യുക്രൈനിലേക്കുള്ള എല്ലാ ആയുധനീക്കവും അവസാനിപ്പിച്ച് ട്രംപ്; അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിച്ചെല്ലെങ്കില്‍ നാറ്റോയുടെ ഭാവി അവതാളത്തില്‍; യൂറോപ്പും അമേരിക്കയും സൈലന്‍സ്‌കിയുടെ പേരില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ സംഭവിക്കുന്നത്

Update: 2025-03-02 01:43 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടും കല്‍പ്പിച്ചാണ്. യുക്രെയിനെ പാഠം പഠിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം യൂറോപ്യന്‍ യൂണിയനേയും നിലയ്ക്ക് നിര്‍ത്താനാണ് പദ്ധതികള്‍. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും മറുപക്ഷത്താണെന്ന് ട്രംപ് തിരിച്ചറിയുന്നു. വൈറ്റ് ഹൗസില്‍ തനിക്കെതിരെ സെലന്‍സ്‌കി നടത്തിയ പദപ്രയോഗത്തിന് പിന്നില്‍ യുറോപ്യന്‍ പിന്തുണയാണെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ സെലന്‍സ്‌കിയേയും യൂറോപ്പിനേയും പാഠം പഠിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. നാറ്റോയുടെ ഭാവിയെ പോലും അനിശ്ചിതത്വത്തിലാക്കുകായണ് അമേരിക്കയും യുക്രെയിനും തമ്മിലെ പ്രശ്‌നങ്ങള്‍. സെലന്‍സ്‌കിയുമായുള്ള വിവാദത്തില്‍ വെട്ടിലായത് യുക്രെയ്‌നും യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ഇതിനകം 35,000 കോടി ഡോളര്‍ സഹായം യുഎസ് നല്‍കിയെന്നു വാഗ്വാദത്തിനിടയില്‍ വിളിച്ചുപറഞ്ഞതും യുക്രെയ്ന്‍ നാറ്റോയിലെ അംഗത്വത്തിനുവേണ്ടി ശ്രമിക്കേണ്ടെന്നു കഴിഞ്ഞദിവസം പറഞ്ഞതും ട്രംപിന്റെ ഉദ്ദേശ്യം വ്യക്തമാക്കി.

പരസ്യവാഗ്വാദമാണ് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കഴിഞ്ഞദിവസം നടന്നത്. ഇരുവശത്തെയും ഉപദേശകരും നയതന്ത്രജ്ഞരും ചര്‍ച്ച നടത്തി, ഉച്ചകോടിവിഷയങ്ങളില്‍ ധാരണയുണ്ടാക്കിയശേഷം നേതാക്കളെ കൂടിക്കാഴ്ചയിലേക്കു നയിക്കുക എന്നതാണു കീഴ്വഴക്കം. അതു നടത്താതെ ഭരണത്തലവന്മാരെ നേരെ ഉച്ചകോടിയിലേക്കു കൊണ്ടുപോയതാണു പ്രശ്‌നമുണ്ടാക്കിയതെന്നാണു വിലയിരുത്തല്‍. റഷ്യന്‍ ഭീഷണിയില്‍നിന്നു മോചനം നേടുന്നതിനാണു സെലെന്‍സ്‌കി യൂറോപ്യന്‍ സുരക്ഷാസഖ്യമായ നാറ്റോയില്‍ അംഗത്വം ആവശ്യപ്പെട്ടത്. അതു തടയുക എന്നതായിരുന്നു യുക്രെയ്ന്‍ ആക്രമിക്കാന്‍ റഷ്യ ഒരു കാരണമായി പറഞ്ഞിരുന്നതും. റഷ്യയുടെ ഈ ആവശ്യം അമേരിക്കയും അംഗീകരിക്കുകയാണ്. നാറ്റോ അംഗത്വമില്ലെങ്കില്‍ പിന്നെ യുക്രെയ്‌നിന് എന്തു സുരക്ഷാ ഉറപ്പാണ് യുഎസ് നല്‍കുക എന്ന സെലെന്‍സ്‌കിയുടെ ചോദ്യത്തിന് അമേരിക്കന്‍ കമ്പനികള്‍ യുക്രെയ്‌നില്‍ ബിസിനസ് നടത്തുന്നിടത്തോളം യുക്രെയ്ന്‍ സുരക്ഷിതമായിരിക്കും എന്ന സന്ദേശമാണു ട്രംപ് നല്‍കുന്നത്.

അമേരിക്കയില്ലാത്ത നാറ്റോയ്ക്ക് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാകും. നാറ്റോയുടെ 4.1 ബില്യന്‍ (410 കോടി) ഡോളര്‍ സൈനികബജറ്റിന്റെ 22% യുഎസ് ആണ് നല്‍കുന്നത്. കഴിഞ്ഞ 3 കൊല്ലത്തെ പോരാട്ടത്തിനു നാറ്റോ രാജ്യങ്ങള്‍ 26,700 കോടി യൂറോ ആണ് യുക്രെയ്‌നിനു സൈനികവും അല്ലാതെയുമുള്ള സഹായമായി നല്‍കിയത്. അതില്‍ പകുതി മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ സംഭാവന. ബാക്കി അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും നല്‍കിയതാണ്. ഇതും അമേരിക്ക നിര്‍ത്തുകയാണ്. ഇതിനൊപ്പം നാറ്റോയ്ക്ക് നല്‍കുന്ന സഹായവും നിര്‍ത്തുന്നത് അമേരിക്കയുടെ പദ്ധതിയിലുണ്ട്. ഇത് നാറ്റോയേയും പ്രതിസന്ധിയിലാക്കും. നാറ്റോ വിടുമെന്ന് ട്രംപ് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ യുക്രെയിനെ നാറ്റോ പിന്തുണച്ചാല്‍ അത് നാറ്റോയുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമായി മാറും. ഇത് മനസ്സിലാക്കിയാണ് ട്രംപുമായുള്ള സെലന്‍സ്‌കിയുടെ മോശം ഇടപെടലിനെ നാറ്റോ വിമര്‍ശിച്ചത്. ട്രംപുമായി നല്ല ബന്ധം സെലന്‍സ്‌കി ഉറപ്പാക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു കഴിഞ്ഞു. ദൗര്‍ഭാഗ്യകരമെന്നാണ് സംഭവത്തെ നാറ്റോ വിശേഷിപ്പിച്ചത്. അതിനിടെ സൈനിക സഹായം യുക്രെയിന് നല്‍കുന്നത് അവസാനിപ്പിച്ചുള്ള ഉത്തരവ് ട്രംപ് ഉടന്‍ പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.

1949 ഏപ്രില്‍ 4-ന് നിലവില്‍വന്ന വടക്കന്‍ അറ്റ്‌ലാന്റിക് ഉടമ്പടി പ്രകാരം പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ. ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് ഇതിന്റെ ആസ്ഥാനം. ബാഹ്യ ശക്തികളില്‍ നിന്നുള്ള ആക്രമണമുണ്ടായാല്‍ അംഗരാഷ്ട്രങ്ങള്‍ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഈ സഖ്യം പ്രധാനമായും ലക്ഷ്യമിടുന്നത്. 12 രാഷ്ട്രങ്ങള്‍ ചേര്‍ന്ന ആരംഭിച്ച ഈ സഖ്യത്തില്‍ ഇപ്പോള്‍ 32 അംഗരാഷ്ട്രങ്ങളുണ്ട്. 1949ല്‍ രൂപംകൊടുത്ത സൈനികസഖ്യത്തില്‍ യു.കെ, ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഇറ്റലി, ഐസ്ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്, നോര്‍വേ, പോര്‍ച്ചുഗല്‍, അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ എന്നിവയായിരുന്നു 12 സ്ഥാപകാംഗങ്ങള്‍.

1947ല്‍ തന്നെ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ സംയുക്ത സൈനിക സംഖ്യങ്ങള്‍ രൂപീകരിച്ചിരുന്നു. 1948ല്‍ ഉണ്ടായിരുന്ന പശ്ചാത്യ സഖ്യസേനയായ വെസ്റ്റേണ്‍ യൂണിയനിലേക്ക് വടക്കേ അമേരിക്കയിലെ രാജ്യങ്ങളായ യൂഎസ്എ, കാനഡ എന്നിവ കൂടിച്ചേര്‍ന്നു നാറ്റോ സൈനിക സംഖ്യമായി മാറുകയായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയന്‍ യൂറോപ്പിലേക്ക് കടക്കുന്നത് തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാര്‍ഥ ലക്ഷ്യം. സോവിയറ്റ് യൂണിയന്‍ തകരുമ്പോള്‍ 16 രാജ്യങ്ങള്‍ മാത്രമുണ്ടായിരുന്ന നാറ്റോയില്‍ ഇന്ന് 32 അംഗങ്ങളുണ്ട്. 1955ല്‍ ജര്‍മ്മനി നാറ്റോ അംഗരാജ്യമായി മാറി. 2020ല്‍ അംഗത്വം നേടിയ മാസഡോണിയയാണ് നവാഗതന്‍. ഇതിലേക്കാണ് യുക്രെയിനും അംഗത്വം ആഗ്രഹിക്കുന്നത്.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, സൗത്ത് കൊറിയ എന്നി രാജ്യങ്ങളും അംഗരാജ്യങ്ങളെപ്പോലെ നാറ്റോയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയാണ്. ഇസ്രായേലും നാറ്റോയുമായി പ്രത്യേക ബന്ധം തന്നെയുണ്ട്. യുക്രെയിന്‍ നാറ്റോ അംഗത്വം നേടാന്‍ ശ്രമിക്കുന്നത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇത് യുദ്ധത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നാറ്റോയ്‌ക്കെതിരായ നിലപാട് നിര്‍ണ്ണായകമാകുന്നത്.

Tags:    

Similar News