അസദ് ഭരണകൂടത്തെ വെല്ലുവളിച്ച് സ്വന്തം മേഖലയുണ്ടാക്കിയ കുര്‍ദ്ദുകള്‍; പുതിയ സര്‍ക്കാര്‍ കുര്‍ദ്ദുകളെ സിറിയയുടെ അവിഭാജ്യ ഘടകമായി കണക്കാക്കും; പൗരത്വാവകാശവും ഭരണഘടനാ അവകാശങ്ങളും നല്‍കും; ഏകീകൃത സിറിയ തൊട്ടടുത്തോ?

Update: 2025-03-12 05:32 GMT

ഡമാസ്‌ക്കസ്: സിറിയയില്‍ ദീര്‍ഘകാലമായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന കുര്‍ദ്ദുകളുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ സമാധാന പ്രതീക്ഷ സജീവമാകുന്നു. കുര്‍ദുകളുടെ കൂടി അവകാശങ്ങള്‍ അംഗീകരിക്കുന്ന ഒരു ഏകീകൃത സിറിയക്ക് വേണ്ടിയുള്ള കരാറിലാണ് സിറിയയിലെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയും കുര്‍ദ്ദ് നേതാക്കളും തമ്മില്‍ ധാരണയിലായത്. നിലവില്‍ കുര്‍ദ്ദുകളുടെ നേതൃത്വത്തിലുള്ള റോജാവാ മേഖലയുമായിട്ടാണ് ചരിത്രപരമായ കരാറില്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഡമാസ്‌ക്കസില്‍ നടന്ന ചടങ്ങില്‍ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയും അമേരിക്ക പിന്തുണയ്ക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ നേതാവായ മസ്ലൂം അബ്ദിയുമാണ് കരാറില്‍ ഒപ്പിട്ടത്. നിലവിലെ ഭരണകക്ഷിയായ ഹയാത്ത് താഹിര്‍ അല്‍ഷാമിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുയായിയകളുമായി നടത്തിയ ഏറ്റുമുട്ടലുകളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് കുര്‍ദ്ദുകളുമായി സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെടുന്നത്. റോജാവാ മേഖലയില്‍ ആധിപത്യമുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് 2012 ല്‍ അന്ന് പ്രസിഡന്റായിരുന്ന അസദ് ഭരണകൂടത്തെ വെല്ലുവിളിച്ച് മേഖലയില്‍ സ്വയംഭരണം പ്രഖ്യാപിച്ച തീവ്രവാദ പ്രസ്ഥാനമാണ്.

കരാറിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ സിറിയ ഇറാഖും തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന റോജാവയിലെ വിമാനത്താവളങ്ങളും എണ്ണപ്പാടങ്ങളും എല്ലാം ഇനി മുതല്‍ സിറിയയിലെ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാകും. ഇതിന് പകരമായി സിറിയയിലെ പുതിയ സര്‍ക്കാര്‍ കുര്‍ദ്ദുകളെ സിറിയയുടെ അവിഭാജ്യഘടകമായി കണക്കാക്കും. കുര്‍ദ്ദുകള്‍ക്ക് പൗരത്വാവകാശവും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഇനി മുതല്‍ ലഭിക്കും.

എന്നാല്‍ കുര്‍ദ്ദുകളുടെ സൈനിക വിഭാഗം സ്വയംഭരണാവകാശം നിലനിര്‍ത്തും. തുര്‍ക്കിയുടേയും അവരുടെ പിന്തുണയുള്ള സിറിയന്‍ നാഷണല്‍ ആര്‍മിയുടേയും ആക്രമണത്തെ ചെറുത്തു നില്‍ക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇത്തരത്തില്‍ ഒരു നിനിലപാട് സ്വീകരിച്ചത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ നേതാവായ മസ്ലൂം അബ്ദി കരാറില്‍ സന്തോഷം പ്രകടിപ്പിച്ചു. ചരിത്രപകമായ അവസരം എന്ന് കരാറിനെ വിശേഷിപ്പിച്ച അദ്ദേഹം അസദ് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ തുടച്ചുനീക്കുന്നതില്‍ സിറിയയിലെ സര്‍ക്കാരിനെ എല്ലാ തരത്തിലും സഹായിക്കും എന്നും പ്രഖ്യാപിച്ചു.

എന്നാല്‍ റോജാവയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഐ.എസ് തീവ്രവാദികളുടെ കാര്യത്തില്‍ എന്ത് നിലപാടാണ് ഉണ്ടാകുക എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. എസ്.ഡി.എഫുമായി സിറിയന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അസദിന്റെ അനുയായികളെ പുതിയ സര്‍ക്കാരിന്റെ അനുയായികള്‍ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ കുര്‍ദുകള്‍, ഒരു രാഷ്ട്രവുമില്ലാതെ, സിറിയ, തുര്‍ക്കി, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുകആണ്.

അവര്‍ സ്വയംഭരണത്തിനായി ദീര്‍ഘകാലമായി പോരാടുകയാണ്. അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സിറിയയില്‍ ഇവരെ ക്രൂരമായി അടിച്ചമര്‍ത്തുക ആയിരുന്നു. തുടര്‍ന്ന് 2012 ല്‍ ഉണ്ടായ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അവര്‍ റോജാവയില്‍ സ്വയംഭരണം പ്രഖ്യാപിച്ചത്. തുര്‍ക്കിക്ക് അടുത്തുള്ള കുര്‍ദ്ദുകളുടെ ഭൂരിപക്ഷ മേഖലകളിലെ പ്രധാന നഗരങ്ങളുടെ നിയന്ത്രണം അവര്‍ എറ്റെടുക്കുകയായിരുന്നു. കരാര്‍ നടപ്പിലാക്കുകയാണെങ്കില്‍, ഇരു പാര്‍ട്ടികള്‍ക്കും പ്രയോജനം ലഭിക്കും. ഷാരയെ സംബന്ധിച്ചിടത്തോളം, ഈ കരാര്‍ എച്ച്.ടി.എസ് നയിക്കുന്ന സര്‍ക്കാരിന് വടക്കുകിഴക്കന്‍ സിറിയയുടെ വലിയൊരു ഭാഗത്തിന്റെ അധികാരം ഏകീകരിക്കാനും രാജ്യത്തിന്റെ എണ്ണ, വാതക ശേഖരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കാനും കഴിയും.

Tags:    

Similar News