കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബ്രിട്ടന്‍ നാട് കടത്തിയത് 19000 അനധികൃത കുടിയേറ്റക്കാരെ; സ്വമനസ്സാല്‍ മടങ്ങുന്നവര്‍ക്ക് 3000 പൗണ്ട് പ്രതിഫലം നല്‍കി വിട്ടു; ഇല്ലാത്തവരെ പ്രത്യേക വിമാനത്തില്‍ കയറ്റി അയച്ചു; വിശദാംശങ്ങള്‍ പുറത്ത്
ലണ്ടന്‍: അമേരിക്കയില്‍ നിന്നുള്ള നാടുകടത്തല്‍ ആഗോളതലത്തില്‍ തന്നെ വിവാദമാകുമ്പോള്‍, ഏറെ ചര്‍ച്ചയാക്കാതെ, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന തിരക്കിലാണ് ബ്രിട്ടനും. 2024 ജൂലായ് 5 നും 2025 ജനുവരി 31 നും ഇടയിലായി 5,074 പേരെ ബലമായി അവരുടെ ജന്മനാടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ സ്ഥിരീകരിക്കുന്നു. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതിനു പുറമെ 2,925 കുറ്റവാളികളെയും ബ്രിട്ടനില്‍ നിന്നും നീക്കി.
ബ്രിട്ടനില്‍ നിന്നും പറഞ്ഞയച്ച അനധികൃത കുടിയേറ്റക്കാരില്‍ കൂടുതല്‍ പേരും സ്വമേധയാ തിരികെ പോകാന്‍ തയ്യാറായവരാണെന്നും അധികൃതര്‍ പറയുന്നു. അത്തരത്തില്‍ സ്വമേധയാ മുന്‍പോട്ട് വരുന്നവര്‍ക്ക്, ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി 3000 പൗണ്ടിന്റെ ധന സഹായവും ബ്രിട്ടന്‍ നല്‍കുന്നുണ്ട്. അഭയം ലഭിക്കുന്നതില്‍ പരാജയപ്പെട്ടവര്‍, വിദേശ കുറ്റവാളികള്‍, അനധികൃത കുടിയേറ്റക്കാര്‍ എന്നിവര്‍ ഉള്‍പ്പടെ 18,987 പേരാണ്, ഈ പൊതു തെരഞ്ഞെടുപ്പിന് ശേഷം അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
2018 ന് ശേഷം ബ്രിട്ടനില്‍ നിന്നുള്ള ഏറ്റവും വലിയ കുടിയിറക്കമാണിത്. ബ്രിട്ടീഷ് ചരിത്രത്തില്‍ ഇതാദ്യമായി ഏറ്റവും വലിയ നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കായി 39 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇതാദ്യമായി ഇപ്പോഴാണ് നാടുകയറ്റത്തിന്റെ ചിത്രങ്ങള്‍ ഹോം ഓഫീസ് പ്രസിദ്ധപ്പെടുത്തുന്നത്.
ഈ ചിത്രങ്ങള്‍ പുറത്തു വിട്ടതിനെതിരെ ഇടതുപക്ഷത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം, അമേരിക്കയില്‍ ട്രംപ് ഭരണകൂടം, ദിനവും കൈയ്യാമം വെച്ച അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വിടുന്നുണ്ട്. ഇമിഗ്രേഷന്‍ സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍, ഈ നിയമങ്ങള്‍ ബഹുമാനിക്കപ്പെടുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്നുണ്ടെന്ന് കാണിക്കേണ്ടതുണ്ട് എന്നായിരുന്നു ഹോം സെക്രട്ടറി യുവെറ്റ് കൂപ്പറുടെ വിമര്‍ശനങ്ങളോടുള്ള പ്രതികരണം.