അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന വിഷയത്തില്‍ തുടങ്ങിയ ഉടക്ക് അതിരു വിട്ടു; കൊളംബിയന്‍ പ്രസിഡണ്ടിന്റെ വിസയും റദ്ദാക്കി അമേരിക്ക; ഐ എം എഫ് യോഗത്തില്‍ പങ്കെടുക്കാനാവാതെ ഒരു രാജ്യം; ട്രംപിനെ പരിഹസിച്ച് നിലപാടില്‍ ഉറച്ച് പെട്രോ

Update: 2025-04-23 04:56 GMT

വാഷിങ്ടണ്‍: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കി അമേരിക്ക. അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന വിഷയത്തില്‍ നേരത്തേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക ഈ തീരുമാനം എടുത്തത് എന്നാണ് കരുതപ്പെടുന്നത്. അമേരിക്കയില്‍ നടക്കുന്ന ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും യോഗങ്ങളില്‍ പെട്രോക്ക് ഇതോടെ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ട്രംപിനെ പരിഹസിക്കുന്ന നിലപാട് തുടരുകയാണ് കൊളംബിയന്‍ പ്രസിഡന്റ്.

ഇപ്പോള്‍ വാഷിംഗ്ടണില്‍ ഉള്ള ധനകാര്യ മന്ത്രി ജെര്‍മന്‍ അവില പെട്രോക്ക് പകരം യോഗങ്ങളില്‍ പങ്കെടുക്കും. കഴിഞ്ഞ ജനുവരിയില്‍ അനധികൃത കുടിയേറ്റക്കാരേയും വഹിച്ചു കൊണ്ടുള്ള രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൊളംബിയയില്‍ ഇറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഈ വിമാനങ്ങളില്‍ കൊണ്ടു വന്ന 160 പേരുടെ കൈകളില്‍ വിലങ്ങണിയിച്ച നടപടിയേയും കൊളംബിയന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൊളംബിയക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കൊളംബിയന്‍ പ്രസിഡന്റിന് വിസ നിഷേധിച്ചത് എന്ന് വേണം കരുതാന്‍. അമേരിക്കയെ വെല്ലുവിളിക്കുന്നവരെ അന്താരാഷ്ട്രതലത്തില്‍ തന്നെ ഒറ്റപ്പെടുത്താനാണ് ഇതിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്.

തനിക്ക് വിസയുടെ ആവശ്യം തന്നെ ഇല്ലായിരുന്നു എന്ന് മന്ത്രിസഭായോഗത്തില്‍ ചൂണ്ടിക്കാട്ടിയ പെട്രോ സംസാരത്തില്‍ ഉടനീളം ഡൊണാള്‍ഡ് ട്രംപിന്റെ പേര് ഡൊണാള്‍ഡ് ഡക്ക് എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ട്രംപിനെ പല തവണ കണ്ടിട്ടുള്ളതായി പറഞ്ഞ പെട്രോ തനിക്ക് നാട്ടില്‍ വേറേ ഒരുപാട് ജോലികള്‍ ഉണ്ടെന്നും വ്യക്തമാക്കി. പെട്രോയുടെ വിസ അമേരിക്ക എപ്പോഴാണ് റദ്ദ് ചെയ്തതെന്ന് ഇ്പ്പോഴും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചിക്കാഗോയില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തിനും ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പരിപാടിയിലും പങ്കെടുക്കാനായി പെട്രോ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. 2023 ഏപ്രിലില്‍ പെട്രോയ്ക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ്ഹൗസില്‍ ആതിഥ്യം നല്‍കിയിരുന്നു.

എന്നാല്‍ നിലവിലെ അമേരിക്കന്‍ ഭരണകൂടവുമായുള്ള അദ്ദേഹത്തിന്റെ അഭിപ്രായഭിന്നത ഇപ്പോഴും തുടരുകയാണ്. കൊളംബിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് കൂടാതെയാണ് കൊളംബിയയിലെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യാത്രാ നിരോധനവും വിസ റദ്ദാക്കലിനും ട്രംപ് നിര്‍ദ്ദേശം നല്‍കിയത്.

അനധികൃത കുടിയേറ്റക്കാരേയും വഹി്ച്ചു കൊണ്ടുള്ള അമേരിക്കന്‍ വിമാനങ്ങള്‍ കൊളംബിയയില്‍ ഇറക്കാന്‍ പെട്രോ നേരത്തേ സമ്മതിച്ചിരുന്നതായും അവ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ അനുമതി നിഷേധിച്ചെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആരോപണം ഉന്നയിച്ചിരുന്നു.

Similar News