മുന്‍ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മയെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല; അസ്മ ബ്രിട്ടനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

Update: 2024-12-24 05:15 GMT

ലണ്ടന്‍: മുന്‍ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മയെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. അസ്മയുടെ ജീവിതകാലത്തേക്കും അവര്‍ ബ്രിട്ടനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചതിനെ തുടര്‍ന്നാണ് അസദും കുടുംബവും റഷ്യയിലേക്ക് രക്ഷപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്ത് അനുസരിച്ച് അസ്മ അസദുമായി വിവാഹമോചനം നടത്താന്‍ തീരുമാനിച്ചു എന്നാണ്. ഇതിനായി അവര്‍ റഷ്യയിലെ ഒരു കോടതിയെ സമീപിച്ചിരിക്കുകയാണ്. വിവാഹമോചനം നേടിയതിന് ശേഷം ജന്മനാടായ ബ്രിട്ടനിലേക്ക്് മക്കളുമൊത്ത് പോകാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. 49കാരിയായ അസ്മ അല്‍ അസദ് അര്‍ബുദരോഗം ഗുരുതരമായ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ടണ്‍കണക്കിന്് നോട്ടു കെട്ടുകളാണ് അസദ് ഭരണത്തില്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ സിറിയയില്‍ നിന്ന് വിമാനങ്ങളില്‍ റഷ്യയില്‍ എത്തിച്ചതെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. റഷ്യയില്‍ ഇരുപതോളം അപ്പാര്‍ട്ട്മെന്റുകള്‍ അസദിന്റെ കുടുംബത്തിന് സ്വന്തമായിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ റഷ്യയിലെ പല വന്‍ വ്യവസായ സംരംഭങ്ങളിലും ഇവര്‍ക്ക് വന്‍ മുതല്‍ മുടക്കുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ റഷ്യ ഇപ്പോള്‍ അസദിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അസദിന് മോസ്‌ക്കോ വിട്ട് പുറത്തു പോകാന്‍ അനുവാദമില്ല.ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും അനുമതിയില്ല. കൂടാതെ അസദിന്റെ റഷ്യയിലെ ആസ്തികളും പു്ട്ടിന്‍ ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ നോര്‍ത്ത് ആക്ടണിലാണ് അസ്മ അല്‍ അസദ് ജനിച്ചു വളര്‍ന്നത്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അവര്‍ ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള വന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്ന വ്യക്തി കൂടിയാണ്. അസ്മ ബ്രിട്ടനിലേക്ക് പോകാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത തുര്‍ക്കിഷ് മാധ്യമങ്ങളാണ് പുറത്തു വിട്ടത്. ബ്രിട്ടനിലും സിറിയയിലുമായി ഇരട്ട പൗരത്വമുള്ള അസ്മ കൂടുതല്‍ മെച്ചപ്പെട്ട ക്യാന്‍സര്‍ ചികിത്സ ലഭിക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടനിലേക്ക് പോകാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അസ്മയ്ക്ക് സന്ദര്‍ശനാനുമതി നല്‍കുന്ന കാര്യത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം എം.പിമാരും അസ്മയെ തിരികെ രാജ്യത്തേക്ക് വരാന്‍ അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ്. സിറിയയില്‍ അസദും കുടുംബവും കാട്ടിക്കൂട്ടിയ ക്രൂരതകളും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് എം.പിമാര്‍ അസ്മയുടെ പ്രവേശനത്തെ എതിര്‍ക്കുന്നത്. ബ്രിട്ടനില്‍ അസ്മ തിരികെയെത്തി ആഡംബര ജീവിതം നയിക്കുന്നത് സിറിയയിലെ കഷ്ടപ്പെടുന്ന ജനങങളോട് കാട്ടുന്ന നീതികേടായിരിക്കുമെന്നാണ് ഈ എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നത്.

അസദിന് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലെമി ഒന്ന് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം അസ്മയുടെ വരവ് തടയുന്നതിനായി അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുമോ എന്ന ചോദ്യത്തിന് ഔദ്യോഗിക വൃത്തങ്ങള്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. അസദിനും കുടുംബത്തിനും ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഭാര്യ അസ്മക്കും ബാധകമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. 2012 ല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സിറിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അത് കൊണ്ട് തന്നെ അസ്മയുടെ ബ്രിട്ടനിലെ ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News