ബ്രിട്ടന്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ഒഴുക്കുന്നത് യുക്രൈനും എത്ത്യോപ്യക്കും സൊമാലിയയ്ക്കും; വെറുതെ പേരുദോഷം കേള്‍പ്പിക്കാന്‍ ഇന്ത്യയും വാങ്ങുന്നു ഇരുപത് കോടി രൂപ; ബ്രിട്ടന്‍ വിദേശ രാജ്യങ്ങളെ സഹായിക്കുന്ന ലിസ്റ്റ് പുറത്ത്
ലണ്ടന്‍: യു എന്‍ എയ്ഡുമായി ബന്ധപ്പെട്ട വിവാദ തീരുമാനം അമേരിക്കയിലെ ട്രംപ് ഭരണകൂടം കൈക്കൊണ്ട പശ്ചാത്തലത്തില്‍, വിവിധ രാജ്യങ്ങള്‍ക്ക് യു കെ നല്‍കുന്ന സാമ്പത്തിക സഹായങ്ങളും വെള്ളി വെളിച്ചത്തിലെത്തുകയാണ്. അമേരിക്ക, വിദേശ രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കാനോ വെട്ടിച്ചുരുക്കാനോ ഒരുങ്ങുമ്പോള്‍, ബ്രിട്ടന്‍ അത് വര്‍ദ്ധിപ്പിക്കുകയാണ് എന്നതാണ് രസകരമായ കാര്യം. ട്രംപിന്റെ തീരുമാനത്തിന് വിരുദ്ധമായി, വിദേശ രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തുടര്‍ന്ന് കൊണ്ടുപോകാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണ് എന്നാണ് ഡെവലപ്‌മെന്റ് മിനിസ്റ്റര്‍, അന്നെലിസ് ഡോഡ്‌സ് പറഞ്ഞത്.
2024/ 25 കാലത്തേക്കുള്ള സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിക്കുന്ന ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ രേഖകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഡോഡ്‌സ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മൊത്തം 8.1 മില്യണ്‍ പൗണ്ടാണ് സാമ്പത്തിക സഹായമായി നല്‍കിയിരുന്നതെങ്കില്‍ ഇക്കൊല്ലം അത് 9.3 ബില്യന്‍ പഊടായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏറ്റവുമധികം സഹായം ലഭിക്കുന്ന രാജ്യം യുക്രെയിന്‍ ആണ്. കഴിഞ്ഞ സര്‍ക്കാര്‍ യുക്രെയിനുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളില്‍ ഈ സര്‍ക്കാരും കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.
ഏറ്റവുമധികം സാമ്പത്തിക സഹായം ലഭിക്കുന്ന പത്ത് രാജ്യങ്ങളില്‍ എട്ടെണ്ണം ആഫ്രിക്കയിലേതാണ്. എത്യോപ്യയാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്. 2018 മുതല്‍ ആഭ്യന്തര കലാപങ്ങള്‍ വലയ്ക്കുന്ന ഈ ആഫ്രിക്കന്‍ രാജ്യത്തിന് 216.9 മില്യന്‍ പൗണ്ടാണ് നല്‍കുന്നത്. മനുഷ്യത്വ പരിഗണന നല്‍കി സുഡാനുള്ള സഹായത്തില്‍ 113 മില്യന്‍ പൗണ്ടും, പാലസ്തിന് 15 മില്യന്‍ പൗണ്ടും ഈ വര്‍ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സിറിയയ്ക്കും 50 മില്യന്‍ പൗണ്ടിന്റെ സഹായമുണ്ട്. അതേസമയം, യൂറോപ്പിലെയും ഇന്തോ - പസഫിക് മേഖലയിലെയും രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ചും ഇന്ത്യയ്ക്കുള്ള ധനസഹായം 2023 ല്‍ നല്‍കിയതിനേക്കാള്‍ കുറവാണ്.
വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബ്രിട്ടീഷ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ട്ണര്‍ഷിപ്പുകള്‍ക്കാണ് ഏറ്റവുമധികം തുക മാറ്റി വച്ചിരിക്കുന്നത്. ആരോഗ്യ - വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും പണം മാറ്റിവച്ചിട്ടുണ്ട്. യു കെയില്‍ എത്തുന്ന അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനായി ചെലവാക്കുന്ന തുകയില്‍ കുറവ് വരുത്തിയതിനാല്‍, വിദേശങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ഡോഡ്‌സ് പറഞ്ഞു.
മൊത്തം ദേശീയ വരുമാനത്തിന്റെ 0.7 ശതമാനമായിരുന്നു ബ്രിട്ടന്‍ വികസ്വര - അവികസിത രാജ്യങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായത്തിനായി ചെലവഴിച്ചിരുന്നു. കോവിഡ് പ്രതിസന്ധിക്ക് പുറകെ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഇത് 0.5 ശതമാനമായി വെട്ടിച്ചുരുക്കിയിരുന്നു. പുതിയ സര്‍ക്കാരും 0.5 ശതമാനം തന്നെയാണ് വിദേശ സാമ്പത്തിക സഹായത്തിനായി ചെലവാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതിന് ശേഷം മാത്രം ഇത് 0.7 ശതമാനമാക്കി ഉയര്‍ത്തിയാല്‍ മതി എന്ന നിലപാടാണ് ലേബര്‍ സര്‍ക്കാരിനുള്ളത്.