'ഹമാസ് ഭീകരാക്രമണത്തിന് പിന്നാലെ നെതന്യാഹുവിനെ ആദ്യം വിളിച്ചത് മോദി'; ആ പിന്തുണ മറക്കില്ല; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ഇന്ത്യയെ 'ഗ്ലോബൽ സൂപ്പർ പവർ' എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഇന്ത്യയെ 'ഗ്ലോബൽ സൂപ്പർ പവർ' എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദെയോൻ സർ. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധം, നൂതനാശയങ്ങൾ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച ആദ്യത്തെ ലോക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു എന്ന വസ്തുത ഞങ്ങൾ മറക്കില്ല. ഇന്ത്യ ഞങ്ങളോടൊപ്പം നിന്നു, ഞങ്ങൾ അത് ഓർക്കും,' ഗിദെയോൻ സാർ പറഞ്ഞു. ഈ പിന്തുണക്ക് ഇസ്രയേൽ പ്രതിപക്ഷമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഇരു രാജ്യങ്ങളും തയ്യാറെടുക്കുകയാണെന്നും മന്ത്രി അറിയിച്ചു. പ്രതിരോധം, കൃഷി, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങൾക്കും ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസ സമാധാന പ്രക്രിയ ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്കുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഹമാസിന്റെ സൈനിക ശക്തിയെ തകർക്കുകയും ഗാസയിലെ അവരുടെ ഭരണം ഇല്ലാതാക്കുകയുമാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭയമുളവാക്കാൻ പട്ടാപ്പകൽ എതിരാളികളെ വധിക്കുന്നത് അവർ തുടരുന്നു. മറ്റൊരാളെ അധികാരത്തിലേറ്റുകയും ഈ ഭീകരഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയുമാണ് അവരുടെ പദ്ധതി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ട്രംപിന്റെ പദ്ധതിയിൽ ഒരു പലസ്തീൻ രാഷ്ട്രം വേണമെന്ന് നിർബന്ധമില്ല, അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പഴയ തെറ്റുകളിൽനിന്ന് ഞങ്ങൾ പാഠം പഠിച്ചു, അവ ഞങ്ങൾ ആവർത്തിക്കുകയില്ല," ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനുള്ള താല്പര്യം മന്ത്രി ഗിദെയോൻ സാർ ആവർത്തിച്ചു. അദാനിയുടെ നിക്ഷേപം, പ്രത്യേകിച്ചും ഹൈഫ തുറമുഖത്തിന്റെ വികസനത്തിൽ, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലകളിലെ വളർച്ച ഇസ്രയേലിന് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
