സ്വീഡനില്‍ പത്ത് പേരെ വെടിവച്ച് കൊന്ന ആത്മഹത്യ ചെയ്തത് വെള്ളക്കാരനായ ഏകാകി; എപ്പോഴും മുഖം മറച്ചു നടക്കുന്ന യുവാവ് കൊല നടത്തിയത് ജീവിതം ആഘോഷിക്കുന്നവരോട് പക വീട്ടാന്‍: ഭീകരാക്രമണം അല്ലെന്നറിഞ്ഞ് ശ്വാസം വിട്ട് സ്വീഡന്‍
സ്വീഡന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂട്ടക്കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്ത പ്രതിയുടെ ചിത്രം പുറത്തു വിട്ടു. ഒറെബ്രോവസ്താഗ ജില്ലയിലെ റിസ്‌ബെര്‍ഗ്‌സ്‌ക സ്‌കൂളില്‍ പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പ് നടത്തിയ റിക്കാര്‍ഡ് ആന്‍ഡേഴ്സണ്‍ എന്ന 35 കാരന്റെ ചിത്രമാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടത്. വെടിവെപ്പിന് ശേഷം തോക്ക് സ്വയം തലക്ക് നേരെ ചൂണ്ടി ഇയാളും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സംഭവം നടന്ന ഉടനെ അധികൃതര്‍ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. ഇയാളുടെ ബന്ധുക്കളാണ് ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്വീഡിഷ് മാധ്യമങ്ങളുമായി പങ്കുവച്ചത്. എപ്പോഴും അസ്വസ്ഥനായി കാണപ്പെട്ടിരുന്ന ഇയാള്‍, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ അകന്ന് ഒരു ഏകാന്ത ജീവിതം നയിക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു. സ്വയം പിന്‍വലിയുന്ന, ഏകാകിയായ ഇയാള്‍ ഒരു തൊഴില്‍ രഹിതനായിരുന്നു എന്നും, വളരെ ക്ലേശകരമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോവുകയായിരുന്നു എന്നും അവര്‍ പറയുന്നു.
സമൂഹത്തോട് അകാരണമായ ഭയമുള്ള (സോഷ്യല്‍ ഫോബിയ) ഉള്ള വ്യക്തിയായിരുന്നു ആന്‍ഡേഴ്സന്‍ എന്നും, പുറത്ത് പോകുമ്പോഴെല്ലാം വായും, കൈകളും മൂടുന്ന രീതിയില്‍ വസ്ത്രം ധരിച്ചു മാത്രമെ ഇയാള്‍ പുറത്തിറങ്ങാറുള്ളു എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൊനാസ് സൈമണ്‍ എന്നായിരുന്നു ഇയാളുടെ യഥാര്‍ത്ഥ പേര്. എട്ട് വര്‍ഷം മുന്‍പായിരുന്നു ഇയാള്‍ ഔദ്യോഗികമായി പേര് മാറ്റിയത്. ഇത് ഇയാളുടെ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.
ഇയാളുടെ ബന്ധുക്കള്‍ക്ക് ഇയാളുമായി വലിയ ബന്ധമൊന്നുമില്ല, സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസകാലത്ത് ചില സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവരെയെല്ലാം ഇപ്പോള്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. സ്വന്തം മാതാപിതാക്കളോട് പോലും ഏറെ സംസാരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍, അവര്‍ വളര്‍ത്തുന്ന നായയ്ക്കൊപ്പം കളിക്കാന്‍ അയാള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും ബന്ധുക്കളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാളുടെ പേരില്‍, തോക്കിനുള്ള ലൈസന്‍സും ഉണ്ട്. ഏതായാലും, തീവ്രവാദി ആക്രമണമല്ലെന്ന് അറിഞ്ഞതോടെ സ്വീഡന്‍ ചെറിയ ആശ്വാസത്തിലായിട്ടുണ്ട്. തൊഴിലില്ലാതെ, ക്ലേശകരമായ ഘട്ടത്തിലൂടെ പോകുന്ന ഇയാള്‍, ജീവിതം ആസ്വദിക്കുന്നവര്‍ക്ക് നേരെയുള്ള ഈര്‍ഷ മൂലമാണ് ഈ ആക്രമണം നടത്തിയത് എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത്. കൂട്ട കൊലപാതകത്തിന് പുറകിലെ ഉദ്ദേശ്യം അന്വേഷിക്കുകയാണെന്ന് പറഞ്ഞ പോലീസ് പക്ഷെ ഈ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.