വടക്കന്‍ കൊറിയയുടെ അന്തരീക്ഷത്തെ ബാധിക്കുന്ന നിലയില്‍ സുരക്ഷ ലംഘിക്കുകയും ഏറ്റുമുട്ടല്‍ അന്തരീക്ഷം വളര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ശത്രുക്കള്‍ക്ക് മുന്നറിയിപ്പ്; യുദ്ധത്തിനുള്ള മുന്നൊരുക്കമെന്ന് പ്രഖ്യാപനം; ആണവ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; കിം ജോങ് ഉന്‍ സംതൃപ്തന്‍
സോള്‍: ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. യുദ്ധത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് പരീക്ഷണമെന്ന് ഉത്തരകൊറിയന്‍ ചെയര്‍മാന്‍ കിം ജോങ് ഉന്‍ പറഞ്ഞു. ശത്രുരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്നു പറഞ്ഞാണ് വീണ്ടും ആണവ പരീക്ഷണം. പടിഞ്ഞാറന്‍ തീരത്ത് നടന്ന മിസൈല്‍ വിക്ഷേപണം കാണാന്‍ കിം എത്തിയിരുന്നു. ക്രൂസ് മിസൈല്‍ 132 മിനിറ്റുകൊണ്ട് 1587 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ബുധനാഴ്ച രാവിലെ എട്ടോടെ മഞ്ഞക്കടലിലേക്കായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണകൊറിയ സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഉത്തരകൊറിയയുടെ നാലാം മിസൈല്‍ വിക്ഷേപണമാണിത്.
വടക്കന്‍ കൊറിയയുടെ അന്തരീക്ഷത്തെ ബാധിക്കുന്ന നിലയില്‍ സുരക്ഷ ലംഘിക്കുകയും ഏറ്റുമുട്ടല്‍ അന്തരീക്ഷം വളര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ശത്രുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് മിസൈല്‍ പരീക്ഷണമെന്നാണ് കെസിഎന്‍എ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്. 1,587 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണ സമയത്ത് 130 മിനിറ്റ് പറത്തിയെന്നാണ് കെസിഎന്‍എയുടെ അവകാശവാദം. പരീക്ഷണ വിക്ഷേപണത്തിന്റെ ഫലത്തില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സംതൃപ്തി പ്രക്രടിപ്പിച്ചുവെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
'ആണവ പ്രതിരോധ ഘടകങ്ങളുടെ വിശ്വാസ്യതയും പ്രവര്‍ത്തനവും തുടര്‍ച്ചയായി പരീക്ഷിക്കുകയും അവയുടെ ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഉത്തരകൊറിയയുടെ യുദ്ധ പ്രതിരോധത്തിന്റെ ഉത്തരവാദിത്തമാണെന്ന് കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ മിസൈല്‍ അഭ്യാസമാണിത്. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിനായുള്ള നീക്കങ്ങളുടെ ഭാഗമായി ആദ്യ ടേമില്‍ മൂന്ന് ഉച്ചകോടികള്‍ ട്രംപ് നടത്തിയിരുന്നു.
രണ്ടാം ടേമിലും ഉത്തരകൊറിയന്‍ നേതാവുമായി ആശയവിനിമയം നടത്താനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചിട്ടുണ്ട്. 'ഞങ്ങള്‍ ഒത്തുകൂടി, അദ്ദേഹം ഒരു മതഭ്രാന്തനല്ല, ഒരു മിടുക്കനാണ് 'എന്നായിരുന്നു കിം ജോങ് ഉന്നിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. കിമ്മിന് തിരിച്ച് ട്രംപിനോടും യുഎസിനോടും അത്ര മതിപ്പുണ്ടോ എന്ന കാര്യത്തില്‍ ആര്‍ക്കായാലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരും. ബൈഡന്റെ ഭരണത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഉത്തരകൊറിയയുമായി യുഎസിന് അത്ര നല്ല ബന്ധമല്ല. വൈറ്റ് ഹൗസ് അയച്ച പല മെസേജുകള്‍ക്കും പ്യോങ്യാങ് മറുപടി നല്‍കിയതുമില്ല.
ട്രംപ് കഴിഞ്ഞ തവണ അധികാരത്തിലുണ്ടായിരുന്നപ്പോഴാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ അവസാനമായൊരു കൂടിക്കാഴ്ച നടന്നത്. കാര്യമായി ശ്രമിച്ചെങ്കിലും അന്നും അണ്വായുധങ്ങള്‍ സംബന്ധിച്ച് ഉത്തര കൊറിയയില്‍ നിന്ന് അനുകൂലമായ മറുപടി അമേരിക്കയ്ക്ക് ലഭിച്ചില്ല. അമേരിക്കയ്ക്ക് നേരെയും വേണമെങ്കില്‍ അണ്വായുധം പ്രയോഗിക്കും എന്ന് കിം പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് നടപ്പാക്കാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് യുഎസ്. പക്ഷേ അന്നത്തെ ആ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മിസൈല്‍ പ്രോഗ്രാമുകള്‍ കുറച്ച് കൂടി വികസിപ്പിക്കുകയാണ് കിം ചെയ്തത്.
അന്താരാഷ്ട്ര വിലക്ക് മറികടന്ന് ഹൈപ്പര്‍സോണിക് മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്തു. ട്രംപ് തിരിച്ചെത്തിയതോടെ ഉത്തര കൊറിയയുമായി യുഎസിന് ഏത് തരത്തിലുള്ള ബന്ധമായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏറെ വ്യത്യസ്തനായ ഒരു കിമ്മാണ് ഇപ്പോള്‍ അമേരിക്കയ്ക്ക് മുന്നില്‍. 2017ലെ കിം അല്ല ഇപ്പോഴെന്ന് ട്രംപിനെ ബോധ്യപ്പെടുത്താനാവും ഇനിയങ്ങോട്ട് ഉത്തര കൊറിയയുടെ ശ്രമം. ഇതിന്റെ ഭാഗമാണ് തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങള്‍.