ലോകാരോഗ്യ സംഘടനാ തലവനെ മാറ്റി ട്രംപിന്റെ നോമിനിയെ നിയമിച്ചാല്‍ അമേരിക്ക തുടരും; പിന്‍വലിയാനുള്ള ഒരു വര്‍ഷത്തിനിടയില്‍ ഡബ്ലി യു എച്ച് ഓ പിടിച്ചെടുക്കാന്‍ നീക്കങ്ങള്‍ നടത്തി ട്രംപ്; കട്ടക്ക് എതിര്‍ക്കാന്‍ ചൈനയും
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുകയാമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം സംഘടന പിടിച്ചടെുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണോ എന്ന സംശയം വ്യാപകമാകുന്നു. അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ, ചെയ്തതിന് തൊട്ടു പിന്നാലെയാണ് ട്രംപ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. എന്നാല്‍ നിലവിലെ ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ മാറ്റിയിട്ട് പകരം തന്റെ നോമിനിയെ നിയമിച്ചാല്‍ തുടരാനാണ് ട്രംപ് ഇത്തരമൊരു തന്ത്രം പ്രയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്.
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറിയാലും ഒരു വര്‍ഷത്തിനുള്ളില്‍ മാത്രമേ പിന്മാറ്റം പ്രാബല്യത്തില്‍ വരികയുള്ളൂ. ഈ കാലയളവിനുള്ളില്‍ സ്വന്തം നോമിനിയെ സംഘടനയുടെ തലവനാക്കിയാല്‍ തുടരാന്‍ തന്നെയാകും ട്രംപ് തീരുമാനം എടുക്കുക. കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള അന്വേഷണവും, അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ഡബ്ല്യു. എച്ച്.ഒ. ചൈനയ്ക്ക് അനുകൂലമായി നിലകൊണ്ടതാണ് ആദ്യം ട്രംപിനെ ചൊടിപ്പിച്ചത്. ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരിയെ തെറ്റായി കൈകാര്യം ചെയ്തു, ചൈനയാല്‍ സ്വാധീനിക്കപ്പെട്ട സംഘടനയായി ലോകാരോഗ്യ സംഘടന മാറി എന്നൊക്കെയായിരുന്നു തീരുമാനത്തിന് പിന്നിലെ കാരണങ്ങളായി ട്രംപ് അന്ന് ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങള്‍.
ലോകോരാഗ്യ സംഘടനയില്‍ നിന്ന് പിന്‍മാറുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി പ്രത്യേക പ്രതിനിധിയെ ട്രംപ് നിയോഗിച്ച്ിരിക്ുകയാണ്. ഒരിക്കലും ഒരു അമേരിക്കക്കാരന്‍ ലോകാരോഗ്യസംഘടനയുടെ തലപ്പത്ത് വന്നിട്ടില്ല. നിലവിലെ സെക്രട്ടറി ജനറലായ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ കാലാവധി 2027 ലാണ് അവസാനിക്കുന്നത്. സംഘടനക്ക് ഏററവുമധികം സാമ്പത്തിക സഹായം നല്‍കുന്ന രാജ്യം അമേരിക്കയാണ്. ലോകാരോഗ്യ സംഘടനയുടെ മൊത്തം വരുമാനത്തിന്റെ 12 മുതല്‍ 20 ശതമാനം വരെ നല്‍കുന്നത് അമേരിക്കയാണ്. ഈയിടെ ലാസ് വേഗാസില്‍ നടന്ന ഒരു റാലിയില്‍ പങ്കെടുത്ത ട്രംപ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം ചിലപ്പോള്‍ പുനപരിശോധിക്കുമെന്ന സൂചന നല്‍കിയിരുന്നു.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ട്രംപ് ഒരു പ്രമുഖ ഏജന്‍സിയെ ലോകാരോഗ്യ സംഘടനയെ കുറിച്ച് പഠിക്കാനായി നിയോഗിച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികളില്‍ ഏറ്റവും പിടിപ്പുകെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നത് ലോകാരോഗ്യ സംഘടനയാണെന്ന് പരാമര്‍ശിച്ചിരുന്നു. ട്രംപ് ആദ്യ വട്ടം പ്രസിഡന്റായിരുന്ന കാലഘട്ടത്തിലും ലോകാരോഗ്യസംഘടനയില്‍ നിന്ന് മാറാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ജോബൈഡന്‍ ഭരണകൂടം ഈ നീക്കത്തെ തള്ളിക്കളഞ്ഞിരുന്നു. രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മാനിക്കാതെ, മാനവരാശിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയ്ക്ക് കീഴില്‍ ലോകാരോഗ്യ സംഘടന രൂപവല്‍ക്കരിക്കപ്പെട്ടത്.
194 അംഗരാജ്യങ്ങളുടെ പിന്തുണയോടെ, മഹാമാരികളടക്കം മനുഷ്യന്‍ സൃഷ്ടിച്ചതും അല്ലാതെ സംഭവിച്ചതുമായ ആഗോള ആരോഗ്യപ്രതിസന്ധികളിലൊക്കെ ലോകാരോഗ്യ സംഘടനകൂടെയുണ്ടായിരുന്നു. മരുന്നു വാങ്ങാന്‍ പോലും പണമില്ലാത്ത രാജ്യങ്ങളില്‍, പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നിടങ്ങളില്‍ ലോകാരോഗ്യ സംഘടന ഇടപെട്ട് പ്രവര്‍ത്തിച്ചു പോരുന്നു. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ലോകാരോഗ്യസംഘടനയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി യുഎസ് തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2020ല്‍ ട്രംപ് സംഘടനയ്ക്കുള്ള സഹായം നിര്‍ത്തലാക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്ന് കോടി ഡോളര്‍ അധികസഹായം ചൈന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്നു. അത് കൊണ്ട്തന്നെ ഇപ്പോഴും ചൈന അമേരിക്ക നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് സാധ്യത.