പലർക്കും വെടിനിര്‍ത്തല്‍ സംബന്ധിച്ച് വ്യത്യസ്തമായ നിലാപടുകൾ; അഭിപ്രായങ്ങളിലും വ്യത്യാസം; മന്ത്രിസഭക്ക് ഉള്ളില്‍ തന്നെ വോട്ടെടുപ്പ് നടത്തേണ്ടിവരും; കരാറിനെതിരെ കോടതിയെ സമീപിക്കാനും ആലോചന; ഒരു നൂൽ വ്യത്യാസത്തിൽ ഗാസയ്ക്ക് സമാധാനം; ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ചര്‍ച്ച ചെയ്യും; ഇസ്രയേലിന്റെ സെക്യൂരിറ്റി ക്യാബിനറ്റ് യോഗം ഇന്ന് തന്നെ ചേരും!

Update: 2025-01-17 06:46 GMT

ടെൽ അവീവ്: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രയേലിന്റെ സെക്യൂരിറ്റി ക്യാബിനറ്റ് യോഗം ഇന്ന് യോഗം ചേരും. കരാറിന് നാളെ സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുമെന്നാണ് കരുതപ്പെടുന്നത്. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രിമാരുമായി കരാറിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച ചെയ്യും. ഒരു പ്രധാന പ്രതിസന്ധി ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത് ഇസ്രയേല്‍ ഭരിക്കുന്നത് ഒരു കൂട്ടുമുന്നണി സര്‍ക്കാരാണ്.

മന്ത്രിസഭയില്‍ അംഗങ്ങളായ പലര്‍ക്കും വെടിനിര്‍ത്തല്‍ സംബന്ധിച്ച് വ്യത്യസ്തമായ നിലാപടുകളാണ് ഉള്ളത്. അത് കൊണ്ട തന്നെ കരാറിലെ പല കാര്യങ്ങളിലും മന്ത്രിസഭക്ക് ഉള്ളില്‍ തന്നെ വോട്ടെടുപ്പ് വേണ്ടി വന്നേയ്ക്കും എന്നാണ്. വെടിനിര്‍ത്തല്‍ കരാറിനെതിരെ ആര്‍്‌ക്കെങ്കിലും കോടതിയെ സമീപിക്കണം എങ്കില്‍ അതിന് സമയം നല്‍കുന്നതിന് കൂടിയാണ് കരാറിന് നാളെ ഔദ്യോഗിക അനുമതി നല്‍കിയാല്‍ മതി എന്ന് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച ആയിരിക്കും കരാര്‍ നിലവില്‍ വരിക. അത് കൊണ്ട് തന്നെ ഞായറാഴ്ച പുറത്തിറങ്ങേണ്ട ബന്ദികള്‍ തിങ്കളാഴ്ച മാത്രമേ മോചിപ്പിക്കപ്പെടുകയുള്ളൂ.

ദോഹയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത ഇസ്രയേല്‍ പ്രതിനിധികള്‍ മടങ്ങിയെത്തിയതിന് ശേഷം മാത്രമായിരിക്കും മന്ത്രിസഭായോഗം ചേരുന്നത്. ഇന്ന് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ യോഗവും നാളെ പൂര്‍ണ മന്ത്രിസഭാ യോഗവും ചേരുമെന്നാണ് പറയപ്പെടുന്നത്.

അതിനിടെ, 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായതിന് ശേഷം ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 81 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. 188 പേര്‍ക്ക് പരിക്കേറ്റുവെന്നും അവര്‍ പറഞ്ഞു.

ഇസ്രയേല്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം വെടിനിര്‍ത്തലിന് ധാരണയായിരുന്നു. യു.എസ്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസംമാത്രം ബാക്കിയുള്ളപ്പോഴായിരുന്നുഇത്. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഹമാസ് അറിയിക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ മന്ത്രിസഭയില്‍ ഇതിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിരുന്നത്.

ഇതിനിടയിലാണ് വോട്ടെടുപ്പ് നീളുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഹമാസ് ധാരണകളില്‍നിന്ന് പിന്നോട്ട് പോകുകയും അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിക്കുകയും കരാറിനെ തടയുകയും ചെയ്യുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. കരാറിലെ എല്ലാകാര്യങ്ങളും ഹമാസ് അംഗീകരിച്ചതായി മധ്യസ്ഥര്‍ ഇസ്രായേലിനെ അറിയിക്കുന്നത് വരെ മന്ത്രിസഭ ചേരില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ പിന്നോട്ട്പോയെന്ന നെതന്യാഹുവിന്റെ ആരോപണം ഹമാസ് തള്ളി. മധ്യസ്ഥര്‍ പ്രഖ്യാപിച്ച കരാര്‍പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസ് വിശദീകരിച്ചു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്. ബന്ദികളില്‍ 105 പേരെ 2023 നവംബറില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍സമയത്ത് മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രയേലില്‍ തടവിലുണ്ടായിരുന്ന 240 പലസ്തീന്‍കാരെ മോചിപ്പിച്ചിരുന്നു.

ബന്ദികളില്‍ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട് അവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേല്‍ പറയുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 33 ബന്ദികളെ ആറാഴ്ചകൊണ്ട് ഹമാസ് ഇസ്രയേലിനു കൈമാറും. ഇതിനു പകരമായി ഇസ്രയേലിന്റെ തടവറയിലുള്ള രണ്ടായിരത്തോളം പലസ്തീന്‍കാരെ മോചിപ്പിക്കും തുടങ്ങിയ ധാരണകളായിരുന്നു വെടിനിര്‍ത്തല്‍ കരാറിലുണ്ടായിരുന്നത്.

Similar News