രണ്ടാം വരവില്‍ ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ ട്രംപ് ഭരണകൂടം; ഫെഡറല്‍ അംഗീകാരമുള്ള ദേശീയ ഭാഷയായി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കത്തില്‍ വൈറ്റ് ഹൗസ്; സമ്മിശ്ര പ്രതികരണം; ദേശീയതയ്ക്ക് ഒപ്പം ഭാഷാവാദവും ഉയര്‍ത്തി സ്വീകാര്യത ഉറപ്പിക്കാന്‍ ട്രംപിന്റെ നീക്കം

രണ്ടാം വരവില്‍ ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ ട്രംപ്

Update: 2025-03-01 14:11 GMT

വാഷിംഗ്ടണ്‍ ഡിസി: രണ്ടാം വട്ടം അധികാരത്തിലെത്തിയത് മുതല്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് അടിമുടി അമേരിക്കയെ മാറ്റിയെടുക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോള്‍ അതില്‍ സ്ഥാനം പിടിക്കുകയാണ് ട്രംപിന്റെ ഭാഷാവാദം. ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരത്തില്‍ ഒപ്പുവെക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇതോടെ അമേരിക്കയുടെ 250 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു ഔദ്യോഗിക ഭാഷ രാജ്യത്തുണ്ടാകുന്നത്. എന്നാല്‍ എന്നാണ് ഇതില്‍ ഒപ്പുവെക്കുകയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. സ്വാഭാവികമായും ഏവര്‍ക്കും തോന്നാവുന്ന സംശയം അപ്പോള്‍ ഇതുവരെ എന്തായിരുന്നു ഇംഗ്ലീഷിന് അമേരിക്കയിലുള്ള സ്ഥാനമെന്നത്. യുഎസിന് ദേശീയ തലത്തില്‍ ഒരിക്കലും ഔദ്യോഗിക ഭാഷ ഉണ്ടായിരുന്നില്ല, എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലീഷിനെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി നിശ്ചയിച്ചുകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് യുഎസിന് ചരിത്രത്തിലാദ്യമായി ഫെഡറല്‍ അംഗീകാരമുള്ള ദേശീയ ഭാഷയാക്കി ഇംഗ്ലീഷിനെ മാറ്റും. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതിനായി വൈറ്റ ഹൗസ് ഒരു കരട് തയ്യാറാക്കുന്നുണ്ട്. ഇതിന്‍ പ്രകാരം 2000 ത്തില്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തയ്യാറാക്കിയ ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്ക് സഹായം നല്‍കാനായി ഏജന്‍സികള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ടിംഗ് നിര്‍ത്തലാക്കും. ഇംഗ്ലീഷല്ലാത്ത മറ്റ് ഭാഷകളില്‍ രേഖകളും സേവനങ്ങളും നല്‍കുന്നത് തുടരണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കും

ഒരു ഔദ്യോഗിക ഭാഷയക്ക് സ്ഥാനം നല്‍കുന്നതിലൂടെ അമേരിക്കയില്‍ പുതുതായി എത്തുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്കുള്ള സാധ്യത തെളിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 'ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യുമെന്നും വൈറ്റ ഹൗസ് വ്യക്തമാക്കി. എന്തായാലും പതിവ് പോലെ ട്രംപിന്റെ തീരുമാനത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

രാജ്യം സ്ഥാപിതമായതിന് ശേഷം ഏകദേശം 250 വര്‍ഷമായി അമേരിക്കയ്ക്ക് ഒരു ഔദ്യോഗിക ഭാഷ ഉണ്ടായിരുന്നില്ല. യുഎസ് സ്ഥാപിതമായപ്പോള്‍ ഭൂരിഭാഗം ആളുകളും ഇംഗ്ലീഷ് സംസാരിച്ചിരുന്നുവെന്നും രാജ്യത്തിന്റെ ഭരണഘടന എഴുതിയവര്‍ക്ക് അത് ഒരു ഔദ്യോഗിക ഭാഷയാക്കേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നും മറ്റ് ഭാഷകള്‍ സംസാരിക്കുന്ന പൗരന്മാരെ അകറ്റാനും അവര്‍ ആഗ്രഹിച്ചില്ല വിദഗ്ദര്‍ പറയുന്നു.

യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച്, രാജ്യത്തെ 34 കോടി ജനസംഖ്യയില്‍ ഏകദേശം 6.8 കോടി പേര്‍ ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷ സംസാരിക്കുന്നു, ഇതില്‍ 160-ലധികം തദ്ദേശീയ അമേരിക്കന്‍ ഭാഷകള്‍ ഉള്‍പ്പെടുന്നു.ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം യുഎസില്‍ 350-ലധികം സംസാര ഭാഷകളുണ്ട്. ഇംഗ്ലീഷ് കൂടാതെ, സ്പാനിഷ്, ചൈനീസ്, ടു ഗാലോ ഗ്, വിയറ്റ്നാമീസ്, അറബിക് എന്നിവയാണ് സാധാരണയായി സംസാരിക്കുന്ന ഭാഷകള്‍.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കാന്‍ വാദിക്കുന്ന പ്രോ ഇം ഗ്ലീഷ് ഗ്രൂപ്പിന്റെ വാദമനുസരിച്ച് യുഎസിലെ 30-ലധികം സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിട്ടുണ്ട്.

ട്രംപിന്റെ തീരുമാനം കുടിയേറ്റത്തെയും സ്വാധീനിക്കുമെന്ന് ഉറപ്പാണ്. യുഎസിന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് സ്വീകരിക്കുന്നതിനെ ട്രംപ് ദീര്‍ഘകാലമായി പിന്തുണച്ചിരുന്നു. 2021-ല്‍ അമേരിക്കന്‍ പ്രസിഡന്റായ തന്റെ ആദ്യ കാലയളവില്‍, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 2015ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്റെ എതിരാളിയായ മുന്‍ ഫ്ലോറിഡ ഗവര്‍ണര്‍ ജെബ് ബുഷിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്പാനിഷ് സംസാരിച്ചതിന് ട്രംപ് പരിഹസിച്ചിരുന്നു. യുഎസില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിലൂടെ അദ്ദേഹം ശരിക്കും ഒരു മാതൃക കാണിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ രാജ്യമാണ്, സ്പാനിഷ് സംസാരിക്കുന്നവരുടെയല്ല എന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം പ്രചാരണ വേളയിലും, വിദേശ ഭാഷകള്‍ സംസാരിക്കുന്ന യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാരെക്കുറിച്ചുള്ള ആശങ്ക ട്രംപ് ആവര്‍ത്തിച്ചിരുന്നു. ദ്വിഭാഷാ വിദ്യാഭ്യാസത്തെയും യുഎസിലേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനും കാരണമാകുന്ന ഇംഗ്ലീഷ് മാത്രം എന്ന നയം ട്രംപിന്റെ ഏറ്റവും വലിയ വിജയമായിരിക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News