യെമനിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഹൂത്തി വിമതര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍; പശ്ചിമേഷ്യയിലെ പുതുവല്‍സര പിറവിയില്‍ നിറയുന്നത് യുദ്ധഭീതി തന്നെ

Update: 2024-12-27 06:06 GMT

ജെറുസലേം; വീണ്ടും യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ. ഹൂത്തി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ ദിവസങ്ങല്‍ നിരവധി തവണയാണ് ഹൂത്തികള്‍ ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ചത്.ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സനയിലെ ഹൂത്തി കേന്ദ്രങ്ങളില്‍ ശക്തമായി ആഞ്ഞടിച്ചത്.

ഇരുപത്തിയഞ്ച് പോര്‍വിമാനങ്ങളാണ് ഇസ്രയേല്‍ സനയിലേക്ക് അയച്ചത്. പോര്‍ വിമാനങ്ങള്‍ പടിഞ്ഞാറന്‍ മേഖലയിലെ ഹൂത്തി കേന്ദ്രങ്ങളിലാണ് കൂടുതലായി ആക്രമണം നടത്തിയത്. ഹൂത്തികളുടെ പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങള്‍ തന്നെയാണ് ഇസ്രയേല്‍ ആദ്യം ലക്ഷ്യമിട്ടത്. സനയിലെ അന്താരാഷ്ട്ര വിമാനത്താവളം, ഹെസ്യാസ് പവര്‍ പ്ലാന്റ് എന്നിവിടങ്ങളില്‍ ശക്തമായ ബോംബാക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. കൂടാതെ യെമനിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളായ ഹുദൈദ, സാലിഫ്, റാസ് ക്വാന്‍ഡിബ് എന്നിവിടങ്ങളില്‍ ഇസ്രയേല്‍ വ്യോമസേന ബോംബ് വര്‍ഷം നടത്തി. മറ്റൊരു പവര്‍ പ്ലാന്റും തകര്‍ത്തതായി പറയപ്പെടുന്നു എങ്കിലും അത് ഏതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഈ മേഖലകള്‍ എല്ലാം തന്നെ ഇറാനില്‍ നിന്ന് ആയുധങ്ങള്‍ എത്തിക്കുന്നതിനും ഇറാനിലെ പ്രമുഖര്‍ക്ക് ഹൂതതികളുമായി ചര്‍ച്ചകള്‍ നടത്താനായി എത്താനുമാണ് ഉപയോഗിച്ചിരുന്നത്. ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും 40ഓളം പേര്‍ക്ക് പരിക്കേറ്റതായും ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ സബ വ്യക്തമാക്കി. സനായിലെ വിമാനത്താവളം പൂര്‍മമായും തകര്‍ന്നതായിട്ടാണ് അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവര്‍ ചാരക്കൂമ്പാരമായി മാറിയതായും പറയപ്പെടുന്നു. അതിനിടെ യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും , വിമാനത്തില്‍ കയറാന്‍ പോകുമ്പോഴാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തില്‍ വിമാനത്തിലെ ഒരു ജീവനക്കാരന്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. താന്‍ വിമാനത്താവളത്തില്‍ ഉള്ളപ്പോളാണ് ആക്രമണം ഉണ്ടായതെന്നും, ഭാഗ്യത്തിന് ജീവന്‍ നഷ്ടമാകാതിരുന്നതെന്നും ലോകാരോഗ്യ സംഘടനാ മേധാവി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. തങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഡിപ്പാര്‍ച്ചര്‍ ലോഞ്ച്, റണ്‍വേ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സഹപ്രവര്‍ത്തകരും താനും സുരക്ഷിതരാണ് എന്നും അഥാനോം ട്വീറ്റ് ചെയ്തു.

ഇസ്രയേല്‍ ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് അപലപിച്ചു. സാധാരണക്കാരെയും യുഎന്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഒരിക്കലും ലക്ഷ്യം വെക്കരുതെന്ന അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. എന്നാല്‍ സന വിമാനത്താവളത്തിന് സമീപത്തുള്ള ഹൂതികളുടെ രഹസ്യ ആയുധശാലകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

യെമന്‍ ആക്രമിക്കാനുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ തീരുമാനത്തിന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും സൈനിക മേധാവി ഹെര്‍സി ഹലൈവിയും അനുമതി നല്‍കിയിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News