അഭയാര്‍ത്ഥി വിസ ലഭിച്ചാലും നിയമവിരുദ്ധമായി എത്തിയാല്‍ പൗരത്വം നിഷേധിക്കാന്‍ പുതിയ നിയമം; അനേകരെ തൂത്തുവാരി നാട് കടത്തുന്നത് പതിവാക്കി: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ബ്രിട്ടനും
ലണ്ടന്‍: ചെറു യാനങ്ങളില്‍ അനധികൃതമായി എത്തുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ പൗരത്വത്തിനായി അപേക്ഷിക്കുന്നതില്‍ നിന്നും ഹോം ഓഫീസ് വിലക്കുന്നു എന്ന ആരോപണം ശക്തമാവുകയാണ്. പൗരത്വത്തിനായി അപേക്ഷിച്ചവരെ വിലയിരുത്തുന്ന ജീവനക്കാര്‍ക്ക്, അപകടകരമായ യാത്ര ചെയ്ത് ബ്രിട്ടനില്‍ എത്തുന്നവര്‍ക്ക് പൗരത്വം നിഷേധിക്കുവാനാണത്രെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അഭയത്തിനായി അപേക്ഷിച്ച 71,000 പേര്‍ക്ക് പൗരത്വം നിഷേധിക്കപ്പെടാന്‍ ഈ നീക്കം കാരണമാകുമെന്നാണ് റെഫ്യൂജി കൗണ്‍സില്‍ പറയുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഒരു ഇമിഗ്രേഷന്‍ ബാരിസ്റ്റര്‍ പറഞ്ഞത്.
അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് കര്‍ശന നിലപാടുകള്‍ കൈക്കൊള്ളുന്ന നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടിയുടെ അ ഭിപ്രായ സര്‍വ്വേകളിലെ കുതിച്ചു കയറ്റമാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനെ ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് നയിച്ചതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. രണ്ടാം തവണയും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ പുതിയ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്‍, അനധികൃതമായി ബ്രിട്ടനിലെത്തുന്നവര്‍ ബ്രിട്ടീഷ് പൗരന്മാരാകുന്നത് തടയും എന്നാണ് മുതിര്‍ന്ന ലേബര്‍ എം പിമാര്‍ പറയുന്നത്. ഇന്ത്യക്കാരേയും ഈ നടപടികള്‍ ബാധിക്കും. അമേരിക്കയ്ക്ക് പിന്നാലെയാണ് ബ്രിട്ടനും നിലപാട് കടുപ്പിക്കുന്നത്.
അതേസമയം, ഈ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന ചാരിറ്റികള്‍ക്ക് പിന്തുണയുമായി ഒരു ലേബര്‍ എം പി വന്നതും ശ്രദ്ധേയമായിട്ടുണ്ട്. വാള്‍ഥാംസ്റ്റോവില്‍ നിന്നുള്ള ലേബര്‍ എം പിയായ സ്റ്റെല്ല ക്രീസിയാണ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. നമ്മള്‍ ആര്‍ക്കെങ്കിലും അഭയം നല്‍കുകയാണെങ്കില്‍, അവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നേടാനുള്ള വഴി മുടക്കുന്നത് ശരിയല്ല എന്നാണ് അവര്‍ പറയുന്നത്. ഫ്രീ മൂവ്‌മെന്റ് എന്ന ബ്ലോഗാണ് സര്‍ക്കാര്‍ നയത്തിലെ മാറ്റം ആദ്യമായി പുറത്തു കൊണ്ടുവന്നത്.
പൗരത്വം നല്‍കുന്നതിനു മുന്‍പായി, അപേക്ഷകന്റെ സ്വഭാവം വിലയിരുത്തുന്ന നടപടി ക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത് എന്ന് അതില്‍ പറയുന്നു. 2025 ഫെബ്രുവരി 10 ന് ശേഷം പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍, അതിനു മുന്‍പായി അധികൃതമായി യു കെയില്‍ എത്തിയവരാണെങ്കില്‍ അവര്‍ക്ക് പൗരത്വം നിഷേധിക്കും എന്നാണ് അതില്‍ പറയുന്നത്. അനധികൃതമായി എത്തിയിട്ട് എത്രകാലമായി എന്നതിന് പ്രസക്തിയുണ്ടാകില്ല. സാധുവായ എന്‍ട്രി ക്ലിയറന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ ഇല്ലാതെ, അപകടകരമാം വിധം യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് പൗരത്വം നിഷേധിക്കുവാനാണ് മാര്‍ഗ്ഗ നിര്‍ദേശ രേഖകളില്‍ പറയുന്നത്.
ചെറു യാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്നതും, അടച്ചിട്ട വാഹനങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് വരുന്നതുമെല്ലാം അപകടകരമാം വിധമുള്ള യാത്ര എന്നതിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നു. ചെറുയാനങ്ങളില്‍ എത്തുന്നവരില്‍ മിക്കവര്‍ക്കും അഭയാര്‍ത്ഥി പദവി നല്‍കാറുണ്ട്. ഇവര്‍ കാലക്രമേണ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കും. 1,630 പൗണ്ട് മുടക്കി പൗരത്വത്തിന് അപേക്ഷിക്കാം.അപേക്ഷ നിരസിക്കപ്പെട്ടാല്‍ അപ്പീലിന് പോകാന്‍ അവകാശം ഉണ്ടായിരിക്കുന്നതല്ല.