മാസ്‌ക്ക് ധരിച്ചെത്തിയ പ്രത്യേക പോലീസ് സംഘം വളഞ്ഞിട്ട് പിടിച്ചത് നോമ്പ് മുറിക്കാന്‍ നടന്നു പോയ ടര്‍ക്കിഷ് വിദ്യാര്‍ത്ഥിനിയെ; ഹമാസിനെ പിന്തുണച്ചതിന്റെ പേരില്‍ വിസ റദ്ദാക്കി പുറത്താക്കുന്നത് ട്രംപ് കടുപ്പിച്ചപ്പോള്‍ സംഭവിക്കുന്നത്

Update: 2025-03-27 03:58 GMT
മാസ്‌ക്ക് ധരിച്ചെത്തിയ പ്രത്യേക പോലീസ് സംഘം വളഞ്ഞിട്ട് പിടിച്ചത് നോമ്പ് മുറിക്കാന്‍ നടന്നു പോയ ടര്‍ക്കിഷ് വിദ്യാര്‍ത്ഥിനിയെ; ഹമാസിനെ പിന്തുണച്ചതിന്റെ പേരില്‍ വിസ റദ്ദാക്കി പുറത്താക്കുന്നത് ട്രംപ് കടുപ്പിച്ചപ്പോള്‍ സംഭവിക്കുന്നത്
  • whatsapp icon

മേരിക്കയില്‍ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിച്ച് പോലീസ്. കഴിഞ്ഞ ദിവസം നേമ്പ് മുറിക്കാന്‍ നടന്ന് പോയ ടര്‍ക്കിഷ് വിദ്യാര്‍ത്ഥിനിയെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. മാസ്‌ക് ധരിച്ചെത്തിയ പ്രത്യേക പോലീസ് സംഘമാണ് വിദ്യാര്‍ത്ഥിനിയെ വളഞ്ഞിട്ട് പിടികൂടിയത്. മസാച്ചുസെറ്റ്സിലെ ടഫ്റ്റ്സ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയായ റുമേയ്സാ ഓസ്ടര്‍ക്ക് എന്ന 30 കാരിയെ ആണ് പോലീസ് പിടികൂടിയത്.

റമദാന്‍ കാലമായതിനാല്‍ ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി കൂട്ടുകാരെ കാണാന്‍ പോകുന്നതിനിടെ ആണ് ഇവര്‍ പിടിയിലാകുന്നത്. മാസ്‌ക്ക് ധരിച്ച ഐഡന്റിറ്റി കാര്‍ഡ് കഴുത്തില്‍ തൂക്കിയ ആറ് പേരാണ് പെണ്‍കുട്ടിയെ പിടികൂടുന്നതായി ദൃശ്യങ്ങളില്‍ കാണുന്നത്. ആദ്യം രണ്ട് പേരാണ് ഇവരെ സമീപിക്കുന്നത്. ആ സമയത്ത് റുമേയ്സാ പേടിച്ച് നിലവിളിക്കുന്നതായി കാണാന്‍ കഴിയും. തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ആണെന്ന് പിടികൂടാന്‍ എത്തിയവര്‍ പറയുന്നതിന്റെയും എന്തിനാണ് നിങ്ങള്‍ മുഖം മറച്ചിരിക്കുന്നത് എന്ന് ആരോ ചോദിക്കുന്നതിന്റെയും ശബ്ദം വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും.

തുടര്‍ന്ന് പോലീസ് സംഘം വിദ്യാര്‍ത്ഥിനിയെ വിലങ്ങു വെയ്ക്കുകയും സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന കറുത്ത നിറമുള്ള ഒരു എസ്.യു.വിയിലേക്ക് കയറ്റുന്നതും ആണ് കാണുന്നത്. ഡിപ്പാര്‍ട്ട്്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥന്‍മാരാണ് റുമേയ്സയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥിനിയുടെ ചുറ്റുപാടുകളെ കുറിച്ച് തനിക്കും വലിയ അറിവില്ല എന്നാണ് അദ്ദേഹം പറയുന്നത്. റുമേയ്സാക്ക് എതിരെ ഏതൊക്കെ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തത് എന്ന കാര്യവും ഇനിയും വ്യക്തമല്ല. തുര്‍ക്കിയില്‍ നിന്ന് വിദ്യാര്‍ത്ഥി വിസയിലാണ് ഇവര്‍ അമേരിക്കയില്‍ എത്തിയത്. റുമേയ്സയുടെ വിസ റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചതായി സര്‍വ്വകലാശാല അധികൃതരും അറിയിച്ചിട്ടുണ്ട്.

തുടര്‍ന്ന് ഇവരെ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് സര്‍വ്വകലാശാലക്ക് നേരത്തേ പോലീസിന്റെ ഭാഗത്ത് നിന്ന് അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അതേ സമയം എന്ത് കാരണത്തിനാണ് റുമേയ്സയെ അറസ്റ്റ് ചെയ്തത് എന്ന കാര്യം വെളളിയാഴ്ചക്ക് മുമ്പ് അറിയിക്കണമെന്ന് സര്‍ക്കാരിനോട് മസാച്ചുസെറ്റ്സ് ജില്ലാ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അനുമതി കൂടാതെ അവരെ ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പോലീസ് വിശദീകരിക്കുന്നത് വിദ്യാര്‍ത്ഥി വിസയില്‍ അമേരിക്കയിലേക്ക വന്ന റുമെയ്സ ഹമാസ് എന്ന ഭീകരസംഘടനയെ അനുകൂലിക്കുന്നത് കൊണ്ടാണ് അറസ്റ്റിലായത് എന്നാണ്.

വിസ എന്നത് അവകാശമല്ല പദവി മാത്രാണ് എന്നും അമേരിക്കക്കാരെ കൊല്ലുന്ന തീവ്രവാദികളെ മഹത്വവല്‍ക്കരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് കൊണ്ടാണ് വിസ റദ്ദാക്കിയത് എന്നുമാണ് പോലീസിന്റെ വിശദീകരണം. കുറേ നാള്‍ മുമ്പ് സര്‍വ്വകലാശാലയുടെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ ഫലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊലകളെ അപലപിക്കുകയും ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ടഫ്റ്റ്സ് സര്‍വ്വകലാശാലയില്‍ ഗവേഷണത്തിനായി എത്തുന്നതിന് മുമ്പ് റുമെയ്സ പഠിച്ചിരുന്നത് കൊളംബിയ സര്‍വ്വകലാശാലയിലാണ്. ഇവിടുത്തെ പല വിദ്യാര്‍ത്ഥികളും ഹമാസിനെ അനുകൂലിച്ചതിന്റെ പേരില്‍ നാടു കടത്തപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.

Tags:    

Similar News