍ കയറിയിരുന്നും ജനങ്ങള്‍ ആഘോഷിക്കുകയാണ്. ഡമാസ്‌കസിലെ കുപ്രസിദ്ധമായ സെദ്നായ ജയിലിലെ മുഴുവന്‍ തടവുകാരേയും വിമതര്‍ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിറിയയിലെ 'അറബ് വസന്തം'

സിറിയയില്‍ ഭരണം പിടിച്ചെടുത്തെന്ന വിമത സേനയുടെ പ്രഖ്യാപനത്തോടെ 54 വര്‍ഷത്തെ കുടുംബവാഴ്ചയ്ക്കും, 13 വര്‍ഷമായി നടന്ന് കൊണ്ടിരിക്കുന്ന വിമതരുടെ പോരാട്ടങ്ങള്‍ക്കുമാണ് തിരശ്ശീല വീഴുന്നത്. 2011 ജനുവരി 14ന് ടുണീഷ്യയില്‍ പൊട്ടി പുറപ്പെട്ട അറബ് വസന്തത്തിന്റെ തുടര്‍ച്ചയായിരുന്നു ലിബിയ, ഈജിപ്ത്, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍. രാജ്യങ്ങള്‍ പലതായിരുന്നെങ്കിലും എല്ലാവരുടെയും പോരാട്ടം ഏകാധിപത്യ ഭരണകൂടത്തിനെതിരെയായിരുന്നു.

ടുണീഷ്യയിലെ സിദി ബോസിദ് എന്ന ചെറുപട്ടണത്തില്‍ 2010 ഡിസംബര്‍ 17ന് മുഹമ്മദ് ബൊസിസി എന്ന യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയായിരുന്നു പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായത്. ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ജോലി കിട്ടാതിരുന്ന മുഹമ്മദ് ഉന്തുവണ്ടിയില്‍ പച്ചക്കറി വിറ്റ് ഉപജീവനം നടത്തുകയായിരുന്നു. എന്നാല്‍ പെര്‍മിറ്റില്ലാതെ തെരുവ് കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ അവനോട് കൈക്കൂലി ചോദിച്ചു. വിസമ്മതിച്ചപ്പോള്‍, അവനെ മര്‍ദിക്കുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.

ടുണീഷ്യയിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇത് കാരണമായി. ഭരണകൂടത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചു. 23 വര്‍ഷമായി ടുണീഷ്യ അടക്കിഭരിച്ചിരുന്ന സൈനല്‍ ആബിദീന്‍ ബിന്‍ അലിയുടെ പതനത്തിന് ഈ പ്രക്ഷോഭങ്ങള്‍ വഴിവെച്ചു. അറബ് വസന്തത്തിന്റെ തുടക്കമിതായിരുന്നു. പിന്നാലെ സമാനരീതിയില്‍ ഏകാധിപത്യ ഭരണം നിലനിന്നിരുന്ന സിറിയ പോലുള്ള രാജ്യങ്ങളിലേക്ക് അറബ് വസന്തം പടര്‍ന്നു.

18 വര്‍ഷമായി സിറിയ ഭരിച്ചിരുന്ന ബാഷര്‍ അല്‍ അസദിനെതിരെയായിരുന്നു പ്രക്ഷോഭം. 1971ല്‍ ബാത്ത് പാര്‍ട്ടിയുടെ കീഴില്‍ അസദിന്റെ പിതാവ്, ഹഫീസ് അല്‍ അസദ് ഭരണം സ്ഥാപിച്ചതു മുതല്‍ അല്‍-അസാദ് കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സിറിയ. 2000-ല്‍ ഹഫീസിന്റെ മരണശേഷം മകന്‍ ബാഷര്‍ അല്‍ അസദ് അധികാരമേറ്റു. ഈ കുടുംബവാഴ്ചയ്ക്കും ഏകാധിപത്യ ഭരണത്തിനുമെതിരെ അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ട് കാലം കുറെയായിരുന്നു. എന്നാല്‍ അറബ് വസന്തത്തിന്റെ ഉദയം അതിന്റെ ആക്കം കൂട്ടി.

ജനാധിപത്യമെന്ന ആവശ്യത്തില്‍ പ്രക്ഷോഭകര്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞു. അസാദിന് പിന്തുണയുമായി ഇറാനും റഷ്യയുമെത്തിയപ്പോള്‍ അമേരിക്കയും ചില അറബ് രാഷ്ട്രങ്ങളും പ്രക്ഷോഭകര്‍ക്ക് പിന്തുണ അറിയിച്ചു. സുന്നി, ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയും മുസ്ലീം - ജൂത വിരോധവും, ആയുധക്കച്ചവടം ലക്ഷ്യമിടുന്ന അമേരിക്കയും റഷ്യയും കൂടിച്ചേര്‍ന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര കലാപത്തിലേക്ക് സിറിയ മാറി. ലക്ഷക്കണക്കിന് ആളുകള്‍ മരിച്ച് വീണു. ദശലക്ഷക്കണക്കിന് സിറിയക്കാര്‍ പലായനം ചെയ്തു. സമ്പദ് വ്യവസ്ഥ തകര്‍ന്നു.

സിറിയയുടെ കുറച്ച് സ്ഥലം വിമതരുടെ നിയന്ത്രണത്തിലായപ്പോള്‍ ബാക്കിയുള്ളയിടത്ത് അസദ് അധികാരം ഉറപ്പിച്ച് നിര്‍ത്തി. കടുത്ത ആക്രമണങ്ങളിലൂടെ പ്രക്ഷോഭകരെ ചെറുത്തു. എന്നാല്‍ നവംബര്‍ അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള പ്രതിപക്ഷ സംഘടനകള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം സ്ഥിതിഗതികള്‍ മാറ്റി. ഇറാനും റഷ്യയും അവരുടേതായ യുദ്ധമുഖങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അസദിന് പരാജയം സമ്മതിക്കേണ്ടി വന്നു.

Tags:    

Similar News