മസ്‌ക് പദവി ഉപേക്ഷിച്ച് പോയാലും ഡോജ് 2026 വരെ തുടരും; അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത കൂട്ടുന്നതിനായി രൂപീകരിച്ച സമിതിയില്‍ നിന്നും ലോക കോടീശ്വരന്‍ പിന്‍വാങ്ങും; ടെസ്ലയുടെ ഓഹരികള്‍ വീണ്ടും ഉയരുമ്പോള്‍
അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത കൂട്ടുന്നതിനായി രൂപീകരിച്ച സമിതിയായ ഡോജിന്റെ തലപ്പത്ത് നിന്ന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക് പിന്‍വാങ്ങും. മസ്‌ക്ക് തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയിലെ മസ്‌കിന്റെ കാലാവധി അവസാനിക്കുന്നതിനാല്‍ അദ്ദേഹം പടിയിറങ്ങുമെന്ന് നേരത്തേ അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മസ്‌ക് പദവി ഉപേക്ഷിച്ച് പോയാലും ഡോജ് 2026 വരെ തുടരുമെന്നാണ് കരുതുന്നത്. മസ്‌കിന് ഒരു വലിയ കമ്പനി നടത്താനുണ്ടെന്നും ഒരു സമയത്ത് അദ്ദേഹം തിരികെപ്പോകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, അമേരിക്കന്‍ നിയമപ്രകാരം പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന് 130 ദിവസം മാത്രമേ സര്‍വീസില്‍ തുടരാന്‍ സാധിക്കുകയുള്ളൂ. ഈ കാലാവധി അടുത്ത മാസം അവസാനിക്കുകയാണ്. ട്രംപ് ഭരണകൂടത്തിനായി നീക്കിവയ്ക്കുന്ന സമയം അടുത്ത മാസം മുതല്‍ ഗണ്യമായി കുറയ്ക്കുമെന്നും തന്റെ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ഇലോണ്‍ മസ്‌ക് രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു.
ഡോജിലെ മസ്‌ക്കിലെ ഇടപെടലുകള്‍ വന്‍തോതിലുള്ള ജനരോഷം വിളിച്ചു വരുത്തിയിരുന്നു. മസ്‌ക്കിന്റെ സ്ഥാപനമായ ടെസ്ലയുടെ അമേരിക്കയിലെ മാത്രമല്ല മറ്റ് രാജ്യങ്ങളിലേയും ഷോറൂമുകളിലേക്ക് വന്‍ തോതില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ടെസ്ലയുടെ വാഹനങ്ങളും ചില ഷോറൂമുകളും ജനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ടെസ്ലയുടെ വാഹനങ്ങളുടെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞിരുന്നു. മസ്‌ക്ക് ഡോജില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാരണം കമ്പനിയുടെ കാര്യങ്ങള്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് നിക്ഷേപകരില്‍ നിന്നും പരാതികളും ഉയര്‍ന്നിരുന്നു. ഡോജിലെ ടീമിനെ രൂപീകരിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ പ്രധാന ജോലികളും പൂര്‍ത്തിയാക്കിയതായി മസ്‌ക്ക് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തന്റെ സമയത്തിന്റെ നാല്‍പ്പത് ശതമാനം ഇപ്പോഴും ഡോജിന് വേണ്ടി മാറ്റി വെയ്ക്കാന്‍ തയ്യാറാണ് എന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. മസ്‌ക്ക് ഇക്കാര്യം വെളിപ്പെടുത്തുന്നതിന് തൊട്ടു പിന്നാലെ ടെസ്ലയുടെ ഓഹരികള്‍ ഉയര്‍ന്നിരുന്നു. ചൈനയുടെ മേലുളള താരിഫ് നിരക്കുകള്‍ അമേരിക്ക വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ടെസ്ല കാറുകള്‍ക്കായുള്ള ഘടകങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ടെസ്ല താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇത് ടെസ്ലയുടെ വാഹന നിര്‍മ്മാണത്തെ ദോഷകരമായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മസ്‌ക്ക് ഡോജില്‍ നിന്ന് വിടവാങ്ങുന്നത് സംബന്ധിച്ച ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ്.
സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കാനും ആവശ്യമില്ലാത്ത ജീവനക്കാരെ പിരിച്ചു വിടാനും എല്ലാം നിര്‍ദ്ദേശിച്ച മസ്‌ക്കിന്റെ സേവനങ്ങള്‍ ഏറെ ഗുണം ചെയ്തു എന്ന് ട്രംപ് പ്രശംസിക്കുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിന് പിന്നാലെ അദ്ദേഹം എവിടെ പോയാലും മസ്‌ക്കും ഒപ്പമുണ്ടായിരുന്നു. മസ്‌ക്ക് ഒരു ദുസ്വാധീനമായി മാറുകയാണെന്ന് പലരും വിമര്‍ശനവും ഉന്നയിച്ചിരുന്നു. എന്നാല്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മസ്‌ക്കിന്റെ ഉപദേശം ട്രംപിന് വിനയായി എന്നാണ് പിന്നീട് നടന്ന പല സംഭവങ്ങളും തെളിയിച്ചത്.