ഹൂത്തി വിമതര്‍ക്കെതിരെ വീണ്ടും ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തി; ഗാസയില്‍ ആക്രമണം ആരംഭിച്ചാല്‍ തിരിച്ചടിക്കാന്‍ ഹൂത്തികളും; എല്ലാ സന്നാഹങ്ങളും ഒരുക്കി കഴിഞ്ഞുവെന്ന് പ്രതികരണം
ഹൂത്തി വിമതര്‍ക്കെതിരെ വീണ്ടും ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍
ടെല്‍ അവീവ്: ഹൂത്തി വിമതര്‍ക്കെതിരെ വീണ്ടും ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങി ഇസ്രയേല്‍. ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം ആരംഭിച്ചാല്‍ തിരിച്ചടിക്കാന്‍ ഹൂത്തികള്‍ തയ്യാറെടുപ്പ് നടത്തുന്നു എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അവരെ നേരിടാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ അഞ്ച് പ്രാവശ്യം ഇസ്രയേല്‍ സൈന്യം ഹൂത്തി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം പത്തിനും ഇസ്രയേല്‍ ഹൂത്തികള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു.
യെമനിലെ ഹൂത്തികളുടെ ശക്തികേന്ദ്രങ്ങളായ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പവര്‍ സ്റ്റേഷനുകള്‍
എന്നിവക്ക് നേരേയായിരുന്നു ആക്രമണങ്ങള്‍ നടന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹൂത്തികള്‍ ഇസ്രയേലിലേക്കുള്ള ആക്രമണം നിര്‍ത്തിവെച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഹൂത്തികള്‍ അയച്ച ഒരു മിസൈല്‍ ഇസ്രയേലിലെ പ്രമുഖ നഗരമായ ടെല്‍ അവീവില്‍ പതിച്ചിരുന്നു. മിസൈല്‍ പതിച്ചത് ഒരു ഗ്രൗണ്ടിലായത് കാരണം ആളപായം ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം ഒരു ഹൂത്തി നേതാവ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത് ഇസ്രയേലിനെ ആക്രമിക്കാന്‍ തങ്ങള്‍ എല്ലാ സന്നാഹങ്ങളും ഒരുക്കി കഴിഞ്ഞു എന്നാണ്. ഹൂത്തികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ഇതിന് അനുമതി നല്‍കി കഴിഞ്ഞു എന്നാണ് കരുതപ്പെടുന്നത്. ഇവരെ നേരിടുന്ന കാര്യത്തില്‍ ഇസ്രയേല്‍ ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.
ഇക്കാര്യത്തില്‍ ബൈഡന്‍ ഭരണകൂടത്തേക്കാള്‍ കര്‍ക്കശമായ നിലപാടാണ് ട്രംപ് സര്‍ക്കാരിനുള്ളത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രേയലിലേക്ക് കടന്നു കയറി കൂട്ടക്കൊലയും തട്ടിക്കൊണ്ട് പോകലും നടത്തിയതിന് പിന്നാലെയാണ് ഹൂത്തികള്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നത്. ചെങ്കടല്‍ വഴി കടന്ന് പോകുന്ന ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നതും തട്ടിക്കൊണ്ട് പോകുന്നതും അവര്‍ പതിവാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ നേരിടാനായി അമേരിക്ക എത്തുന്നത്.
അമേരിക്കന്‍ നാവികസേനയുടെ വന്‍ പടകപ്പലുകള്‍ ഈ മേഖലയില്‍ വിന്യസിച്ചു കൊണ്ടാണ് അവര്‍ ഹൂത്തികളെ
നേരിട്ടത്. തുടര്‍ന്ന് കപ്പലുകളെ ആക്രമിക്കുന്നത് ഇവര്‍ നിര്‍ത്തി വെച്ചിരുന്നു. എങ്കിലും ഇസ്രയേലിലേക്ക് ഇടയ്ക്കിടെ മിസൈലുകളും റോക്കറ്റുകളും ഇവര്‍ അയച്ചിരുന്നു. എന്നാല്‍ അവയെല്ലാം തന്നെ ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനം തകര്‍ത്തുകയായിരുന്നു. ടെല്‍ അവീവില്‍ മാത്രമാണ് ഇവരുടെ മിസൈലിന് എത്താന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ സംവിധാനം താറുമാറായ യെമനിലെ പ്രധാന കേന്ദ്രങ്ങളെല്ലാം തന്നെ ഹൂത്തി വിമതര്‍ കൈയ്യടക്കിയിരിക്കുകയാണ്. ഇവിടെ കേന്ദ്രീകരിച്ചാണ് ഇവര്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നത്.