മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്‍മാരെ പോലെ തോന്നുമെന്ന ട്രംപിന്റെ പരമാര്‍ശം ഹമാസിന് കൊണ്ടു; വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും ഹമാസ്; പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം; വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയില്‍
ജെറുസലം: ഗാസ വെടിനിര്‍ത്തല്‍ കറാറിന്റെ ഭാവി അനിശ്ചിതത്വത്തില്‍. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും ഹമാസ് നിലപാട് സ്വീകരിച്ചു. ഹമാസ് ബന്ദികളെ വിടുന്ന ദൃശ്യങ്ങള്‍ നാസി തടങ്കല്‍പാളയങ്ങളില്‍ നിന്നു മോചിപ്പിക്കപ്പെട്ടവരെ അനുസ്മരിപ്പിക്കുന്നുവെന്നും ഇതു ക്ഷമ കെടുത്തുന്നെന്നും ട്രംപ് പറഞ്ഞു. പിന്നാലെയാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് നിര്‍്ത്തിയത്. ഇതോടെ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷാമാകാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം വിട്ട മൂന്ന് ഇസ്രയേലി ബന്ദികള്‍ അവശനിലയിലായിരുന്നതു പരാമര്‍ശിച്ചാണു ട്രംപ് വിമര്‍ശനവുമായി എത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ദോഹയിലെത്തിയ ഇസ്രയേല്‍ പ്രതിനിധി സംഘം ഇന്നലെ മടങ്ങി.
ഗാസയില്‍ ശേഷിക്കുന്നത് 76 ബന്ദികളാണ്. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുകയും ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്മാറുകയും ചെയ്യുന്ന രണ്ടാം ഘട്ടം വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച ഈ മാസം 4 ന് ആരംഭിക്കേണ്ടതായിരുന്നു. അതേസമയം, കിഴക്കന്‍ ജറുസലമില്‍ ദീര്‍ഘകാലമായി പലസ്തീന്‍ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ബുക് ഷോപ്പില്‍ റെയ്ഡ് നടത്തിയ ഇസ്രയേല്‍ പൊലീസ്, ഉടമകളായ അഹ്‌മദ്, മഹ്‌മൂദ് എന്നിവരെ അറസ്റ്റ് ചെയ്തു. അക്രമം പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ വിറ്റെന്നാരോപിച്ചാണു നടപടി. ഇസ്രയേല്‍ ചില ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബന്ദികളെ വിട്ടയയ്ക്കാത്തതെന്നാണ് ഹമാസ് പറയുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ലംഘനം ഇസ്രായേല്‍ തുടരുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം നിര്‍ത്തിവെച്ച് ഹമാസ് കടുത്ത നടപടികള്‍ തുടരുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ ഗാസ വിലകൊടുത്തു വാങ്ങി സ്വന്തമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്ന ഇസ്രായേല്‍ സമീപനം തിരുത്താതെ ഇനി ബന്ദിമോചനമില്ലെന്നാണ് ഹമാസ് പറയുന്നത്. ആദ്യഘട്ട വെടിനിര്‍ത്തല്‍ ഭാഗമായി അഞ്ചാം ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും നടന്നെങ്കിലും ഇരുപക്ഷവും രൂപപ്പെടുത്തിയ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിക്കാനാണ് ഇസ്രായേല്‍ നീക്കമെന്ന് ഹമാസ് കുറ്റപ്പെടുത്തി. തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗസ്സയിലെ ആശുപത്രികള്‍ക്കും മറ്റും വേണ്ട അടിയന്തര സഹായം തടയുക, വടക്കന്‍ ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനികള്‍ക്കു നേരെ ആക്രമണം നടത്തുക, രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്ടിക്കുക എന്നിവ കരാര്‍ ലംഘനമാണെന്ന് ഹമാസ് പറയുന്നു. കരാര്‍ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന് ബന്ദികളുടെ മോചനം നീട്ടിവെച്ചതായും ഹമാസ് അറിയിച്ചു. ഹമാസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഇസ്രായേല്‍ സൈനിക, രാഷ്ട്രീയ നേതൃത്വം തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു.
ഗാസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രയേല്‍ തടഞ്ഞെന്നും രാജ്യാന്തര ഏജന്‍സികളുടെ സഹായവും ഇസ്രയേല്‍ തടയുന്നുവെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് തുടങ്ങിയതായി ഇസ്രയേല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് നെറ്റ്സാറിം കോറിഡോര്‍ വഴി കടന്നുപോവാന്‍ ഇസ്രയേല്‍ സൈന്യം പാലസ്തീനികളെ അനുവദിച്ചിരുന്നു. തുടര്‍ന്ന് വടക്കന്‍ ഗാസയിലേക്ക് ആയിരക്കണക്കിനാളുകളാണ് കാല്‍നടയായും വാഹനങ്ങളിലും ഇതുവഴി കടന്നുപോയത്. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ശനിയാഴ്ച കരാര്‍ പ്രകാരം ബന്ദികളെ കൈമാറിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി. സൈന്യത്തോട് ജാഗ്രതയോടെ നിലയുറപ്പിക്കാന്‍ നിര്‍ദേശിച്ച ഇസ്രായേല്‍ നേതൃത്വം, ഇന്ന് സുരക്ഷാ മന്ത്രിസഭയുടെഅടിയന്തര യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നെതന്യാഹു സര്‍ക്കാറിനെതിരെ ബന്ധുക്കള്‍ ടെല്‍അവീവില്‍ റാലി നടത്തി. അതിനിടെ ഗാസയില്‍ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളായും ശനിയാഴ്ച ഉച്ചയോടെ വിട്ടയച്ചില്ലെങ്കില്‍, ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിക്കുകയും ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍.
കഴിഞ്ഞ ദിവസം ഹമാസ് ഭീകരര്‍ മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്‍മാരെ പോലെ തോന്നുമെന്ന വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിയിരുന്നു. ഇങ്ങനെ പോയാല്‍ ഹമാസിനോട് ഒരു കാരണവശാലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതോടെ പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. മോചിക്കപ്പെട്ട ബന്ദികളും അനുഭവിച്ച ക്രൂരതകള്‍ പുറത്തു പറയുന്നുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബന്ദികളെ ഹമാസ് ഉപദ്രവിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട് വന്നവരാണെന്ന് തോന്നുമെന്നും ട്രംപ് അദ്ദേഹം വിശദീകരിച്ചു. കാഴ്ചയില്‍ മോചിപ്പിക്കപ്പെട്ടവര്‍ അങ്ങേയറ്റം ക്ഷീണിതരായിരുന്നു. തടവറയില്‍ ഇവര്‍ അതിക്രൂരമായിട്ടാണ് പീഡിപ്പിക്കപ്പെട്ടത്. മാസത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല എന്നാണ് മോചിപ്പിക്കപ്പെട്ട മൂന്് പേരേയും കാണുമ്പോള്‍ തോന്നുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം ബന്ദി മോചനത്തിനെതിരെ നിലപാട് എടുക്കാന്‍ ഹമാസിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.
പലര്‍ക്കും അവര്‍ക്ക് ഉള്ളതിനേക്കാള്‍ 25 വയസെങ്കിലും കൂടിയതായിട്ടാണ് തോന്നുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് കുററപ്പെടുത്തി. നാസി തടങ്കല്‍ പാളയത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജൂതന്‍മാരുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇവരെ കാണാന്‍ കഴിയുന്നതെന്നും ട്രംപ് വിമര്‍ശിച്ചു. താത്ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി പുറത്തു വരുന്ന വ്യക്തികളെല്ലാം തന്നെ അങ്ങേയറ്റം അവശനിലയിലാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇവരെ ഹമാസ് ഭീകരര്‍ മൃഗീയമായിട്ടാണ് കൈകാര്യം ചെയ്തതെന്നും ചൂണ്ടിക്കാട്ടി. ശാരീകമായി മാത്രമല്ല മാനസികമായും ബന്ദികളോട് അങ്ങേയറ്റം മോശമായിട്ടാണ് ഭീകരര്‍ പെരുമാറിയതെന്നാണ് ലഭിക്കുന്ന വിവരമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതൊക്കെ കാണുമ്പോള്‍ തങ്ങളുടെ ക്ഷമ ഇല്ലാതാകുകയാണെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.