തുണി കയറ്റുമതിയില്‍ ചൈനയും ബംഗ്ലദേശും വീഴും; ചിപ്പ് കയറ്റുമതിയില്‍ തായ്വാനും; ട്രംപിന്റെ താരിഫ് യുദ്ധത്തില്‍ ലോട്ടറി അടിച്ചത് ഇന്ത്യക്ക്; ഉയര്‍ന്ന നികുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുതിക്കും; കിറ്റക്സിനെ പുതിയ ഫാക്ടറികള്‍ തുറക്കേണ്ടി വരും
ന്യുയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് കൊണ്ടു വന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ആഗോള വിപണിയെ പിടിച്ചുകുലുക്കുകയാണെങ്കിലും ചില രാജ്യങ്ങളെ സംബന്ധിച്ച് പ്രതീക്ഷയുടെ പുതിയ വാതായനങ്ങളാണ് ഇത് തുറക്കുന്നത്. ഏപ്രില്‍ ഒമ്പത് മുതല്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് 27 ശതമാനം വരെ താരിഫ് നേരിടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ട്രംപിന്റെ താരിഫ് ചാര്‍ട്ടില്‍ ഇന്ത്യയുടെ നിരക്ക് 26 ശതമാനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
താരിഫ് വര്‍ദ്ധനവിന് മുമ്പ് വ്യാപാര പങ്കാളികളുമായുള്ള അമേരിക്കയുടെ താരിഫ് നിരക്കുകള്‍ ശരാശരി 3.3 ശതമാനം ആയിരുന്നു. ഇന്ത്യയുടെ താരിഫ് നേരത്തേ 17 ശതമാനം ആയിരുന്നു. എന്നാല്‍ അമേരിക്ക ഇപ്പോള്‍ ചൈനക്ക് മേല്‍ 54 ശതമാനം തീരുവയും തൊട്ട് പിന്നാലെ വിയറ്റ്നാമിനും തായ്ലന്‍ഡിനംു ബംഗ്ലാദേശിനും എല്ലാം ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍ക്കും ഇലക്ട്രോണിക്സ് സാധനങ്ങള്‍ക്കും എല്ലാം പുതിയ വിപണി തുറക്കപ്പെടുന്നു എന്നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് എന്ന സ്ഥാപനം ചൂണ്ടിക്കാട്ടുന്നത്. ചൈനയുടേയും ബംഗ്ലാദേശിന്റയും മേല്‍ ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ വന്‍ അവസരങ്ങളായിരിക്കും പ്രദാനം ചെയ്യുക.
സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്നതില്‍ തായ്വാന്‍ മുന്നിലാണെങ്കിലും, അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ പിന്തുണയും ശക്തിപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയ്ക്ക് പാക്കേജിംഗ്, ടെസ്റ്റിംഗ്, ലോവര്‍-എന്‍ഡ് ചിപ്പ് നിര്‍മ്മാണം എന്നിവയില്‍ വലിയ അവസരങ്ങളായിരിക്കും ലഭിക്കുക. തായ്വാന്റെ മേല്‍ 32 ശതമാനം താരിഫാണ്. അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതും ഇന്ത്യക്ക് അനുകൂല ഘടകമായി മാറാം. യന്ത്രങ്ങള്‍, ഓട്ടോമൊബൈലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ചൈനയും തായ്ലന്‍ഡും താരിഫില്‍ കുടുങ്ങിയിരിക്കുകയാണ്. നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെയും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും അമേരിക്കയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യയ്ക്ക് ഈ സുവര്‍ണാവസരം മുതലെടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഈ അവസരം ഇന്ത്യക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യവും ഉയരുകയാണ്. ഉയര്‍ന്ന താരിഫുകള്‍ ആഗോള കമ്പനികളെ ആശ്രയിച്ചിരുന്ന ഇന്ത്യന്‍ കമ്പനികളുടെ ഉത്പ്പാദന ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും വ്യാപാരക്കമ്മിയും നേരിടുകയാണ്. ട്രംപ് പലപ്പോഴും ഇന്ത്യയെ താരിഫ് രാജാവെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ ട്രംപിനെ ഇന്ത്യക്ക് അനുകൂലമായ നിലപാടുകള്‍ എടുക്കുന്നതിനായി ഇന്ത്യ പല കാര്യങ്ങളും ചെയ്യുന്നുണ്ടായിരുന്നു. അമേരിക്കയുമായി പ്രതിരോധ രംഗത്ത് വന്‍തോതിലുള്ള വ്യാപാരത്തിന് ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നു.
എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തിലും ഇന്ത്യ അമേരിക്കയുമായി ചര്‍ച്ച നടത്തിയിരുന്നു. ആഡംബര കാറുകളുടെയും സോളാര്‍ സെല്ലുകളുടെയും തീരുവ കുറച്ചു. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്തയയിലേക്ക് വരാനായി അന്തിമ അംഗീകാരത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയുമായുള്ള അമേരിക്കയുടെ 45 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിന് ഇരു രാജ്യങ്ങളും വിപുലമായ വ്യാപാര ചര്‍ച്ചകളും തുടരുകയാണ്.
ഏതായാലും ട്രംപിന്റെ താരിഫ് യുദ്ധത്തില്‍ ലോട്ടറി അടിച്ചത് ഇന്ത്യക്ക് തന്നെയാണ് എന്ന് പറയാം. ഉയര്‍ന്ന നികുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുതിക്കും കിറ്റക്സിന്റെ പുതിയ ഫാക്ടറികള്‍ വീണ്ടും തുടങ്ങേണ്ടി വരും എന്ന് ചുരുക്കം.