വലത് വംശീയ പാര്‍ട്ടി ഇടിച്ചു കയറി രണ്ടാമതെത്തിയതോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് സഖ്യത്തിന് ഒറ്റക്ക് ഭൂരിപക്ഷമില്ല; ഇടത് പാര്‍ട്ടികളും ഗ്രീന്‍ പാര്‍ട്ടിയും പ്രകടം മെച്ചപ്പെടുത്തി; ജര്‍മനിയില്‍ തൂക്ക് സര്‍ക്കാര്‍

Update: 2025-02-25 06:18 GMT

മ്യൂണിക്: ഞായറാഴ്ച നടന്ന ജര്‍മനിയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സിന്റെ നേതൃത്വത്തിലുള്ള കണ്‍സെര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ മികച്ച വിജയം നേടി. സി.ഡി.യു-സിഎസ്യു സഖ്യം നയിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ 28.5 ശതമാനം വോട്ടുകളാണ് നേടിയത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റ് സഖ്യത്തിന് ഒറ്റക്ക് ഭൂരിപക്ഷമില്ല.

തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി 20.8% വോട്ട് വിഹിതത്തോടെ രണ്ടാം സ്ഥാനത്തെത്തി. എക്കാലത്തെയും മികച്ച മുന്നേറ്റമാണ് ആലീസ് വെയ്ഡലിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടി നടത്തിയത്. ജര്‍മനിയെ ഇരുണ്ട കാലത്തേക്ക് നയിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായിരുന്ന നാസിയുടെ ആദര്‍ശത്തിന് സമാന ആദര്‍ശം സ്വീകരിച്ചു വരുന്ന പാര്‍ട്ടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവച്ച ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇടത് പാര്‍ട്ടികളും ഗ്രീന്‍ പാര്‍ട്ടിയും പ്രകടം മെച്ചപ്പെടുത്തി.

നിലവിലെ ഭരണ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 16.4 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തായി. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വ്യക്തമാക്കി. അടുത്ത ചാന്‍സലറാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ഫ്രെഡറിക് മെര്‍സ് പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്തുള്ള കോടീശ്വരനായ അഭിഭാഷകനാണ്. 1989 ലും 2000ലും അദ്ദേഹം പാര്‍ലമെന്റെംഗമായി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നിരവധി വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.

ഈസ്റ്ററോട് കൂടി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ രണ്ട് വര്‍ഷമായി അത്ര ഭേദപ്പെട്ട നിലയില്‍ അല്ല. കൂടാതെ അനധികൃത അഭായര്‍ത്ഥി പ്രശ്നവും ഒരു കീറാമുട്ടിയായി മുന്നിലുണ്ട്. കൂടാതെ ജര്‍മ്മനി യുക്രൈനെ അനുകൂലിക്കുന്ന ഒരു രാജ്യമാണ്. അമേരിക്ക കഴിഞ്ഞാല്‍ യുക്രൈന് ഏറ്രവുമധികം ആയുധങ്ങള്‍ നല്‍കിയ രാജ്യമാണ് ജര്‍മ്മനി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 85 ശതമാനം.

1990ല്‍ നടന്ന ജര്‍മനിയുടെ ഏകീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്. അതേസമയം, ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി മറ്റു പാര്‍ട്ടികളുമായി കുടിയേറ്റ വിരുദ്ധനായ ഫ്രെഡറിക് മെര്‍സ് ചര്‍ച്ച നടത്തും. തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുമായി മെര്‍സ് ചര്‍ച്ച നടത്തുമോ എന്ന കാര്യവും ലോകം ഉറ്റുനോക്കുകയാണ്. എസ.്പി.ഡിയുടെ നേതൃത്വത്തിലുള്ള അധികാരത്തിലുണ്ടായിരുന്ന മധ്യഇടതുപക്ഷ സഖ്യത്തെ തകര്‍ത്താണ് സിഡിയു-സിഎസ്യു സഖ്യം അധികാരത്തിലെത്തുന്നത്.

വിജയികളെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. സാമ്പത്തിക മാന്ദ്യം, കുടിയേറ്റം, ആഭ്യന്തര പ്രശ്‌നങ്ങള്‍, ട്രംപ് ഭരണകൂടവുമായുള്ള ബന്ധം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Similar News