റഷ്യന്‍ സൈനികരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും വ്യോമാക്രമണങ്ങളിലെ നാശനഷ്ട തോത് വിലയിരുത്താനും യുക്രെയിനെ സഹായിച്ചിരുന്നത് മാക്സറിന്റെ ഉപഗ്രഹ ചിത്രങ്ങള്‍; ഇത് കൊടുക്കില്ലെന്ന തീരുമാനം നിര്‍ണ്ണായകമായി; പന്ത് ഇപ്പോള്‍ റഷ്യയുടെ കോര്‍ട്ടില്‍; വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമാക്കാന്‍ റഷ്യയിലേക്ക് പ്രതിനിധിയെ അയയ്ക്കാന്‍ ട്രംപ്
ജിദ്ദ : റഷ്യയുമായുള്ള യുദ്ധത്തില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് യുക്രെയിന്‍ പ്രഖ്യാപിക്കുമ്പോള്‍ പന്ത് റഷ്യയുടെ കോര്‍ട്ടിലേക്ക്. ചൊവ്വാഴ്ച അമേരിക്കയുമായുള്ള സംയുക്ത പ്രസ്താവനയിലാണ് യുക്രെയിന്‍ വെടിനിര്‍ത്തലിന് സമ്മതമറിയിച്ചത്. റഷ്യയിലേക്ക് യുക്രെയിന്‍ 337 ഡ്രോണുകള്‍ തൊടുതത്ത് ആക്രമണം കടുപ്പിച്ചതിന് പിന്നാലെ സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ മോസ്‌കോയിലെ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. 'വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുക്രെയിന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇനി തീരുമാനമെടുക്കേണ്ടത് റഷ്യയാണ്. പന്ത് ഇപ്പോള്‍ റഷ്യയുടെ കോര്‍ട്ടിലാണ്'- ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ റൂബിയോ പറഞ്ഞു. അതായത് റഷ്യ കൂടി അംഗീകരിച്ചാല്‍ സമാധാന സാധ്യത തെളിയും. അല്ലാത്ത പക്ഷം അമേരിക്ക എന്തു നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഈ ആഴ്ച അവസാനം മോസ്‌കോയിലേക്ക് പോകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ യുക്രെയിനുള്ള സൈനിക സഹായവും രഹസ്യാന്വേഷണ പങ്കിടലും താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ട്രംപ് ഭരണകൂടം ഭീഷണിമുഴക്കിയിരുന്നു. ഇതാണ് സെലന്‍സ്‌കിയേയും യുക്രെയിനേയും സ്വാധീനിച്ചത്. സൗദി അറേബ്യയില്‍ അമേരിക്കയുമായി ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പും റഷ്യയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയിന്‍ പ്രകോപനം സൃഷ്ടിച്ചു. ഉക്രയ്ന്‍ ആക്രമണത്തില്‍ ചൊവ്വാഴ്ച രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളടക്കം 18 പേര്‍ക്ക് പരിക്ക്. റഷ്യയുടെ പത്ത് മേഖലകളിലേക്കാണ് വ്യാപക ആക്രമണം നടത്തിയത്. കരുത്ത് കാട്ടാനായിരുന്നു യുക്രെയിന്റെ ഈ നീക്കം.
യുക്രെയിന് നല്‍കിവന്ന ഉപഗ്രഹ ചിത്ര സഹായത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക ചില സര്‍മ്മര്‍ദ്ദ തന്ത്രങ്ങള്‍ നടപ്പിലാക്കി. സൈനിക സഹായവും ഇന്റലിജന്‍സ് പിന്തുണയും നിറുത്തിവച്ചതിന് പിന്നാലെയാണ് യുക്രെയിന്‍ വഴങ്ങിയത്. റഷ്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ യുക്രെയിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് യു.എസ്. യു.എസിന്റെ പുതിയ തീരുമാനപ്രകാരം അമേരിക്കന്‍ കമ്പനിയായ മാക്സറില്‍ നിന്നുള്ള യുദ്ധ മേഖലയുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇനി നല്‍കില്ലെന്ന് വന്നതാണ് ഏറ്റവും നിര്‍ണ്ണായകമായത്. റഷ്യന്‍ സൈനികരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും വ്യോമാക്രമണങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ തോത് വിലയിരുത്താനും മാക്സറിന്റെ ഉപഗ്രഹ ചിത്രങ്ങളെ യുക്രെയിന്‍ ഉപയോഗിച്ചിരുന്നു.
യുക്രെയിനിലെ ഉപഭോക്താക്കള്‍ക്ക് ഈ ചിത്രങ്ങള്‍ ഇനി ആക്‌സസ് ചെയ്യാനാകില്ലെന്ന് മാക്സര്‍ അറിയിച്ചിരുന്നു. യു.എസിന്റെ നടപടിയോടെ തങ്ങളുടെ സൈന്യം ഇരുട്ടില്‍ യുദ്ധം ചെയ്യുന്നതിന് തുല്യമായെന്ന് യുക്രെയിന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ റഷ്യ - യുക്രെയിന്‍ യുദ്ധത്തില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് സന്നദ്ധമെന്ന് യുക്രെയിന്‍ അറിയിക്കുകയാണ്. യുഎസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രെയിന്‍ അംഗീകരിക്കുകയായിരുന്നു. സൗദിയില്‍ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് യുക്രെയിന്‍ വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചത്.
വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ചെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചര്‍ച്ചയായി. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുക്രെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.