നാല് ദിവസം കൊണ്ട് ചെറുബോട്ടില്‍ എത്തിയത് 1100 അനധികൃത കുടിയേറ്റക്കാര്‍; ഉപേക്ഷിച്ച റുവാണ്ട പ്ലാന്‍ മറ്റൊരു രീതിയില്‍ തുടങ്ങാന്‍ ലേബര്‍ സര്‍ക്കാര്‍; അഭയം നിഷേധിച്ചാല്‍ ബാല്‍ക്കന്‍ രാജ്യങ്ങളിലേക്ക് മാറ്റും; ബ്രിട്ടണില്‍ പ്രതിസന്ധി രൂക്ഷം

Update: 2025-03-23 02:39 GMT
നാല് ദിവസം കൊണ്ട് ചെറുബോട്ടില്‍ എത്തിയത് 1100 അനധികൃത കുടിയേറ്റക്കാര്‍; ഉപേക്ഷിച്ച റുവാണ്ട പ്ലാന്‍ മറ്റൊരു രീതിയില്‍ തുടങ്ങാന്‍ ലേബര്‍ സര്‍ക്കാര്‍; അഭയം നിഷേധിച്ചാല്‍ ബാല്‍ക്കന്‍ രാജ്യങ്ങളിലേക്ക് മാറ്റും; ബ്രിട്ടണില്‍ പ്രതിസന്ധി രൂക്ഷം
  • whatsapp icon

ലണ്ടന്‍: ചെറു യാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നവരുടെ എണ്ണം ഈ വര്‍ഷം 5000 കടന്നതോടെ, അഭയാഭ്യര്‍ത്ഥന നിഷേധിക്കപ്പെടുന്നവരെ ബാള്‍ക്കന്‍ രാജ്യങ്ങളിലേക്ക് മാറ്റി ഡിറ്റന്‍ഷന്‍ സെന്ററുകളിലാക്കുന്ന കാര്യം ബ്രിട്ടണിലെ ലേബര്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. അല്‍ബേനിയ, സെര്‍ബിയ, ബോസ്‌നിയ, നോര്‍ത്ത് മാസിഡോണിയ തുടങ്ങി പശ്ചിമ ബാള്‍ക്കന്‍ രാജ്യങ്ങളിലെ റിട്ടേണ്‍ ഹബ്ബുകളിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ചെറുയാനങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി സര്‍ കീര്‍ സ്റ്റാര്‍മര്‍ എടുക്കുന്ന നടപടികളുടെ ഭാഗമായ ഈ പദ്ധതിയില്‍, ബാള്‍ക്കന്‍ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന ഓരോ വ്യക്തിയ്ക്കുമായി പണം ബ്രിട്ടന്‍ ഈ രാജ്യങ്ങള്‍ക്ക് നല്‍കും.

ഈ വര്‍ഷം ഇതുവരെ ചാനല്‍കടന്നെത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 5,025 ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 24 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇംഗ്ലീഷ് ചാനല്‍ പൊതുവെ ശാന്തമായിരുന്നു. ഈ ആനുകൂല സാഹചര്യം മുതലെടുത്ത് വെറും നാല് ദിവസങ്ങള്‍ക്കുള്ളില്‍ 1100 പേരെയാണ് മനുഷ്യക്കടത്ത് സംഘം യു കെയിലേക്ക് കടത്തിയത്.

ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് റിട്ടേണ്‍ ഹബ്ബുകള്‍ രൂപീകരിക്കാനുള്ള തീരുമാനം ധൃതഗതിയിലായത്. ഇക്കാര്യത്തില്‍, പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന രാജ്യങ്ങളെ സഹായിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇത്തരത്തില്‍ റിട്ടേണ്‍ ഹബ്ബുകള്‍ ആരംഭിക്കാന്‍ നെതര്‍ലന്‍ഡ്‌സ് ഉഗാണ്ടയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. അഭയാര്‍ത്ഥികള്‍ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ സൂക്ഷിക്കാനുള്ള ഇറ്റലിയുടെ പദ്ധതി പരാജയപ്പെട്ടതോടെ അല്‍ബേനിയയില്‍ രണ്ട് ഡിറ്റന്‍ഷന്‍ സെന്ററുകളാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത്.

ബ്രിട്ടീഷ് നിയമപ്രകാരം സുരക്ഷിതമല്ലാത്ത രാജ്യങ്ങളായി ലിസ്റ്റ് ചെയ്യപ്പെട്ട ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ പോലുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്ന, അഭ്യാഭ്യര്‍ത്ഥന നിരസിക്കപ്പെട്ട അഭയാര്‍ത്ഥികളെ ആയിരിക്കും റിട്ടേണ്‍ ഹബ്ബുകളില്‍ താമസിപ്പിക്കുക. അതേസമയം, സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ, അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതിന് മുന്‍പായി റിട്ടേണ്‍ ഹബ്ബുകളില്‍ താത്ക്കാലികമായി താമസിപ്പിക്കുകയും ചെയ്യും. ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരിന്റെ റുവാണ്ടന്‍ പദ്ധതി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട് നേരത്തെ ലേബര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് മാറ്റുവാനായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് അവരുടെ അഭയാഭ്യര്‍ത്ഥന പരിശോധിക്കുകയും, അവ സ്വീകരിച്ചാല്‍ അവരെ തിരികെ കൊണ്ടുവരികയുമായിരുന്നു പദ്ധതി. എന്നാല്‍, ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നത് അനധികൃതമായി ബ്രിട്ടനിലെത്തുന്നവരുടെ അഭയാഭ്യര്‍ത്ഥന പരിഗണിക്കാനും അത് നിരാകരിക്കപ്പെടുന്നവരെ റിട്ടേണ്‍ ഹബ്ബുകളിലെക്ക് മാറ്റാനുമാണ്.

Tags:    

Similar News