ടിക് ടോക്ക് നിരോധനം നീക്കിയേക്കും; വ്യാപാര ബന്ധവും കൂട്ടും; വിദേശ നേതാവിന്റെ സത്യപ്രതിജ്ഞയില്‍ ആദ്യമായി പങ്കെടുക്കാന്‍ ചൈന; 100 ദിവസത്തിനകം ഷിജിന്‍ പിങിനെ കാണാന്‍ ട്രംപ് ചൈനയിലേക്ക്; ഏപ്രിലില്‍ ഇന്ത്യയിലേക്കും? നല്ല സൗഹൃദങ്ങളുണ്ടാക്കാന്‍ നയതന്ത്രം ശക്തമാക്കാന്‍ ട്രംപ്; ഇസ്രയേല്‍-ഹമാസ് സമാധാന കരാറും ചര്‍ച്ചകളില്‍

Update: 2025-01-20 02:35 GMT

വാഷിംങ്ടണ്‍: അമേരിക്കയും ചൈനയും കൂടുതല്‍ അടുക്കുമോ? അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുമ്പോള്‍ ചൈനയിലേക്കാണ് ലോകത്തിന്റെ കണ്ണ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേല്‍- ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ട്രംപ് പറഞ്ഞതില്‍ തന്നെ ചില സൂചനകളുണ്ട്. അധികാരമേറ്റെടുത്തു കഴിഞ്ഞാല്‍ ട്രംപ് വെള്ളിയാഴ്ച്ച ലോസ് ആഞ്ചലസ് അഗ്‌നി ബാധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബൈഡന്‍ സര്‍ക്കാരിന്റെ നിരവധി നിയമങ്ങള്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ വഴി പിന്‍വലിക്കുമെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവും പുറത്തിറക്കും. ഇത് ചൈനീസ് നയതന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

പ്രസിഡന്റ് പദവി ഏറ്റെടുത്താല്‍ ഉടന്‍ ട്രംപ് ചൈന സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ചൈന സന്ദര്‍ശിക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോണില്‍ സംസാരിച്ചിരുന്നു. വ്യാപാരം, ഫെന്റനൈല്‍, ടിക് ടോക്ക് എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ചൈനയുമായി കൂടുതല്‍ സഹകരണമാണ് അമേരിക്കയുടെ ലക്ഷ്യം. റഷ്യയുമായും ട്രംപിന് നല്ല ബന്ധമുണ്ട്. വളാഡിമര്‍ പുട്ടിനേയും ട്രംപ് വിശ്വാസത്തില്‍ എടുക്കുമെന്നാണ് സൂചന. ചൈനയുമായി തീര്‍ത്തും അപ്രതീക്ഷിയ നയതന്ത്ര നീക്കങ്ങള്‍ ട്രംപ് നടത്തുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടിക്ടോക് നിരോധിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് യു.എസ്. കോണ്‍ഗ്രസ് തീരുമാനിച്ചത്. ഒന്നുകില്‍ ടിക്ടോക് പൂട്ടുക, അല്ലെങ്കില്‍ ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക-ഇതായിരുന്നു തീരുമാനം. ടിക്ടോക്കിന്റെ ഉടമകളായ ബൈറ്റ്ഡാന്‍സ് ഇതിനെതിരേ സുപ്രീംകോടതിയില്‍വരെ പോയി. ഒരിക്കല്‍ ടിക്ടോക്കിന്റെ ശത്രുവായിരുന്ന ട്രംപ് കഴിഞ്ഞവര്‍ഷം അതില്‍ അംഗമായി. ടിക്ടോക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഷൂ ച്യൂവിനെ തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞച്ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ച്യൂ പങ്കെടുക്കുമെന്നാണ് വാര്‍ത്തകള്‍. ടിക്ടോക് നിരോധനം നിലവില്‍വരുന്നതിന്റെ പിറ്റേന്ന് അധികാരമേല്‍ക്കുന്ന അദ്ദേഹത്തിന് പി.എ.എഫ്.എ.സി.എ. നിയമം നടപ്പാക്കരുതെന്ന് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിക്കാം. ടിക്ടോക് വില്‍പ്പനയ്ക്ക് തയ്യാറാണെന്ന് ബൈറ്റ്ഡാന്‍സ് തെളിവുനല്‍കിയാല്‍ നിരോധനം 90 ദിവസത്തേക്ക് സ്റ്റേ ചെയ്യാനും ട്രംപിന് കഴിയും.

സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡന്റിനെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ഷി ജിന്‍പിങ്ങിന് പകരം ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങിനാണ് അമേരിക്കയിലെത്തുന്നത്. ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. അധികാരമേല്‍ക്കുന്നതിന് പിന്നാലെ വിദേശരാജ്യങ്ങളും നേതാക്കളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യപടിയായി ഇന്ത്യയും ചൈനയും ട്രംപ് സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കാനാണ് ട്രംപ് ആലോചിക്കുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇന്ത്യയും ചൈനയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളായിരിക്കും ട്രംപ് സ്വീകരിക്കുക. ഡിസംബറിലെ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് ട്രംപ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭരണത്തില്‍ തിരിച്ചെത്തുന്നതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കും. രണ്ടാം തവണയാണ് ട്രംപ് യുഎസിന്റ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ചടങ്ങില്‍ ഏകദേശം 500,000 ആളുകള്‍ പങ്കെടുത്തേക്കും. യുഎസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.

Similar News