ട്രംപിന്റെ ഹോട്ടലിന് മുന്‍പില്‍ ടെസ്ലയുടെ സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരു മരണം; ന്യൂ ഓര്‍ലിയന്‍സ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ട്രംപിനെ തീര്‍ക്കാനുള്ള പദ്ധതിയാണോന്ന് ആശങ്കപ്പെട്ട് എഫ് ബി ഐ; ഭീകരാക്രമണ സാധ്യതയില്‍ അന്വേഷണം
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ലാസ് വെഗാസിലെ ഹോട്ടലിന് മുന്നില്‍ ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമാക്കി അധികൃതര്‍. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലിന്റെ പ്രധാന വാതിലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആദ്യം വാഹനം തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു.വളരെ വലിയ ശബ്ദത്തോടെയാണ് വാഹനം പൊട്ടിത്തെറിച്ചതെന്നാണ് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സര ആഘോഘത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് നടത്തിയ സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. സ്‌ഫോടനത്തിന് പിന്നാലെ ഹോട്ടലില്‍ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂര്‍ണമായും ഒഴിപ്പിച്ചു.
സ്ഫോടനത്തിന് പിന്നില്‍ ബോംബാണ് വന്‍ സ്ഫോടക ശേഷിയുള്ള പടക്കങ്ങളാണോ ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായി ടെസ്ലാ ഉടമ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. ന്യൂഓര്‍ലിയന്‍സില്‍ ട്രക്ക് ഇടിച്ച് കയറ്റി വെയ്പ് നടത്തിയതിന് തൊട്ടു പിന്നാലെ ഉണ്ടായ ഈ സ്ഫോടനം തീവ്രവാദി ആക്രമണം തന്നെയാകാനാണ് സാധ്യതയെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. ഈ രണ്ട് ആക്രമണങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അധികൃതര്‍ പരിശോധിച്ചു വരികയാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെസ്ലയുടെ കാറും പൂര്‍ണമായി കത്തി നശിച്ചു. സ്ഫോടക വസ്തുക്കള്‍ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കാനാണ് സാധ്യതയെന്നാണ് മസ്‌ക് പറയുന്നത്. മസ്‌ക്കിന്റെ സ്ഥാപനമായ ടെസ്ലക്ക് വേണ്ടി വാടകക്ക് എടുത്തതാണ് ഈ ട്രക്ക്. ട്രക്കിന്റെ ഡ്രൈവറുടെ പേരോ മറ്റ് വിശദാംശങ്ങളോ ഇനിയും വ്യക്തമായിട്ടില്ല. ന്യൂ ഓര്‍ലിയന്‍സില്‍ അക്രമി ഉപയോഗിച്ചിരുന്ന ട്രക്കും പൊട്ടിത്തെറിച്ച ട്രക്കും ട്യൂറോയില്‍ നിന്നാണ് വാടകക്ക് എടുത്തിരുന്നത്. അത് കൊണ്ട് തന്നെ രണ്ട് സംഭവങ്ങളും തമ്മില്‍ പരസ്പര ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുകയാണ്.
പൊട്ടിത്തെറിച്ച ട്രക്കില്‍ നിന്നും സ്ഫോടക വസ്തുക്കളും ഗ്യാസ് സിലിണ്ടറും ഇന്ധനവും എല്ലാം കണ്ടെടുത്തിരുന്നു. ട്രക്കിന്റെ ഡ്രൈവര്‍ തന്നെയാകാം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്് സ്ഫോടനം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഫോടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഈ ട്രക്ക് ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നതിന്റ സിസിടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സ്്ഫോടനത്തെം കുറിച്ച് ടെസ്ല കമ്പനിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കാണ് അന്വേഷണ ചുമതല എന്നാണ് ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് ഹോട്ടലും പരിസരവും കനത്ത പുക കൊണ്ട് മൂടിയത് നാട്ടുകാരേയും ടൂറിസ്റ്റുകളേയും പരിഭ്രാന്തിയിലാക്കി. ടെസ്ലയുടെ സൈബര്‍ട്രക്കുകള്‍ അമേരിക്കയില്‍ ഏറ്റവുമധികം വില്‍പ്പനയുളള ഇലക്ട്രിക്ക് വാഹനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.