ഇന്നലെ നടന്നത് സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്; ഒറ്റയൊരാള്‍ വെടിവച്ച് കൊന്നത് പത്തുപേരെ; അക്രമിയുടെ പേര് പുറത്ത് പറയാതെ പോലീസ്; ഭീകരാക്രമണമാണോ വംശീയ കൊലയാണോ എന്നറിയാതെ അക്ഷമരായി ജനങ്ങള്‍

Update: 2025-02-05 00:51 GMT

സ്വീഡന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് ഇന്നലെ നടന്ന കൊലപാതക പരമ്പര. 35 കാരനായ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് പത്ത് പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒറേബ്രോ വസ്താക ജില്ലയിലെ റിസ്‌ബെര്‍ഗ്‌സ്‌ക സ്‌കൂളില്‍ നടന്ന വെടിവെപ്പിനു ശേഷം അക്രമി തോക്ക് സ്വന്തം ശിരസ്സിലേക്ക് ചൂണ്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. അക്രമി ഉള്‍പ്പടെ പത്ത് മുതിര്‍ന്നവര്‍ മരണമടഞ്ഞു എന്നതല്ലാതെ, ഇരകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

കൊലയ്ക്ക് പിന്നിലെ ഉദ്ദേശ്യം കണ്ടെത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ പോലീസ് വക്താവ്, അക്രമിയെ കൂടാതെ ആരും ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നില്ല എന്നും പറഞ്ഞു. സ്വീഡന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ കൂട്ടക്കൊലപാതകം എന്നാണ് പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്സണ്‍ ഇതിനെ വിശേഷിപ്പിച്ചത്. നിഷ്‌കളങ്കരും നിരപരാധികളുമായ ഒരുകൂട്ടം ആളുകള്‍ക്കെതിരെ നടത്തിയ നിഷ്ഠൂരമായ ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താഫും സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട് ഉറുസ്വല വോണ്‍ ഡെര്‍ ലെയ്‌നും അക്രമത്തെ അപലപിച്ചു. തന്റെ എക്സ് അക്കൗണ്ടില്‍ കൂടി അവര്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ ഇടമില്ലെന്നും, അക്രമവും ഭീകരതയും സമൂഹം വെറുക്കേണ്ട കാര്യങ്ങളാണെന്നും അവര്‍ പറഞ്ഞു. സ്വീഡനിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും അവര്‍ കുറിപ്പില്‍ വെളിപ്പെടുത്തി . ഇന്നലത്തെ അക്രമത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണ്ണമായും അറിഞ്ഞിട്ടില്ലെന്നായിരുന്നു സ്വീഡിഷ് നീതിന്യായ മന്ത്രി പറഞ്ഞത്.

ഇതുവരെ പത്തുപേര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി പേര്‍ക്ക് പരിക്കുകള്‍ പറ്റിയിട്ടുമുണ്ട്. മരിച്ചവരുടെ കൂട്ടത്തിലുള്ള ഒരാളാണ് കൊലപാതകി എന്നാണ് ഇപ്പോഴത്തെ നിഗമനം. ഇയാള്‍ മുന്‍പ് ഏതെങ്കിലും കേസുകളിലൊ മറ്റൊ ഉള്‍പ്പെട്ട് പോലീസ് രേഖകളില്‍ ഇടംപിടിച്ച വ്യക്തിയല്ല. എന്തിനു വേണ്ടിയായിരുന്നു ഈ കൊലപാതകം എന്നത് ഇനിയും വ്യക്തമായിട്ടില്ലെന്നും നീതിന്യായ കാര്യ മന്ത്രി ഗുണാര്‍ സ്റ്റോമര്‍ പറഞ്ഞു. സ്‌കൂള്‍ വരാന്തയില്‍ ആയുധധാരിയായി ഇയാള്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

അതിനിടെ സംശയിക്കപ്പെടുന്ന ആളുടെ വീട്ടില്‍ ഇന്നലെ പ്രാദേശിക സമയം നാലര മണിയോടെ പോലീസ് റെയ്ഡ് നടത്തിയതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു.എന്നാല്‍, ഇയാളുടെ വസതിയില്‍ നിന്നും ചില സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. തലസ്ഥാന നഗരമായ സ്റ്റോക്ക്‌ഹോമിന് 200 കിലോമീറ്റര്‍ പടിഞ്ഞാറ് ഒറെബ്രോയിലെ റിസ്‌ബെര്‍ഗ്‌സ്‌ക സ്‌കൂളിലായിരുന്നു ആക്രമണം.

Tags:    

Similar News