വൈറ്റ് ഹൌസില്‍ ചെന്ന് ആണത്തം തെളിയിച്ച് ഹീറോ ആയി മാറിയ സെലന്‍സ്‌കി പിന്നീട് മാപ്പ് പറഞ്ഞ് കീഴടങ്ങിയിട്ടും പക മാറാതെ ട്രംപ്; അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ മാത്രം പോരാ സെലന്‍സ്‌കി സ്ഥാനം ഒഴിഞ്ഞ് തെരഞ്ഞെടുപ്പും നടത്തണമെന്ന് ട്രംപ്; യുദ്ധം തീരുമോ?
വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ ചെന്ന് ട്രംപിനോട് നേരിട്ട് വാക്കേറ്റം നടത്തി തന്റേടം കാട്ടിയ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി പിന്നീട് മാപ്പ് പറഞ്ഞ് കീഴടങ്ങിയിട്ടും പക തീരാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഇപ്പോള്‍ പുതിയ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ മാത്രം പോരാ സെലന്‍സ്‌കി സ്ഥാനം ഒഴിഞ്ഞ് തെരഞ്ഞെടുപ്പും നടത്തണമെന്നാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്ക നേരത്തേ നല്‍കിയ സൈനിക സഹായത്തിന് പകരമായി യുക്രൈന്റെ ധാതുസമ്പത്ത് വിട്ടുതരണമെന്ന വ്യവസ്ഥയിലും മാറ്റമില്ല എന്നാണ് ട്രംപ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈന് അമേരിക്കയുടെ സൈനിക സഹായവും ഇന്റലിജന്‍സ് സഹായവും ലഭിക്കണമെങ്കില്‍ ഈ രണ്ട് വ്യവസ്ഥകളും സെലന്‍സ്‌കി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ കര്‍ശന നിലപാട്. റഷ്യ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു കൊടുക്കണം എന്നും അമേരിക്ക ആവശ്യപ്പെട്ടു.
അമേരിക്ക പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യുക്രൈന്‍ എന്നൊരു രാജ്യം തന്നെ കാണില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അമേരിക്കയുടേയും യുക്രൈന്റെയും ഉന്നതതല സംഘം ഈയാഴ്ച സൗദി അറേബ്യയിലെ ജിദ്ദയില്‍ ചര്‍ച്ച നടത്തുന്ന സാഹചര്യത്തിലാണ് ട്രംപ് ഇത്തരത്തില്‍ ഒരു ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. യുക്രൈനില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ സെലന്‍സ്‌കി ദയനീയമായി പരാജയപ്പെടുമെന്ന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് സെലന്‍സ്‌കിയെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ബൈഡന്റെ ഭരണകാലത്ത് കോടികണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സ്വീകരിച്ചിട്ടും അതിന്റെ നന്ദി കാണിക്കാത്ത ആളാണ് സെലന്‍സ്‌കിയെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. 2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടായപ്പോള്‍ അമേരിക്ക യുക്രൈന് 350 ബില്ല്യണ്‍ ഡോളറാണ് സഹായമായി നല്‍കിയത്.
എന്നാല്‍, ഈ സഹായത്തിനുള്ള നന്ദി സെലന്‍സ്‌കിക്ക് ഉണ്ടെന്ന് താന്‍ കരുതുന്നില്ല. യുക്രൈന്‍ പ്രസിഡന്റ് വളരെ ബുദ്ധിമാനാണ്, ഒരു കുഞ്ഞില്‍നിന്ന് മിഠായി തട്ടിയെടുക്കുന്ന ലാഘവത്തോടെയാണ് ബൈഡന്‍ ഗവണ്‍മെന്റില്‍ നിന്നും അമേരിക്കയുടെ പണം സെലന്‍സ്‌കി കൈവശപ്പെടുത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. റഷ്യയോട് ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്ത കര്‍ശനമായ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് ട്രംപ് പറയുന്നത്. യൂറോപ്പിലേക്കുള്ള ഇന്ധനവാതക ലൈന്‍ തടഞ്ഞതും റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും താനാണ്. ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ കാര്‍ക്കശ്യത്തോടെ റഷ്യയോട് ഇതുവരെ ആരും പെരുമാറിയിട്ടുണ്ടാവില്ല.
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായി വളരെ മികച്ച ബന്ധം തുടരാനും തനിക്ക് സാധിക്കുന്നുണ്ടെന്നാണ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2019-ലാണ് റഷ്യന്‍ ഇന്ധന പൈപ്പ് ലൈനുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത്. റഷ്യയില്‍നിന്ന് ജര്‍മനിയിലേക്ക് ഇന്ധനം എത്തിക്കുന്നതിന് കടലിനടിയിലൂടെ നല്‍കിയിരുന്ന പൈപ്പ്‌ലൈനായിരുന്നു ഇത്.
2022-ലും തനിക്ക് ഭരണത്തുടര്‍ച്ചയുണ്ടായിരുന്നെങ്കില്‍ റഷ്യ-യുക്രൈന്‍ യുദ്ധം സംഭവിക്കില്ലായിരുന്നുവെന്നും ഇസ്രയേലിനെതിരായ ഹമാസ് ആക്രമണം പോലെയുള്ള ആഗോളസംഭവങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.