പ്രോട്ടോക്കോള്‍ തെറ്റിച്ച് കസേര വലിച്ചിട്ട് സെലെന്‍സ്‌കിക്ക് അടുത്തിരുന്ന് ട്രംപ്; ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിനെ കുറ്റപ്പെടുത്തുകയും ചെയ്തു; മരണത്തിലും അത്ഭുതം കാട്ടി പോപ്പ് ഫ്രാന്‍സിസ്
വത്തിക്കാന്‍: മരണത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാണിച്ച അത്ഭുത പ്രവൃത്തി ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നു. വൈറ്റ്ഹൗസില്‍ അടിച്ചു പിരിഞ്ഞ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായി ഡൊണാള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡണ്ട് വൊളാഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ സംസാരിച്ചു. പോപ്പ് ഫ്രാന്‍സിസിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി വത്തിക്കാനില്‍ നടന്ന ഒരു അടിയന്തിര യോഗത്തിനിടയിലായിരുന്നു ഇത് നടന്നത്. വളരെ ഊഷ്മളമായ സമീപനമായിരുന്നു ഇരു നേതാക്കള്‍ക്കും ഉണ്ടായിരുന്നത്.
അതിലേറെ അത്ഭുതം ട്രംപിന്റെ ഉറ്റ സുഹൃത്തായി കണക്കാക്കപ്പെടുന്ന റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനെ ട്രംപ് നിശിതമായി വിമര്‍ശിച്ചു എന്നതാണ്. അടുത്തിടെ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ കടുത്ത ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. നേരത്തെ, ഈ വര്‍ഷം ആദ്യം വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും തര്‍ക്കിച്ചു പിരിഞ്ഞപ്പോള്‍ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു.
ഇപ്പോള്‍ ഇരുവരും തമ്മില്‍ നടന്ന ഊഷ്മളമായ കൂടിക്കാഴ്ച്ചയും, ട്രംപ് പുടിനെ നിശിതമായി വിമര്‍ശിച്ചതും പോപ്പിന്റെ അന്തിമ അത്ഭുത പ്രവൃത്തിയായാണ് ലോകം വാഴ്ത്തുന്നത് എന്ന് പറഞ്ഞ പ്രൊഫസര്‍ ഫാദര്‍ ഫ്രാന്‍സെസ്‌കോ ജിയോര്‍ഡനോ ഇന്ന് ഒരുപാട് നല്ലകാര്യങ്ങള്‍ സംഭവിച്ചു എന്നും സ്‌കൈ ന്യൂസിനോട് പറഞ്ഞു. യുക്രെയിന്‍ അമേരിക്കന്‍ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നു എന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും പറഞ്ഞു. സെലെന്‍സ്‌കിയും ഈ ചര്‍ച്ചകളില്‍ പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് എക്സില്‍ എത്തിയിരുന്നു.
ഒരുപക്ഷെ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയേക്കാവുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഇന്നലെ നടന്നതെന്ന് സെലെന്‍സ്‌കി എക്സില്‍ കുറിച്ചു. നിബന്ധനകളില്ലാതെയുള്ള സമ്പൂര്‍ണ്ണ വെടി നിര്‍ത്തല്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന സമാധാനം, മറ്റൊരു യുദ്ധം ഉണ്ടാകുന്നത് തടയുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറിച്ചു. സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തന്റെ സമാധാനശ്രമങ്ങള്‍ പുടിന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സിവിലിയന്‍ മേഖലകളിലും നഗരങ്ങളിലും മിസൈല്‍ ആക്രമണം നടത്തുന്നതിനു പുടിന് പറയുവാന്‍ ഒരു കാരണമില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. യുദ്ധം നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നതല്ലാതെ മറ്റൊരു കാരണവും അടുത്ത നാളുകളില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ താന്‍ കാണുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇതിനെ മറ്റൊരു രീതിയിലാകും നേരിടുക എന്നും ട്രംപ് അദ്ദേഹത്തിന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആയ ട്രൂത്തില്‍ കുറിച്ചു.